
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നും താരങ്ങളുടെ ഒഴുക്കാണ്. ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു പിന്തുണയും കൊടുക്കാതെ കുറ്റാരോപിതനായ നടന് വേണ്ടി ശബ്ദിക്കുന്ന നടന്‍മാരെ വിമര്‍ശിച്ച് നടി സജിതാ മഠത്തില്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ലെന്ന് ലജിത മഠത്തില്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സജിത പുരുഷ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട് എന്ന് സജിത പറയുന്നു.
സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചിലത് പറയാതിരിക്കാനാവില്ല.
ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.
സിനിമയുടെ ഭൂരിപക്ഷ ആണ്‍ലോകം കരുതുന്നതു പോലെ കുറ്റ ആരോപിതര്‍ നിഷ്‌കളങ്കരായിരിക്കാം, അല്ലെങ്കില്‍ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങള്‍ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം. അതാണു സത്യമെന്ന് വിശ്വസിക്കാം.
എനിക്ക് കണ്‍മുമ്പില്‍ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാന്‍ ആവില്ല. അസുഖകരമായ ഓര്‍മ്മകളെ നെഞ്ചില്‍ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാന്‍ അവള്‍ നടത്തുന്ന കൈകാലിട്ടടിക്കല്‍ കാണാന്‍ നിങ്ങള്‍ക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാല്‍ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാന്‍ എന്നു മനസ്സിലാക്കാന്‍ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാല്‍ മാത്രം മതി.
അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആണ്‍ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ