ഒരു വിവാഹത്തോടെ ചിതറിപ്പോയ കുടുംബം ഒരു മരണത്തോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു

By Web DeskFirst Published Mar 2, 2018, 3:36 PM IST
Highlights
  • ഒരു വിവാഹത്തോടെ ചിതറിപ്പോയ  കുടുംബം ഒരു മരണത്തോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു
  • തന്റെ വരവോടെ തകര്‍ന്നു പോയ ചില കണ്ണികള്‍ വിളക്കി ചേര്‍ത്താണ് അവര്‍ വിട പറയുന്നത്

ചലചിത്ര മേഖലയിലുള്ളവരെയും ആരാധകരേയും ഒരേ പോലെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. എന്നാല്‍ മരണ ശേഷം ശ്രീദേവിയ്ക്ക് ആശ്വസിക്കാം. ബോണി കപൂറിന്റെ ജീവിതത്തിലേയ്ക്ക് തന്റെ വരവോടെ തകര്‍ന്നു പോയ ചില കണ്ണികള്‍ വിളക്കി ചേര്‍ത്താണ് അവര്‍ വിട പറയുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ ആദ്യവിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂറും  സഹോദരി അന്‍ഷുലയുമാണ് ബോണി കപൂറിനും അര്‍ദ്ധ സഹോദരങ്ങള്‍ക്കും താങ്ങായി നിന്നത്. ശ്രീദേവിയുടെ മരണമറിഞ്ഞ് മുംബൈയിലെത്തിയ അര്‍ജുന്‍ കപൂര്‍ പിന്നീട് ദുബായിലേയ്ക്ക് പോവുകയും പിതാവ് ബോണി കപൂറിനൊപ്പം ശ്രീദേവിയുടെ മൃതദേഹത്തെ അനുഗമിക്കുകയും ചെയ്തിരുന്നു. 

ബാല്യത്തിലുണ്ടായ തിക്താനുഭവങ്ങള്‍ മറന്ന് അര്‍ദ്ധ സഹോദരിമാര്‍ക്ക് താങ്ങായി നിന്ന അര്‍ജുന്‍ കപൂറിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. ബോണിയുടെ ആദ്യഭാര്യ മോനയില്‍ അര്‍ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. 1990 കളുടെ തുടക്കത്തില്‍ ശ്രീദേവിയുമായി ബന്ധം ആരംഭിച്ച ബോണി ശ്രീദേവി ഗര്‍ഭിണിയായപ്പോള്‍ മോനയേയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്.  2012ല്‍ അര്‍ജ്ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചിരുന്നുമില്ല. 

നേരത്തെ  ഒരു അഭിമുഖത്തില്‍ ശ്രീദേവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. "അവര്‍ എന്‍റെ അച്ഛന്‍റെ ഭാര്യയാണ്, എന്റെ അമ്മയല്ല, അവരുടെ കുട്ടികള്‍ എന്‍റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, അച്ഛനോടും, ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ട്". 

എന്നാല്‍ അതേ അര്‍ജുന്‍ കപൂറാണ് ശ്രീദേവിയുടെ മരണത്തോടെ തകര്‍ന്ന അര്‍ദ്ധ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നിന്നത്. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ട് പിതാവ് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അര്‍ജുന്‍ പിതാവിന് പിന്തുണയുമായി ദുബായിലുമെത്തി. പിന്നീട് സംസ്കാര ചടങ്ങുകളില്‍ ഉടനീളം അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുലയുമുണ്ടായിരുന്നു.  കല്‍ ഹോ നാ ഹോ, വാണ്ടഡ് എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ്  ഡയറക്ടറായി പ്രവര്‍ത്തിച്ചശേഷം ഇഷ്‌ക്‌സാദെ എന്ന ചിത്രത്തിലൂടെ ഒരു നടന്‍ എന്ന നിലയില്‍ മികച്ച അഭിനയമാണ് അര്‍ജ്ജുന്‍‌ കാഴ്ചവെച്ചത്. തുടര്‍ന്ന് കൈനിറയെ ചിത്രങ്ങളാണ് അര്‍ജുനെ തേടിയെത്തിയത്. 
 

click me!