
ലിജോ ജോസ് പെല്ലിശ്ശേരി -മോഹൻലാൽ കൂട്ടുകെട്ടിൽ 2024 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. ആ വർഷത്തെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം കൂടിയായിരുന്നു വാലിബൻ. മോഹൻലാൽ- എൽജെപി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത് കൊണ്ടുതന്നെ പ്രീ റിലീസ് ഹൈപ്പുകൾ വലിയ രീതിയിൽ ചിത്രത്തിനുണ്ടായിരുന്നു. എന്നാൽ തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. രണ്ടാം ഭാഗം വരുമെന്ന സൂചനയോട് കൂടിയായിരുന്നു ചിത്രം അവസാനിച്ചത്. എന്നാൽ ഇപ്പോഴിതാ വാലിബൻ ഒറ്റ ഭാഗം മാത്രമായി പ്ലാൻ ചെയ്തിരുന്ന സിനിമയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ഷിബു ബേബി ജോൺ.
"വാലിബൻ ഒറ്റ ഭാഗമായി മാത്രം ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമയാണ്. അതിന്റെ കഥയാണ് സംവിധായകൻ ഞങ്ങളോട് പറഞ്ഞത്. കഥ കേട്ടപ്പോൾ 10 മിനിറ്റ് കൊണ്ട് മോഹൻലാൽ ഓക്കെ പറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ, എന്തുകൊണ്ടോ ആ കഥയിൽ ചില മാറ്റങ്ങൾ അറിയാതെ കടന്നുവന്നു, പല തടസങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാൻ ആരെയും കുറ്റം പറയുന്നില്ല. പക്ഷേ അങ്ങനെയൊരു മാറ്റം സംഭവിച്ചു. അങ്ങനെ വന്നപ്പോൾ ഒരു ഘട്ടമെത്തിയപ്പോഴേക്കും ഇത് രണ്ട് പാർട്ടായി ഇറക്കാമെന്നുള്ള തീരുമാനമുണ്ടായി. ഞാനും മോഹൻലാലുമടക്കം എല്ലാവരും അതിനോട് വിയോജിച്ചു. പറഞ്ഞ സിനിമ തന്നെ എടുത്താൽ മതി എന്ന അഭിപ്രായം പറഞ്ഞു." ഷിബു ബേബി ജോൺ പറയുന്നു.
"പക്ഷേ അവിടെ വന്ന ചില കൺഫ്യൂഷനുകൾ കാരണം, ശക്തമായി രണ്ട് ഭാഗങ്ങൾ ഇറക്കണമെന്ന് പറയുകയും ഞങ്ങളത് പറ്റില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. പക്ഷേ അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ വന്നപ്പോൾ ആദ്യം പറഞ്ഞ കഥയല്ല ഇപ്പോൾ വന്നത്. ഒരുപക്ഷേ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകാൻ നിർബന്ധിതമായിട്ട് കഥ കൊണ്ടുചെന്ന് അവസാനിപ്പിക്കുകയായിരുന്നു. അതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. പ്രതീക്ഷകൾ വളരെ ഹൈ ആയതും ഒരു പ്രശ്നമായി. രണ്ടാം ഭാഗത്തിലേക്ക് പോകാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ ആ പടം കുറച്ച് നന്നായേനെ. എന്തായാലും രണ്ടാം ഭാഗം എന്നൊരു പരിപാടിയില്ല." ചാപ്റ്റർ 4 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
മോഹൻലാലിന്റെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. പി.എസ് റഫീഖ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി തുടങ്ങീ മികച്ച താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ