വിവാദമായ 'മനോരോഗം' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

By Web TeamFirst Published Dec 11, 2019, 4:07 PM IST
Highlights

നിര്‍മ്മാതാക്കളെ മനോരോഗി എന്ന് പരാമര്‍ശിച്ചു കൊണ്ടുള്ള ഷെയ്ന്‍റെ പ്രസ്താവന പുറത്തു വന്നതോടെ താരസംഘടനയായ അമ്മ ഷെയ്ന് വേണ്ടി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരുന്നു. 

കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുവനടന്‍ ഷെയ്ന്‍ നിഗം. തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും നിര്‍മ്മാതാക്കളെ മുഴുവന്‍ താന്‍ അപമാനിക്കുന്ന രീതിയിലാണ് പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഷെയ്ന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റില്ഡ പറയുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഷെയ്നില്‍ നിന്നും വിവാദപരാമര്‍ശമുണ്ടായത്. നിര്‍മ്മാതാക്കള്‍ക്ക് ഷെയ്നിന്‍റെ പ്രവൃത്തി മൂലം മനോവിഷമുണ്ടായോ എന്ന ചോദ്യത്തിനാണ് നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നറിയില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞത്. 

ഷെയ്നിന്‍റെ വിവാദ പ്രസ്താവന പുറത്തു വന്നതോടെ ഷെയ്നിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിപ്പിക്കാന്‍ താരസംഘടനയായ അമ്മയും ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയിലായി. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒരുവിധം വഴി തെളിഞ്ഞ ഘട്ടത്തിലാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍റെ മനോരോഗി പരാമര്‍ശം ഉണ്ടായത്. ഇതോടെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അമ്മയും തീരുമാനിക്കുകയായിരുന്നു. ഷെയ്ന്‍റെ വിവാദപരാമര്‍ശത്തിലെ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. 

ഷെയ്ന്‍ നിഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്....

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

click me!