
ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്വകാര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് ആരോപിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഇരകളാക്കപ്പെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള സജി ചെറിയാന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സാന്ദ്ര തോമസ് ചൂണ്ടികാണിക്കുന്നു.
"ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ്. ഇരകളാക്കപ്പെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകൾ ഭാവിയിൽ അവർക്കുണ്ടാകാൻ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നിൽ കണ്ടുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ട് വരുന്നത് , അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകൾ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇരകളാക്കപെട്ട സ്ത്രീകൾ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്.
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോൾ ആ ഗായികയെ ഏഴു വർഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാൾ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയിൽ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ “എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും” എന്നൊക്കെയുള്ള so called മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു." സാന്ദ്ര തോമസ് കുറിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ