ഫേസ്ബുക്കിലെ കുറിപ്പില്‍ മാത്രം കാര്യമില്ല, മുട്ടുമടക്കരുത്- എ കെ ബാലന് സനല്‍കുമാര്‍ ശശിധരന്റെ തുറന്ന് കത്ത്

Published : Jun 13, 2017, 03:36 PM ISTUpdated : Oct 05, 2018, 03:57 AM IST
ഫേസ്ബുക്കിലെ കുറിപ്പില്‍ മാത്രം കാര്യമില്ല, മുട്ടുമടക്കരുത്- എ കെ ബാലന് സനല്‍കുമാര്‍ ശശിധരന്റെ തുറന്ന് കത്ത്

Synopsis

അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കേന്ദ്രം വിലക്കിയതിരെ കേരളം പ്രതിരോധിക്കണമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മൂന്ന് ചിത്രങ്ങളും ഇത്തവണത്തെ മേളയിൽ പ്രദര്‍ശിപ്പിക്കുന്നതിന് സാഹചര്യമുണ്ടാക്കാൻ നമ്മുടെ സാംസ്കാരിക വകുപ്പ് മുന്നിട്ടിറങ്ങുമോ എന്നറിയാൻ ആഗ്രഹമുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. സാംസ്കാരികവുകുപ്പ് മന്ത്രി എ കെ ബാലന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത തുറന്ന കത്തിലാണ് സനല്‍കുമാര്‍ ശശിധരന്‍ ഇക്കാര്യം പറയുന്നത്.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്


ബഹുമാനപ്പെട്ട സാംസ്കാരികവകുപ്പു മന്ത്രി ശ്രീ എ. കെ. ബാലൻ A.K. Balan വായിച്ചറിയാൻ എഴുതുന്നത്. കേരളം കഴിഞ്ഞ പത്തുവർഷമായി വിജയകരമായി നടത്തിവരുന്ന അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയം വിലക്കിയതിനെതിരെ അങ്ങയുടെ പ്രതിഷേധക്കുറിപ്പ് വായിച്ചിരുന്നു. സാംസ്കാരിക ഫാസിസിസമാണിതെന്നും ഇതിനെതിരെ സാംസ്കാരിക വകുപ്പും സാംസ്കാരിക പ്രവർത്തകരും ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും കേരളം ഇത്തരം ഫാസിസ്റ്റു പ്രവണതകൾക്ക് മുന്നിൽ മുട്ടുമടക്കില്ല എന്നും അങ്ങ് എഴുതിക്കണ്ടു. ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടതുകൊണ്ടോ പത്രപ്രസ്താവന നല്കിയതുകൊണ്ടോ അവസാനിക്കുന്ന ഒരു സംഗതിയല്ല ഇതെന്നും കേന്ദ്ര പ്രക്ഷേപണവകുപ്പ് അനുമതി നിഷേധിച്ച ചിത്രങ്ങൾ ധാർഷ്ട്യത്തോടെ പ്രദർശിപ്പിക്കാൻ കേരള സർക്കാരിന് കഴിയില്ല എന്നും അങ്ങെയ്‌ക്ക് അറിയാവുന്നതാണല്ലോ. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഉപജാപകസംഘടനകൾ നൽകുന്ന പരാതികൾക്കും തലയണ മന്ത്രങ്ങൾക്കും അനുസൃതമായി മാനദണ്ഡങ്ങളൊന്നുമില്ലാതെ ചില ചിത്രങ്ങളെ വിലക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നിൽ കേരളം മുട്ടുമടക്കാതിരിക്കണമെങ്കിൽ ഈ ചിത്രങ്ങൾ എന്തുവിലകൊടുത്തും ഈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയാണ് വേണ്ടത്. അങ്ങയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തീർച്ചയായും ഞങ്ങൾക്കെല്ലാം ആത്മവിശ്വാസവും ഉന്മേഷവും നല്കുന്നതാണെങ്കിലും നമ്മൾ ഈ ഫാസിസ്റ്റു പ്രവണതയ്‌ക്ക് മുന്നിൽ മുട്ടുമടക്കാതിരിക്കാൻ സഹായകമാവുന്നില്ല. പ്രതിഷേധം അറിയിക്കാൻ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമാവുമെങ്കിലും കാര്യമായ പ്രതിവിധി കണ്ടെത്താതെ പ്രതിഷേധം "പ്രകടിപ്പിച്ച്" ഒരു ഒളിച്ചോട്ടം നടത്താനേ അത് പലപ്പോഴും ഉപകരിക്കുന്നുള്ളു. കേന്ദ്രകേന്ദ്രസർക്കാരിന്റെ ഇത്തരം പിന്തിരിപ്പൻ നയങ്ങളെ കേരളത്തിലെ പുരോഗമനസർക്കാർ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയല്ല നേരിടേണ്ടത്. കാര്യക്ഷമമായി എങ്ങിനെയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതെന്ന് വളരെ ഗൗരവപൂർവം ആലോചിക്കേണ്ട സമയമാണിത്. ഈ മൂന്ന് ചിത്രങ്ങളും ഇത്തവണത്തെ മേളയിൽ പ്രദര്ശിപ്പിക്കുന്നതിന് സാഹചര്യമുണ്ടാക്കാൻ നമ്മുടെ സാംസ്കാരിക വകുപ്പ് മുന്നിട്ടിറങ്ങുമോ എന്നറിയാൻ എന്നെപ്പോലെയുള്ള ചലച്ചിത്രപ്രവർത്തകർക്കും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന സാധാരണ പൗരജനങ്ങൾക്കും ആഗ്രഹമുണ്ട്. കേന്ദ്രമന്ത്രാലയത്തിന്റെ നടപടിക്കെതിരെ ഈ ചിത്രത്തിന്റെ സംവിധായകർ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ സമീപിക്കുകയാണ് എന്നറിയുന്നു. ഒരു അഗ്രീവ്‌ഡ്‌ പാർട്ടി എന്ന നിലയിൽ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിക്ക് ഈ കേസിൽ എന്തെങ്കിലും ചെയ്‌യാനാകുമോ എന്നറിയാൻ കൗതുകമുണ്ട്. കേന്ദ്രത്തിന്റെ ഫാസിസ്റ്റനുകൂല നടപടിക്കെതിരെ ഈ ചലച്ചിത്രങ്ങളുടെ സംവിധായകർക്കൊപ്പം നിന്ന് പോരാടാനും ആശയപ്രകാശനത്തിനുള്ള മൗലീകാവകാശത്തിനു വേണ്ടി പൗരർക്കൊപ്പം ശബ്ദമുയർത്താനും മന്ത്രാലയത്തിന് കഴിയുമോ എന്നറിയാനും ആഗ്രഹമുണ്ട്. ഇന്ത്യയിൽ മുഴുവൻ സ്വതന്ത്രചിന്തയ്ക്ക്കും ആവിഷ്കാരസ്വാതന്ത്യ്രത്തിനുമെതിരെ ഫാസിസ്റ്റ് മനോഭാവം പുകഞ്ഞുയരുന്പോൾ ലോകം ഉറ്റുനോക്കുന്നത് നമ്മുടെ കൊച്ചുകേരളം എങ്ങനെ അതിനെ പ്രതിരോധിക്കും എന്നാണ്. നമ്മുടെ നടപടികൾ ഫെയ്‌സ്ബുക്ക് പോസ്റ്റിലൊതുങ്ങുന്നത് സത്യത്തിൽ നമുക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. അങ്ങയുടെ മന്ത്രാലയത്തിൽ നിന്നും ഊർജിതവും കാര്യക്ഷമവും അടിയന്തിരവുമായ നടപടികൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും
വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്