ബസ് യാത്രയിലെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആര്യ ബാബു
ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യ ബാബു രംഗത്ത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ മരണപ്പെട്ട വ്യക്തിയുടെ മുഖം മാത്രം കാണിക്കുകയും പെൺകുട്ടിയുടെ മുഖം ബ്ലർ ചെയ്യുന്നതിനെയും വിമർശിച്ചുകൊണ്ടാണ് ആര്യ ബാബു രംഗത്തെത്തിയത്.
"എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? പുരുഷന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുന്നുവല്ലോ. ഈ സംഭവം നടക്കുന്നത് ബ്ലര്‍ ആയ ചിത്രത്തിലെ സ്ത്രീ തന്റെ പബ്ലിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൊരു വിഡിയോ പങ്കുവെക്കുന്നതിന് പിന്നാലെയാണ്. തന്നെ എല്ലാവരും വ്യക്തമായി കാണണമെന്ന് അവളാഗ്രഹിച്ചിരുന്നു. നമ്മള്‍ കാണുകയും ചെയ്തു. പിന്നെ ഇപ്പോഴെന്തിന് ബ്ലര്‍ ചെയ്തു? തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യാതൊരു സൂചനയുമില്ലാതിരുന്ന പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. ഇതിനിടെ ഇവിടെ ചിലർ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. കഷ്ടം." ആര്യ ബാബു കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.
അതേസമയം നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണെന്നും വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ വന്ന് അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

