
കൊച്ചി: ഒടിയന്‍ വിവാദത്തില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പവും മഞ്ജു നിന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. വനിതാ മതിലില്‍ നിന്ന് പിന്‍മാറിയതും 'വിമന്‍ ഇന്‍ സിനിമ കലക്ടീവു'മായി സഹകരിക്കാതെ വിട്ടുനിന്നതും ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാര്‍ മേനോന്‍റെ വിമര്‍ശനം.
ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി. ആരെയാണ് മഞ്ജു പേടിക്കുന്നതെന്നും ശ്രീകുമാര്‍ ചോദിച്ചു.
താന്‍ ചാനലുകള്‍ വഴി വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച് പോസ്റ്റിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
വനിതാ മതിലില്‍ നിന്ന് പിന്‍മാറിയത് തന്‍റെ അറിവില്യായ്മ കൊണ്ടാണെന്നാണ് മഞ്ജു പറയുന്നത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ പരിഹസിക്കില്ലേയെന്ന് ശ്രീകുമാര്‍ ചോദിച്ചു. അപ്പോള്‍ ഇത്രയും കാലം അവര്‍ എല്ലാം കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ ചോദിച്ചു.
വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ആദ്യം സഹകരിച്ച മഞ്ജു വാര്യര്‍ പിന്നീട് അതില്‍ നിന്നും മാറി നില്‍ക്കുന്നു. ഇത്തരത്തിലുള്ള മഞ്ജുവിന്റെ നിലപാട് മാറ്റം അവരുടെ വില കളയും. അവര്‍ ആരാണെന്നും അവരുടെ വില എന്താണെന്നും സ്വയം തിരിച്ചറിയുകയാണ് വേണ്ടത്. സോഷ്യല്‍ സ്റ്റാറ്റസ് നഷ്ടപ്പെടുന്നതിന് മുമ്പ് മഞ്ജു നിലപാട് തിരുത്തണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഒടിയന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ രണ്ടാം വരവിന് നിമിത്തമായതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ