
കൊച്ചി: അമ്പത്തിമൂന്ന് ദിവസത്തെ മൗനവ്രതത്തിനുശേഷം ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേയ്ക്ക് തള്ളിക്കയറുന്ന സിനിമാതാരങ്ങള്‍ക്ക് ദിലീപിനോട് ഇപ്പോള്‍ തോന്നിയ സ്നേഹത്തിന്റെ ആത്മാര്‍ഥതയില്‍ തനിക്ക് സംശയമുണ്ടെന്ന് ദിലീപിനുവേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ സലിം ഇന്ത്യ പറഞ്ഞു. താരങ്ങളുടേത് അഭിനയം മാത്രമാണെന്നും സലിം ആരോപിച്ചു.
ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴും ഇവര്‍ നിശബ്ദത പാലിച്ചു. അറസ്റ്റിന് പിന്നാലെ സംഘടനകളില്‍ നിന്ന് പുറത്താക്കിയപ്പോഴും ദിലീപിനുവേണ്ടി ഒരക്ഷരം മിണ്ടാത്തവര്‍ക്ക് ഇപ്പോള്‍ എങ്ങനെയാണ് ഈ സ്നേഹം പൊട്ടിമുളച്ചത്. കോടതി ശിക്ഷിക്കുന്നതുവരെ അമ്മയിലെ ദിലീപിന്റെ പ്രാഥമിക അംഗത്വം നിലനിര്‍ത്തത്തേണ്ടതായിരുന്നുവെന്നും സലീം പറയുന്നു.
ദിലീപിനെ പുറത്താക്കാതെ മാറ്റിനിര്‍ത്താമായിരുന്നു. കുറ്റവാളിയാണെന്ന് തെളിഞ്ഞ് കോടതി ശിക്ഷിക്കുന്നതുവരെ പ്രാഥമിക അംഗത്വം നിലനിര്‍ത്തേണ്ടിയിരുന്നു. പരമോന്നത കോടതിയായ സുപ്രീം കോടതി ശിക്ഷിക്കുന്നതുവരെ താന്‍ നിരപരാധിയാണെന്ന് സമര്‍ത്ഥിക്കാനുള്ള അവസരം ദിലീപിനുണ്ട്. ഇതിനുവേണ്ടി വാദിക്കാത്തവരാണ് ഇപ്പോള്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത്. ഇതിന് ഇവര്‍ക്ക് എന്ത് ധാര്‍മിക അവകാശമാണുള്ളതെന്നാണ് സലീമിന്‍റെ ചോദ്യം.
കണ്ണീര്‍ തുടയ്ക്കാനുള്ള ഓണപ്പുടവയല്ല ഇപ്പോള്‍ ദിലീപിന് ആവശ്യം. അമ്മയില്‍ എംപിയുണ്ട്. എംഎല്‍എ ഉണ്ട്. അമ്മയിലെ ദിലീപിന്റെ പ്രാഥമിക അംഗത്വത്തിന് വേണ്ടി പോരാടാന്‍ ബാധ്യസ്ഥരായ താരങ്ങളാണ് പ്രാഥമിക അംഗത്വം പുനസ്ഥാപിക്കാതെ കൂട്ടത്തോടെ ദിലീപിനെ സന്ദര്‍ശിക്കുന്നത്. താരങ്ങളുടെ കൂട്ടത്തോടെയുള്ള സന്ദര്‍ശനം ദിലീപിന് ദോഷമേ ചെയ്യൂ. ആക്രമിക്കപ്പെട്ട നടിയും ദിലീപും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പുറത്തിറങ്ങാതെ തന്നെ ദിലീപിന് സിനിമാക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും എന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആരോപിക്കാനെ ഇത് സഹായിക്കൂ. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജി എതിര്‍ത്തതും.
നിയപരമായോ വ്യക്തിപരമായോ ഈ സന്ദര്‍ശനം ദിലീപിന് ദോഷമേ ചെയ്യൂ. കോടതിയുടെ ഓണഅവധി കഴിഞ്ഞാല്‍ ജാമ്യഹര്‍ജി കൊടുക്കാനിരിക്കെ വിപരീത ഫലങ്ങള്‍ ഉണ്ടാകുന്ന ഇപ്പോഴത്തെ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. സലിം പറഞ്ഞു. ദിലീപിന് രേഖകള്‍ കൈമാറാനായി ജയലില്‍ എത്തിയ സലിമിന് ജയില്‍ അധികൃതര്‍ സന്ദര്‍ശാനുമതി നിഷേധിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ