
മുംബൈ: സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാൻസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട പഹ്ലജ് നിഹലാനി കേന്ദ്രസർക്കാരിനെതിരേ രംഗത്ത്. ചില സിനിമകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു വലിയ സമ്മര്‍ദമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കബീര്‍ ഖാൻ സംവിധാനം ചെയ്ത് സൽമാൻഖാൻ നായകവേഷത്തിലെത്തിയ ‘ബജ്റംഗി ഭായ്ജാന്’ ഈദിന് റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് അറിയിപ്പു ലഭിച്ചെന്ന വലിയ ഗുരുതരമായ ആരോപണമാണു നിഹലാനി ഉന്നയിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡയാണോയെന്നു സംശയിക്കുന്നതായും യുട്യൂബ് ചാനലായ ലാഹ്റന് ടിവിക്കു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചു പ്രതിപാദിച്ച അഭിഷേക് ചൗബേ ചിത്രം ‘ഉഡ്താ പഞ്ചാബി’ന് അനുമതി നല്കാതിരിക്കാന് ഒരു കേന്ദ്രമന്ത്രാലയംതന്നെ സമ്മര്‍ദം ചെലുത്തിയെന്നും നിഹലാനി വെളിപ്പെടുത്തി.
ബജ്റംഗി ഭായ്ജാന് ഈദിന് റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തില്‍നിന്നു തനിക്കു ഫോണിലൂടെയാണു നിർദേശം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദു പുരുഷനും മുസ്ലിംസ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചാണു ചിത്രമെന്നു കരുതിയാണു ഫോണിൽ സംസാരിച്ചയാൾ ചിത്രം തടയണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സിനിമ തടയാനാവില്ലെന്നും ആ സിനിമ കാണണമെന്നുമാണ് ഫോൺ വിളിച്ചയാളിനോടു താൻ ആവശ്യപ്പെട്ടതെന്നും നിഹലാനി പറഞ്ഞു. ഉഡ്താ പഞ്ചാബിന്റെ കാര്യത്തിലും സമാന അനുഭവമുണ്ടായി.
ചിത്രത്തിനു പ്രദര്‍ശനാനുമതി നല്കാതിരിക്കാന് ഒരു മന്ത്രാലയത്തില്‍നിന്നു സമ്മര്‍ദമുണ്ടായി. പക്ഷേ, താനതിനു വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്തു പ്രതിലോമകരമായ നിലപാടുകളുടെ പേരില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിച്ച സംവിധായകന് അനുരാഗ് കാശ്യപിനെക്കുറിച്ചും അദ്ദഹം വിമർശനം ഉന്നയിച്ചു. ""തിയേറ്ററില്‍ ഓടില്ലെന്നുറപ്പുള്ള തന്റെ ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് അനുരാഗ് സെന്‍സര്‍ ബോര്‍ഡിനെച്ചൊല്ലി വിവാദങ്ങളുണ്ടാക്കിയത്.''തന്നെ പുറത്താക്കിയതിനു പിന്നിൽ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിക്കു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ദിരാഗാന്ധിയുടെയും മകന് സഞ്ജയ് ഗാന്ധിയുടെയും ജീവിതംപറഞ്ഞ ‘ഇന്ദു സര്‍ക്കാര്‍’ എന്ന ചിത്രത്തിനു കട്ടുകളില്ലാതെ അനുമതി നല്‍കണമെന്നു സ്മൃതി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, മാര്ഗരേഖകള്ക്കനുസരിച്ചു ചരിത്രം വളച്ചൊടിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നു മാത്രമാണു താന്‍ നിർദേശിച്ചതെന്നും നിഹലാനി കൂട്ടിച്ചേർത്തു.
2015 ജനുവരി 19നാണ് അദ്ദേഹം സെൻസർ ബോർഡ് ചെയർമാനായി നിയമിതനായത്. ഉഡ്താ പഞ്ചാബ്, ബോംബെ വെല്‍വറ്റ്, എന്‍എച്ച് 10 തുടങ്ങി ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ വരെ ഒട്ടേറെ ചിത്രങ്ങള്‍ക്കു നിഹലാനി നടത്തിയ സെൻസറിംഗ് വലിയ തോതിൽ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ