
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി. ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നനും, സിനിമയിൽ എത്തും മുമ്പേ തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നു, അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു സൂര്യ പറഞ്ഞു. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയത്.
അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. നാലുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ