Latest Videos

ചാരായത്തോളം ലഹരി നുരയുന്ന ഒരു ശരീരം മാത്രമായിരുന്നില്ല സില്‍ക്ക് സ്മിത

By Web DeskFirst Published Sep 23, 2017, 11:27 PM IST
Highlights

തെന്നിന്ത്യന്‍ സിനിമയുടെ നിത്യകൗമാരത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 21 വയസ് തികയുന്നു. സിനിമാ ലോകത്തെ മാദകത്തിടമ്പ് എന്ന വിശേഷണമായിരുന്നു എക്കാലവും സില്‍ക്ക് സ്മിതയെ അനശ്വരയാക്കിയത്. എന്നാല്‍ ഇതിനപ്പുറം ഒരു കാലമുണ്ടായിരുന്നു അവള്‍ക്ക്, ഇന്ന് ഉടലഴകില്‍ മാത്രം ഓര്‍മിക്കപ്പെടുന്ന തെന്നിന്ത്യയുടെ മാദകറാണിക്ക്.  മനസും അതില്‍ നിറയെ സ്വപ്‌നങ്ങളും ഉള്ള ഒരു സാധാരണ സ്ത്രീയുടെ കാലം. ഉടലഴകിനപ്പുറം ഒരിക്കല്‍ പോലും അവളെ കാണാത്തവരാണ് നമ്മളില്‍ പലരും. 1996 സംപ്തംബര്‍ 23നാണ് വിഷാദ രോഖത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ അവള്‍ സ്വയം ജീവനൊടുക്കിയത്.

വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയുടെ സിനിമാജീവിതം ആരംഭിച്ചത് വിനു ചക്രവര്‍ത്തി രചിച്ച വണ്ടിചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു. കെ. വിജയന്‍ സംവിധാനം ചെയ്ത ചിത്രം. സില്‍ക്കിന്റെ ചക്രവര്‍ത്തി എന്നറിയപ്പെട്ട ഒരു താരം കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം അന്തരിച്ച നടനും രചയിതാവുമായ വിനു ചക്രവര്‍ത്തി. വീട്ടു ജോലിക്കാരിയായ വിജയലക്ഷ്മിയെ നിറപ്പകിട്ടുള്ള സിനിമാലോകത്തെ സില്‍ക്ക് സ്മിതയാക്കിയത് ചക്രവര്‍ത്തി തന്നെയായിരുന്നു.

വണ്ടിചക്രത്തില്‍ വേഷമിടാന്‍ ഒരു നടിയെ തേടിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ചക്രവര്‍ത്തി പലപ്പോഴും ഓര്‍ത്തെടുത്തിട്ടുണ്ട്. ഓഡിഷന് വന്ന കൂട്ടത്തില്‍ അവളുമുണ്ടായിരുന്നു. വശ്യമായ കണ്ണുള്ള അവളെ അടുത്തു വിളിച്ച് പേര് ചോദിച്ചു, വിജയലക്ഷ്മി, വീട്ടുജോലിക്ക് പോവുകയാണ്. നാട്ടില്‍ ഡാന്‍സ് പരിപാടി ചെയ്യുന്നുണ്ട്-അവള്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ അപാരമായൊരു ഭാവമായിരുന്നു അവള്‍ക്ക്. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പില്‍ക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ആ കണ്ണുകളാണ് അന്ന് സിനിമയിലേക്ക് അവളെ വഴിനടത്തിയതെന്നും ചക്രവര്‍ത്തി ഒരു അഭിമുഖത്തില്‍ ഓര്‍മിച്ചെടുക്കുന്നുണ്ട്. 

എല്ലാവരും പറയുന്നതു പോലെ സില്‍ക്ക് എന്നായിരുന്നില്ല അവളുടെ പേര് സിലുക്ക് എന്നായിരുന്നു. തമിഴ് ചിത്രങ്ങളില്‍ തിളങ്ങിയ അവള്‍ മാദകറാണിയായി. സില്‍ക്കിന്റെ സാന്നിധ്യം അനിവാര്യമായ സിനിമകളുണ്ടായിരുന്നു. അവളുടെ പച്ചമാംസം മാത്രം ആവശ്യമായി മാറിയ സിനിമകളിലേക്ക് അവള്‍ എപ്പോഴാണ് എത്തിപ്പെട്ടതെന്നറിയില്ല. മരണം പോലും അവളോട് അലിവു കാട്ടിയില്ല. അവളുടെ മൃതശരീരത്തില്‍ അടിവസ്ത്രമണിയിച്ച് ചിത്രങ്ങള്‍ പുറത്തിറക്കി. സില്‍ക്കിന്റെ ഓര്‍മകളില്‍ ചക്രവര്‍ത്തിക്ക് പലപ്പോഴും പറയാനുണ്ടായിരുന്നത് ഇതായിരുന്നു.

മരണത്തിന് ശേഷവും എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്നത്. ഞാനും അവളും തമ്മിലുള്ള അണിയറ ബന്ധത്തിന്റെ കഥകളായിരുന്നുവെന്നും ചക്രവര്‍ത്തി പരിതപിക്കാറുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഓരേ മുറിയില്‍ രണ്ടുപേരെയും പൂട്ടിയിട്ടാല്‍ എന്തു സംഭവിക്കും എന്നുവരെ ചോദ്യങ്ങളുയര്‍ന്നതായി ചക്രവര്‍ത്തി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സില്‍ക്ക് തനിക്ക് ആരായിരുന്നെന്ന് പലപ്പോഴും ചക്രവര്‍ത്തി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. നല്ലൊരു അധ്യാപകനായിരുന്നു താന്‍ അവള്‍ക്ക്. അടുത്ത ജന്മത്തില്‍ അവള്‍ എന്റെ മകളായി ജനിക്കാന്‍ കൊതിക്കുന്നു. സിനിമാ ലോകത്ത് സില്‍ക്കിനെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളായ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ വ്യക്തതയുണ്ടായിരുന്നു.

സില്‍ക്കിനെ അറിഞ്ഞവരില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സില്‍ക്കിന്റെ പിന്‍ഗാമി അനുരാധ. അവരായിരുന്നു അവസാന കാലത്ത് അവളുടെ എല്ലാം. മരണത്തിലേക്ക് നടന്നടുത്ത ദിവസം അനുരാധയെ വളിച്ചതും വിഷമം പറയാനുണ്ടെന്ന് അറിയച്ചതുമെല്ലാം അഭിമുഖങ്ങളില്‍ അനുരാധ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി അവള്‍ വിളിച്ചപ്പോള്‍ കാണാന്‍ പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവള്‍ ഇന്നും ഉണ്ടാകുമായിരുന്നു എന്നും അനുരാധ പരിതപിക്കാറുണ്ട്. ആരു മനസിലാക്കാത്ത വിഷമങ്ങളില്‍ കൂടെയുണ്ടായിരുന്നു പലപ്പോഴും അന്ന് അതിന് സാധിച്ചില്ല. ആവശ്യമായ സമയങ്ങളില്‍ അവളെ തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്റെ മാത്രം പരാജയമാണെന്ന് അവര്‍ പശ്ചാത്തപിക്കാറുണ്ടായിരുന്നു.

ഇത്തരത്തില്‍ സില്‍ക്കിനെ അറിഞ്ഞവര്‍, അറിയാതെ പോയ വിജയലക്ഷ്മി എന്ന സാധാരണക്കാരിയുണ്ടായിരുന്നു. ആന്ധ്രാ സ്വദേശികളായ രാമല്ലുവിന്റെയും സരസമ്മയുടെയും മകളായ വിജയലക്ഷ്മി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം നാലാം ക്ലാസില്‍ പഠനം നിര്‍ത്തി. ചെറുപ്പത്തില്‍ തന്നെ ഡാന്‍സിന്റെ ലോകത്തേക്ക്. ആരും വഴികാട്ടാനില്ലാത്ത നൃത്തലോകത്ത് അവള്‍ പലതും അഭ്യസിച്ചു. പിന്നീട് കുറച്ചുകാലം സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്ത നടിക്ക് സഹായിയായി. ബെഡി എന്ന കന്നട ചിത്രത്തില്‍ ചെറുവേഷം ചെയ്തു.

എന്നാല്‍ വണ്ടിചക്രം തന്നെയായിരുന്നു സില്‍ക്കിന്റെ ജീവിതം മാറ്റി മറിച്ചത്. എണ്‍പതുകള്‍ അവള്‍ക്ക് വസന്തകാലമായിരുന്നു. 450ലധികം ചിത്രങ്ങളില്‍ അവള്‍ വേഷമിട്ടു. ശരീരം ആവശ്യപ്പെട്ട സിനിമകള്‍ക്കായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് യാത്ര തുടങ്ങിയ കാലവും ഇതുതന്നെ. അന്ന് 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവള്‍ സ്വയം ഇല്ലാതാക്കിയപ്പോള്‍ സിനിമാ ലോകത്തിന് അത് ചിലര്‍ക്ക് ഞെട്ടലുകള്‍ മാത്രമായി ഒതുങ്ങി. അങ്ങനെ എവിടെയൊക്കെയോ എന്തൊക്കെയോ ബാക്കിയാക്കി അവള്‍ യാത്രയായപ്പോള്‍ സിനിമാലോകത്തിന് അവളുടെ രക്തവും മറ്റൊരു ചവിട്ടുപടി മാത്രമായി മാത്രം ഒതുങ്ങുകയായിരുന്നു.
 

click me!