
മലയാളത്തിൽ മികച്ച സിനിമകൾ നിർമ്മിച്ചിട്ടുള്ള നിർമ്മാതാവാണ് സന്തോഷ് ടി കുരുവിള. ആഷിക് അബു സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ 'ഡാ തടിയാ' എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സന്തോഷ് ടി കുരുവിള നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് മഹേഷിന്റെ പ്രതികാരം, മായാനദി, ഈ മ യൗ, വൈറസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം, ന്നാ താൻ കേസ് കൊട് തുടങ്ങീ മികച്ച സിനിമകൾ നിർമ്മിച്ച സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ ചിത്രമാണ് ഷെയ്ൻ നിഗം നായകനായെത്തുന്ന 'ബാൾട്ടി'. ഇപ്പോഴിതാ സിനിമാ നിർമ്മാണത്തിലെ ചില പാളിച്ചകളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി കുരുവിള.
"ഗ്യാങ്ങ്സ്റ്റാർ റിലീസിന് തലേദിവസമാണ് കണ്ടത്, അത് തിയേറ്ററിൽ വർക്ക് ആവില്ലെന്ന് അപ്പോൾ തന്നെ അറിയാമായിരുന്നു. കൊച്ചിയിലെത്തി ആദ്യം ആന്റണി പെരുമ്പാവൂരിനെ കണ്ടു, പടം വർക്ക് ആവില്ലെന്ന് ആദ്യം പറഞ്ഞത് ആന്റണിയോട്. അതുപോലെ നീരാളിയും തിയേറ്ററില്‍ വര്‍ക്കാകില്ലെന്ന് റിലീസിന് മുമ്പ് മനസിലായിരുന്നു, മുംബൈയിലായിരുന്നു ആ സിനിമയുടെ പ്രിവ്യൂ. ലാലേട്ടനും സുചി ചേച്ചിയുമൊക്കെ പടം കാണാന്‍ ഉണ്ടായിരുന്നു. പ്രിവ്യൂ കഴിഞ്ഞപ്പോള്‍ തന്നെ ഇത് ഓടില്ലെന്ന് സുചി ചേച്ചിക്ക് മനസിലായി. അവരുടെ മുഖത്ത് നിന്ന് അക്കാര്യം വായിച്ചെടുക്കാന്‍ കഴിഞ്ഞു. ലാലേട്ടന്‍ സ്ഥിരം ചിരിയും ചിരിച്ചുകൊണ്ട് ഇരുന്നു." സന്തോഷ് ടി കുരുവിള പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് ടി കുരുവിളയുടെ പ്രതികരണം. അജോയ് വർമ്മ സംവിധാനം ചെയ്ത് 2018 ൽ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു നീരാളി. സർവൈവൽ ത്രില്ലർ ആയി എത്തിയ ചിത്രം സർവൈവൽ ത്രില്ലർ ഴോണറിലാണ് ഒരുങ്ങിയത്.
ആർഡിഎക്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ആക്ഷൻ റോളുകളും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച യുവനായകൻ ഷെയിൻ നിഗത്തിന്റെ മറ്റൊരു ആക്ഷൻ ചിത്രമായ 'ബാൾട്ടി' നാളെ (26) തീയറ്ററുകളിലേക്ക്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന, കേരള- തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനുംപോന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമയിൽ പൊതുവെ വിരളമായ സ്പോർട്ട്സ് ആക്ഷൻ ഴോണറിൽ കഥ പറയുന്ന ഒന്നാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം ആക്ഷന് പുറമെ സൗഹൃദവും പ്രണയവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞതായിരിക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലർ സൂചന നൽകുന്നു. തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ഗില്ലിയെ ഓർമിപ്പിക്കുന്ന തരത്തിൽ, കബഡി കോർട്ടിലെ വീറും വാശിയും നിറഞ്ഞ രംഗങ്ങളുള്ള ചിത്രം, കാണികളിൽ രോമാഞ്ചം സൃഷ്‌ടിക്കുന്ന നിമിഷങ്ങൾ ഉറപ്പു നൽകുമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമായിരിക്കും. ആർഡിഎക്‌സിൽ മനോഹരമായും ചടുലമായും ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌ത ഷെയിൻ നിഗം വീണ്ടുമൊരു ആക്ഷൻ ഹീറോ റോളിൽ എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷിക്കാൻ ഏറെയുണ്ട്. ഒരു നിമിഷം പോലും ബോറടിക്കാൻ പ്രേക്ഷകരെ അനുവദിക്കാത്ത രീതിയിൽ കഥ പറയുന്ന ഒരു ചിത്രമായിരിക്കും 'ബാൾട്ടി'യെന്ന് അണിയറക്കാര്‍ പറയുന്നു. ഷെയിൻ നിഗത്തിനു പുറമെ വിവിധ മേഖലകളിൽ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. സൈക്കോ ബട്ടർഫ്‌ളൈ സോഡാ ബാബു എന്ന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രൻ എത്തുമ്പോൾ ഭൈരവനായി എത്തുന്നത് തമിഴിലെ പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ സെൽവരാഘവനാണ്. സാനി കായിദത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ സെൽവരാഘവൻ ആദ്യമായി മലയാളത്തിൽ എത്തുമ്പോൾ അതിലും മികച്ച പ്രകടനം ഉറപ്പു നൽകുന്ന വേഷമാണ് ലഭിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടി പൂർണിമ ഇന്ദ്രജിത്തും ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നുണ്ട്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്‌തമായ, ജീ മാ എന്ന കഥാപാത്രമായി പൂർണിമ ഇന്ദ്രജിത്ത് പ്രേക്ഷകരെ അതിശയിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ നായികാവേഷം ചെയ്യുന്നത് 'അയോധി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ പ്രീതി അസ്രാനിയാണ്. മറ്റൊരു തമിഴ് നടനായ ശന്തനു ഭാഗ്യരാജും 'ബാൾട്ടി'യിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആക്ഷന് പുറമെ സംഗീതത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ്. തമിഴിലും തെലുങ്കിലും ശ്രദ്ധേയനായ സായ് അഭ്യങ്കർ 'ബാൾട്ടി'യിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഈ ചിത്രത്തിൽ അദ്ദേഹം തന്നെ ആലപിച്ച 'ജാലക്കാരി' എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്‌തിരുന്നു. പ്രമുഖ നോവലിസ്റ്റായ ടി ഡി രാമകൃഷ്‌ണൻ ഈ ചിത്രത്തിൽ സംഭാഷണങ്ങൾ എഴുതിയിട്ടുണ്ടെന്നതും ഒരു പ്രധാന സവിശേഷതയാണ്.
ഉണ്ണി ശിവലിംഗം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിള, ബിനു ജോർജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും ശിവ്കുമാർ വി പണിക്കർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിലെ സംഗീതം സായ് അഭ്യങ്കർ നിർവഹിക്കുമ്പോൾ മറ്റൊരു ഹൈലൈറ്റായ സംഘട്ടനം ആക്ഷൻ സന്തോഷ്, വിക്കി എന്നിവരാണ് ചെയ്‌തിരിക്കുന്നത്.
ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: ഹെയിൻസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ