
ചല്‍ ഛയ്യ ഛയ്യ എന്ന ഗാനവും ഗാനരംഗവും സിനിമാപ്രേമികള്‍ ഒരിക്കലും മറക്കില്ല. പാഞ്ഞുപോകുന്ന ട്രെയിനിന് മുകളില്‍ ആടിത്തിമര്‍ക്കുന്ന ഷാരൂഖ് ഖാനും മലൈയ്ക അറോറയും. മണിരത്‌നം സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ആ നൃത്തരംഗത്തോടെയാവും. എ.ആര്‍.റഹ്മാന്റെ ഇമ്പമാര്‍ന്ന ഈണം. സുഖ്വിന്ദര്‍ സിംഗും സപ്ന അശ്വതിയും ചേര്‍ന്നാലപിച്ച ഗുല്‍സാറിന്റെ വരികള്‍. സന്തോഷ് ശിവന്‍ ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങള്‍.
എന്നാല്‍, കാഴ്ചയ്ക്കും കേള്‍വിക്കും ഏറെ കുളിരു പകര്‍ന്ന സൂപ്പര്‍ഹിറ്റ് ഛയ്യ ഛയ്യയുടെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍. ഗാനരംഗത്തിന്‍റെ ചിത്രീകരണം അതീവ സാഹസികമായിട്ടായിരുന്നുവെന്നാണ് ഷാരൂഖ് പറയുന്നത്. പുതിയ ചിത്രമായ റയീസിന്റ് പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പിടിഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖിന്‍റെ വെളിപ്പെടുത്തല്‍.
പത്തൊമ്പത് വര്‍ഷം മുമ്പ് സാങ്കേതിക വിദ്യകളെയൊന്നും ആശ്രയിക്കാതെ സ്വാഭാവികമായി എടുത്ത ഗാനരംഗമാണ് ഛയ്യ ഛയ്യയുടെത്. ഞാനൊഴികെ എല്ലാവരും മുന്‍കരുതലെന്നോണം കയര്‍ ഉപയോഗിച്ച് ശരീരത്തെ ട്രെയിനുമായി ബന്ധിപ്പിച്ചിരുന്നു. അതുകൊണ്ട് എനിക്ക് മാത്രമാണ് നന്നായി ഓടാനും ചാടാനും സാധിച്ചത്. ട്രെയിന്‍ പതുക്കെയാണ് ഓടിയിരുന്നത്. എന്നാല്‍ ഞങ്ങളുടെ പാതയില്‍ ഒരുപാട് പാലങ്ങളും മറ്റു തടസങ്ങളുമൊക്കെയുണ്ടായിരുന്നു.
അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ഇന്നത്തെ പോലെ കാര്യമായ ആശയവിനിമയ സംവിധാനങ്ങളൊന്നും അന്നില്ല. ഒരു വെളുത്ത തുണി ഉപോയോഗിച്ചാണ് ആശയ വിനിമയം. നൃത്തരംഗങ്ങള്‍ സംവിധാനം ചെയ്യുന്ന ഫറാ ഖാന്‍ തുണി വീശുമ്പോള്‍ പാലത്തില്‍ തല മുട്ടാതിരിക്കാന്‍ എല്ലാവരും കുനിഞ്ഞിരിക്കണമെന്നാണ് അര്‍ഥം. അങ്ങനെയാണ് ഗാനരംഗം മുഴുവനും ചിത്രീകരിച്ചത്. ഷാരൂഖ് പറയുന്നു.
റയീസിന്‍റെ പ്രചരണവുമായി ബന്ധപ്പെട്ട് ട്രെയിന്‍ യാത്രനടത്തുന്നതിനിടെയാണ് ഷാരൂഖ് മനസ്സുതുറന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ