റായീസ് കോടതി കയറുന്നു

By Web DeskFirst Published Dec 23, 2016, 10:43 AM IST
Highlights

ഷാരൂഖ് ചിത്രം റായീസ് കോടതി കയറുന്നു. ചിത്രത്തിനെതിരെ അധോലോക നേതാവ് അബ്‍ദുൾ ലത്തീഫിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അബ്‍ദുൾ ലത്തീഫിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിൽ തെറ്റായാണ് പല കാര്യങ്ങളും ചിത്രീകരിച്ചിരിക്കുന്നതെന്നും അപകീർത്തികരമാണെന്നും ആരോപിച്ചാണ് മകൻ മുഷ്താഖ് ഷെയ്ഖ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

റിലീസിന് ഇനി ഒരു മാസം മാത്രം. ഒന്നിന് പിറകെ ഒന്നായി ഇപ്പോഴും വിവാദങ്ങൾ പിന്തുടരുകയാണ് റായീസിനെ. പാക്കിസ്ഥാൻ നടി മഹീറാ ഖാനെ നായികയാക്കിയതിന്റെ പേരിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന ഉയർത്തിയ ഭീഷണിയും പൊല്ലാപ്പുകളും ഒന്ന് കെട്ടടങ്ങി വരുന്നതേ ഉള്ളൂ. അപ്പോഴാണ് അടുത്ത തലവേദന. ഗുജറാത്തിൽ ജീവിച്ചിരുന്ന അബ്ദുൾ ലത്തീഫ് എന്ന അധോലോകനേതാവിന്റെ ജീവിതത്തെ ആധാരമാക്കിയാണ് സംവിധായകൻ രാഹുൽ ധൊലാക്കിയ റായീസ് ഒരുക്കുന്നതെന്ന വാർത്ത ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രചരിപ്പിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയും മദ്യക്കച്ചവടക്കാരനുമായ അബ്‍ദുൾ ലത്തീഫ് 1997ൽ തടവുചാടാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. അബ്‍ദുൾ ലത്തീഫിനെ ആണ് റായീസിൽ ഷാരൂഖ് അവതരിപ്പിക്കുന്നതെന്ന അഭ്യൂഹങ്ങൾശക്തമായിരുന്നു. എന്നാൽ മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ഒരു വ്യക്തിയുമായും സിനിമയ്ക്കോ കഥാപാത്രങ്ങൾക്കോ ബന്ധമില്ലെന്നാണ് അണിയറക്കാർ എപ്പോഴും പറഞ്ഞിരുന്നത്. ഇത് ഖണ്ഡിച്ചുകൊണ്ടാണ് അബ്‍ദുൾ ലത്തീഫിന്റെ കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അബ്‍ദുൾ ലത്തീഫിന്റെ മകൻ മുഷ്താഖ് ഷെയ്ഖ് സിനിമക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരാതി. സിനിമ റിലീസ് ആകും വരെ കാത്തിരിക്കാനായിരുന്നു അന്ന് കോടതി മുഷ്താഖ് ഷെയ്ഖിനോട് ആവശ്യപ്പെട്ടത്. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതോടെ അബ്‍ദുൾ ലത്തീഫിന്റെ കുടുംബം വീണ്ടും പ്രകോപിതരായി.

ട്രെയിലറിൽ കാണിക്കുന്ന പല രംഗങ്ങളും അച്ഛൻ അബ്ദുൾ ലത്തീഫിന്റെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണെന്നാണ് ഇവരുടെ വാദം. സിനിമയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്ന് പറയുന്നത് കള്ളമാണെന്നും, 2014ൽ തിരക്കഥ എഴുതുന്നതിന് മുന്നോടിയായി അണിയറക്കാർ തങ്ങളുടെ കുടുംബവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും മുഷ്താഖ് ആരോപിക്കുന്നു. സിനിമയിൽ ചിത്രീകരിച്ചത് പോലെ സ്ത്രീകളെ ഉപയോഗിച്ച് അബ്‍ദുൾ ലത്തീഫ് മദ്യക്കച്ചവടം നടത്തിയിട്ടില്ലെന്നും മുഷ്താഖ് ചൂണ്ടിക്കാട്ടുന്നു. അച്ഛൻ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങളൊന്നും സിനിമയിൽ ഇല്ലെന്നും, ഇതെല്ലാം കുടുംബത്തിന് അപകീർത്തികരമാണെന്നുമാണ് മുഷ്താഖിന്റെ വാദങ്ങൾ. എന്തായാലും സിനിമയുടെ റിലീസ് വരെ കാത്തിരിക്കാനാണ് അബ്‍ദുൾ ലത്തീഫിന്റെ കുടുംബത്തിന്റെ തീരുമാനം. ജനുവരി 25ന് സിനിമ ഇറങ്ങിയ ശേഷം കോടതിയെ സമീപിച്ച് പ്രദർശനത്തിന് സ്റ്റേ വാങ്ങുമെന്നാണ് മുഷ്താഖിന്റെ ഭീഷണി. അതല്ലെങ്കിൽ അണിയറക്കാർ 100 കോടി നഷട്പരിഹാരം നൽകണം. അതേ സമയം സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാൽ സത്യാവസ്ഥ മനസ്സിലാകുമെന്ന് അണിയറക്കാരും പറയുന്നു. റായീസിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം.

click me!