
തമിഴ് നടന്‍ ജോണ്‍ വിജയ്‌ക്കെതിരേ മി ടൂ ആരോപണവുമായി പ്രമുഖ ടെലിവിഷന്‍ അവതാരക ശ്രീരഞ്ജിനി ടി എസ്. 2014ല്‍ ജോണില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ശ്രീരഞ്ജിനി ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലൈംഗികവൈകൃതമുള്ള വ്യക്തിയാണ് ജോണ്‍ വിജയ് എന്നും അദ്ദേഹത്തിന്റെ പരസ്യക്കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രീരഞ്ജിനി പറയുന്നു.
ജോണ്‍ വിജയ്‌യെക്കുറിച്ച് ശ്രീരഞ്ജിനി
"ജോണ്‍ വിജയ്‌യുമായി ഞാനൊരു അഭിമുഖം നടത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ഒരു അര്‍ധരാത്രിയില്‍ പൊടുന്നനെ അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. അഭിമുഖം എപ്പോഴാണ് സംപ്രേഷണം ചെയ്യുക എന്നത് അറിയിക്കാഞ്ഞതിലുള്ള ബുദ്ധിമുട്ട് അറിയിച്ചു. പാതി ഉറക്കത്തിലായിരുന്ന ഞാന്‍ പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ സംഭാഷണം തുടരാനുള്ള ശ്രമമായിരുന്നു അങ്ങേത്തലയ്ക്കല്‍. ഫോണ്‍ സെക്‌സിനുള്ള സാധ്യതയാണ് ആ സംഭാഷണത്തിലൂടെ അയാള്‍ അന്വേഷിച്ചത്. മര്യാദയോടെ നോ പറയാന്‍ പറ്റാത്ത സ്ഥിതി ആയതോടെ അയാളുടെ ഭാര്യയോട് ഇക്കാര്യം പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. പൊതുവേദിയിലല്ലാതെ ഞങ്ങള്‍ തമ്മില്‍ നടന്ന അവസാന സംഭാഷണമായിരുന്നു അത്.
പല പെണ്‍കുട്ടികളും ജോണില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ നിന്ന് പല പെണ്‍കുട്ടികളെയും ഞാന്‍ തടഞ്ഞിട്ടുണ്ട്.
കബാലിയുടെ മലേഷ്യ ഷെഡ്യൂളില്‍വച്ച് സെല്‍ഫികള്‍ക്കായി വരുന്ന പെണ്‍കുട്ടികളോട് ചുംബനം ആവശ്യപ്പെടുമായിരുന്നെന്ന് അയാള്‍തന്നെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. തമാശമട്ടിലാണ് അയാള്‍ ഇങ്ങനെ ആവശ്യപ്പെടുക. നേരമ്പോക്ക് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. പക്ഷേ അത് ഇത്തരത്തിലാവുമ്പോള്‍ അവര്‍ക്ക് അങ്ങനെയാവില്ല."
ഘടം വാദകനായ ഉമാശങ്കറിനെക്കുറിച്ചും ശ്രീരഞ്ജിനി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. അതിക്രമത്തെ 'സ്വാഭാവികമാക്കാനാ'യി ശ്രമിക്കുന്ന മറ്റൊരു ഇരപിടിയനാണ് ഉമാശങ്കറെന്ന് പറയുന്നു ശ്രീരഞ്ജിനി. '2010ല്‍ ഞാന്‍ ജോലി ചെയ്തിരുന്ന റേഡിയോ സ്‌റ്റേഷനില്‍ അയാള്‍ അതിഥിയായി എത്തി. പിന്നീട് ഫോണിലേക്ക് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ഏഴ് വര്‍ഷത്തിന് ശേഷം ഞാന്‍ അപ്പോള്‍ ജോലി ചെയ്തിരുന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയില്‍ ഒരു പ്രോജക്ട് സംസാരിക്കാന്‍ അയാളെത്തി. എന്റെ പിന്നില്‍ നടക്കുമ്പോള്‍ പൊടുന്നനെ എന്റെ അരക്കെട്ടില്‍ നുള്ളി. പതിനഞ്ചോളം ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഇത്. ശരിക്കും ഒരു അവഹേളനമായിരുന്നു ഇത്. അയാളുടെ പ്രോജക്ട് ഞാന്‍ ഏറ്റെടുത്തില്ല', ശ്രീരഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ