സോലോ ഒറ്റയ്ക്കാകില്ല; കാണികള്‍ കൂടെയുണ്ടാകും

By ജോമിറ്റ് ജോസ്First Published Oct 5, 2017, 2:32 PM IST
Highlights

ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിലെ സൂപ്പര്‍താരമാക്കി അടയാളപ്പെടുത്തുന്നു ബിജോയി നമ്പ്യാരുടെ ആദ്യ മലയാള ചിത്രം. മലയാളത്തില്‍ ബോളിവുഡ് ശൈലിയില്‍ ഒരുക്കിയ പ്രണയ ത്രില്ലറാണ് സോലോ. ട്രെയിലറും ടീസറും പ്രേക്ഷകരിലുണര്‍ത്തിയ ആകാംഷയെ തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്കു കഴിഞ്ഞു. മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളുടെ കൂട്ടത്തിലേക്ക് ബിജോയി നമ്പ്യാര്‍ സോലോയെ ചേര്‍ത്തുവെക്കുന്നു. ദുല്‍ഖറിനൊപ്പം ബിജോയി നമ്പ്യാരുടെ ഡയറക്ടര്‍ ക്രഫ്‌റെറന്നും സിനിമയെ വിളിക്കാം. സാങ്കേതിക മികവ് കൊണ്ട് ബോളിവുഡ് സിനിമയുടെ അനുഭവം നല്കുന്ന മലയാള സിനിമയാണ് സോലോ. എന്നാല്‍ അല്‍പം സൂക്ഷ്മ നിരീക്ഷണം ആവശ്യപ്പെടുന്നുണ്ട് സിനിമ.

ഇന്ത്യയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനയതാക്കളെയും അണിനിരത്തിയുള്ള സംവിധായകന്‍റെ സംയോജന മികവാണ് സോലോയുടെ ആത്മാവ്. പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും കാതല്‍ ബിജോയി നമ്പ്യാരുടെ തിരക്കഥയ്‌ക്ക് ശക്തി പകരുന്നു. ശിവന്‍റെ അവതാരങ്ങളായ ശേഖര്‍, ശിവ, ത്രിലോക്, രുദ്ര എന്നീ നാല് കഥാപാത്രങ്ങളെ നാല് കഥകളായി അവതരിപ്പിക്കുന്നു ചിത്രത്തില്‍. അതോടൊപ്പം ഭൂമി രുദ്രയായും, തീ ശിവയായും, ജലം ശേഖറായും, കാറ്റ് ത്രിലോകായും ചലച്ചിത്രരൂപമാകുന്നു. ചടുലമായ പരിചരണം കൊണ്ട് പ്രേക്ഷകര്‍ക്കുള്ള ദൃശ്യ- ശ്രവ്യ വിരുന്നാണ് സോലോ.

നാല് കഥകള്‍ക്കും വേറിട്ട കഥാപാത്രങ്ങളെയും അഭിനേതാക്കളെയും നല്‍കിയാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. നാല് കഥാപാത്രങ്ങളെയും മികച്ചതാക്കി ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഭ കാട്ടി. സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന വിക്കനായ ആദ്യ കഥാപാത്രം മുതല്‍ പട്ടാളക്കാരനായി വേഷമിടുന്ന അവസാന കഥാപാത്രം വരെ ദുല്‍ഖര്‍ നിറഞ്ഞുനില്‍ക്കുന്നു സിനിമയില്‍. അതോടൊപ്പം ശക്തമായ നായികാ പ്രാധാന്യമുള്ള സിനിമ കൂടിയാണിത്. ഇതില്‍ സായ് ധന്‍സികയുടെ അന്ധയായുള്ള കഥാപാത്രം ഏറെ പ്രശംസനീയമാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ തിരക്കഥയിലെ സൂഷ്മതലത്തെ അടയാളപ്പെടുത്തുന്നു.

നായികമാരായെത്തിയ സായ് ദന്‍സിക, നേഹ ശര്‍മ്മ,  ആന്‍ വര്‍ഗിസ്, സായ് തംഹന്‍കര്‍, ആരതി വെങ്കിടേഷ് എന്നിവര്‍ തിളങ്ങി. അതോടൊപ്പം ആന്‍ വര്‍ഗിസിന്‍റെ ശക്തമായ തിരിച്ചുവരവ് ചിത്രം സമ്മാനിക്കുന്നു. സൗഭിന്‍ താഹിര്‍, ദിനോ മൊറിയ, പ്രകാശ് ബല്‍വാഡി, സിദ്ധാര്‍ത്ഥ് മേനോന്‍, രഞ്ജി പണിക്കര്‍, മനോദ് കെ ജയന്‍, ഗോവിന്ദ് മേനോന്‍, ദിനേശ് പ്രഭാകര്‍, ആന്‍സണ്‍ പോള്‍, മണിക് ജോരാ എന്നിവരും കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കി. ഒപ്പം സംവിധായകനായ കൗശിക് മുഖര്‍ജിയും തെന്തിന്ത്യന്‍ അഭിനയ വിസ്‌മയങ്ങളായ സുഹാസിനിയും നാസറും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. 

സോലോയ്‌ക്ക് മികച്ച ദൃശ്യ പരിചരണം നല്‍കാന്‍ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍, മധു നീലകണ്ഠന്‍, സെജല്‍ ഷാ ടീമിനായി. നീലാകാശത്തിനും ഗപ്പിക്കും ശേഷം ഗിരീഷ് ഗംഗാദരന്‍ ക്യാമറ കൊണ്ട് വിസ്മയിപ്പിക്കുന്നു. വാനപ്രസ്ഥം, ഗുരു. പഴശ്ശിരാജ, അലൈപായുതേ തുടങ്ങിയ മികച്ച സിനിമകള്‍ എഡിറ്റ് ചെയ്ത എം ശ്രീകര്‍ പ്രസാദ് നിരാശനാക്കിയില്ല. ത്രില്ലര്‍ സിനിമയ്ക്ക് വേഗവും ഉശിരും നല്‍കാന്‍ ശ്രീകര്‍ പ്രസാദിനായി. മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിലുള്ള 20 ഗാനങ്ങളും സിനിമയെ ശ്രവ്യ വിസ്മയമാക്കുന്നു. പ്രണയവും പ്രതികാരവും കണ്ണീരും ആവോളമുള്ള സിനിമയെ പശ്ചാത്തലസംഗീതം തീവ്ര അവതരണമാക്കുന്നു.

കേരളവും ബോംബെയും അടക്കമുള്ള വിവിധ ലൊക്കേഷനുകളുടെ കൂടിച്ചേരല്‍ സിനിമയെ ദൃശ്യസമ്പന്നമാക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷാ വൈവിധ്യം കാഴ്ച്ചക്കാരനെ കുഴപ്പിച്ചേക്കാം. കഥയില്‍ വലിയ പ്രധാന്യമില്ലെങ്കിലും ശിവാവതാരങ്ങളെ ചുറ്റിപറ്റിയുള്ള കഥപറച്ചില്‍ കാഴ്ച്ചക്കാരന് ആയാസമായേക്കും. എന്നാല്‍ അവ മാറ്റിനിര്‍ത്തി കണ്ടാല്‍ കാഴ്ച്ചക്കാരന് വിസ്മയം തന്നെയാകും സോലോ. പ്രണയവും പ്രതികാരവും മരണവും സസ്പെന്‍സും ചേര്‍ന്ന നാല് സിനിമകളുടെ വൈകാരിക അനുഭവമാകുന്നു സോലോ. 

tags
click me!