
തമിഴിലെ സൂപ്പര്‍ സംവിധായകനാണ് എ.ആര്‍ മുരുഗദോസ്, ഭാഷയുടെ അതിര്‍വരമ്പുകളെ കടന്ന് ചലച്ചിത്രങ്ങള്‍ പിടിക്കുന്ന തമിഴിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍. ഇത്തവണ ബഹുഭാഷ ചിത്രവുമായാണ് മുരുകദോസ് എത്തുന്നത്. കൂട്ടുപിടിക്കുന്നത് തെലുങ്ക് സിനിമയിലെ പ്രിന്‍സ് മഹേഷ് ബാബുവിനെ. ഈ വര്‍ഷം തെന്നിന്ത്യ ഒന്നാകെ പ്രതീക്ഷ പുലര്‍ത്തിയ ചിത്രമാണ് സ്‌പൈഡര്‍. എന്നും ആക്ഷന്‍ ത്രില്ലറുകളില്‍ കൃത്യമായി ചേര്‍ത്ത സന്ദേശവുമായി പടം പിടിക്കുന്ന മുരുകദോസ് എന്നാല്‍ മഹേഷ് ബാബുവിനെ കൂട്ട്പിടിച്ച് എടുത്ത സ്‌പൈഡറില്‍ കാര്യമായ കഥയൊന്നും ഇല്ല.
ലക്ഷങ്ങള്‍ ശമ്പളം കിട്ടാവുന്ന ശിവ എന്ന യുവാവ്, പാവങ്ങളെ സഹായിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രത്തില്‍ നാട്ടുകാരുടെ ഫോണും ചോര്‍ത്തി സംഭാഷണങ്ങളും കേട്ട് ഇങ്ങനെ അടിപൊളിയായി ജീവിച്ചുവരുകയാണ്. അതിനിടയിലാണ് രക്ഷകന് രക്ഷിക്കാന്‍ കഴിയാതെ രണ്ടുപേര്‍ കൊല്ലപ്പെടുന്നത്. ഈ വിഷമത്തില്‍ രാജിവച്ച് വീട്ടിലിരിക്കുന്ന നായകന് അച്ഛന്റെ പ്രസംഗം നല്‍കുന്ന ഊര്‍ജത്തില്‍ കൊലപാതകിയെ പിടിക്കാന്‍ ഇറങ്ങുന്നു. ഇത് ചെന്നെത്തുന്നത് ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ ചുറ്റും മുഴങ്ങുന്ന കരച്ചില്‍ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു സൈക്കോ കില്ലറില്‍. ഇവര്‍ തമ്മിലുള്ള ക്യാറ്റ് മൗസ് കഥയാണ് സംഗതി.
സ്വകാര്യത എന്നത് പൗരവകാശമാകുന്ന കാലത്ത്, നീയൊക്കെ സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെടാ, എന്ന തരത്തിലാണ് സംവിധായകന്‍ ഐബി സെറ്റപ്പുകള്‍ അവതരിപ്പിക്കുന്നത് എന്നത് തലച്ചോറ് തിയറ്ററിന് പുറത്ത് വിട്ട് പോയാലും, എന്താടെ ഇത് എന്ന് ചിന്തിപ്പിക്കും. അല്ലെങ്കിലും പ്രതീക്ഷിക്കാത്ത വിഭാഗങ്ങളെ ആക്ഷനില്‍ പങ്കാളിയാക്കി പ്രേക്ഷകനെ ഞെട്ടിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് എആര്‍ മുരുഗദോസ്, അതിന്റെ ഉദാഹരണം ഏഴാം അറിവ്, അക്കീര എന്നീ ചിത്രങ്ങളിലെ പോലെ ഇതിലും കാണാം.വീട്ടമ്മമാരെക്കൊണ്ട് നടത്തുന്ന ഓപ്പറേഷന്‍ അതീവ ബോറായി തന്നെ മുഴച്ച് നില്‍ക്കുന്നുണ്ട്.
മുങ്ങാന്‍ പോകുന്ന കപ്പലിന്റെ അവസ്ഥയില്‍ മുങ്ങാതെ താങ്ങിനിര്‍ത്തുന്ന ഒരാളുടെ പ്രകടനം മാത്രമാണ് ചിത്രത്തെ അല്‍പ്പമെങ്കിലും മെച്ചമുണ്ടാക്കുന്നത്. അത് എസ്‌ജെ സൂര്യയാണ്. ചുടല എന്ന സൈക്കോ പാത്ത് കില്ലറായി എസ്‌ജെ സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇടവേളയോടെയാണ് എന്നാല്‍ പിന്നീട് മഹേഷ് ബാബുവും സൂര്യയും ഒന്നിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വേളയില്‍ എല്ലാം താരമാകുന്നത് വില്ലന്‍ തന്നെ. ഒരോ സീനിന്റെ അവസാനത്തിലും നായകന് വലിച്ച് കയറിവരാന്‍ തിരക്കഥയില്‍ ഒരോ പിടിവള്ളി ഇട്ടുകൊടുക്കേണ്ട ഗതികേട് സംവിധായകന് വന്നോ എന്ന് തോന്നും പലരംഗങ്ങളിലും
മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഒന്നും വരാതെ അഭിനയിക്കാന്‍ ശേഷിയുള്ള തെലുങ്കുതാരത്തെ എസ് ജെ സൂര്യയ്ക്ക് മുന്നില്‍ ഇട്ട് കൊടുത്തത് വഴി ശരിക്കും ഒരു ട്രോളാണോ, മുരുഗദോസ് ഉദ്ദേശിക്കുന്നത് എന്ന് തോന്നും ചിത്രം കഴിയുമ്പോള്‍. പതിവ് പോലെ പാട്ടുകള്‍ വന്ന് പോകുന്നു. തന്റെ ഫോമിന്റെ ഏഴ് അയലത്ത് എത്തുന്നില്ല ഹാരീസ് ജയരാജിന്റെ സംഗീതം എന്ന് പറയേണ്ടിവരും. പീറ്റര്‍ ഹെയിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി വളരെ ദരിദ്രമായ ഗ്രാഫിക്‌സ് രംഗത്തോട് ചേരുന്നതോടെ പരിതാപകരം എന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സംഘടന രംഗങ്ങളും, പിന്നെ വലിയ പാറയുടെ സീനും. എന്തായാലും എന്തിനോ ഓടുന്ന രണ്ട് പാട്ട് വയ്ക്കാന്‍ മാത്രമായി ഒരു നടിയും പ്രേമം ട്രാക്കും ചിത്രത്തിലുണ്ട്. കുറ്റം പറയരുതല്ലോ രാഗുല്‍ പ്രീത് സിംഗ് ഏല്‍പ്പിച്ച ജോലി ഭംഗിയാക്കുന്നു.
എന്തായാലും ഒരു ത്രെഡ് കിട്ടിയാല്‍ അത് വികസിപ്പിക്കാന്‍ മുരുകദോസിന് അറിയാം. ഷോട്ട് ടൈം മെമ്മറി എന്നത് ഗജനിയായതും, സ്ലീപ്പര്‍ സെല്‍ തുപ്പാക്കിയായതും കണ്ടതാണ്. എന്നാല്‍ തെലുങ്ക് താരത്തെ പിടിച്ചുള്ള ഈ ശ്രമം ശരിക്കും കത്തിയായി. പ്രേക്ഷകന്റെ കഴുത്തില്‍ വയ്ക്കുന്ന കത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ