ട്രെയ്‌ലറില്‍ ഒതുങ്ങിയ ആകാംക്ഷ; സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ റിവ്യൂ

By സജീഷ് അറവങ്കരFirst Published Mar 31, 2018, 6:35 PM IST
Highlights
  • നിറഞ്ഞ് വിനായകനും രാജേഷ് ശര്‍മയും
  • ലിജോ പെല്ലിശേരിയുടെ സഹായിയായിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.

ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകളോടെയുമാണ് ആന്റണി വര്‍ഗീസ് നായകനായെത്തുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രി'യുടെ തുടക്കം. ടൈറ്റിലിനൊപ്പമുള്ള ഗ്രാഫിക് കാര്‍ഡില്‍ തുടങ്ങി സിനിമ ആരംഭിച്ച് ആദ്യ പതിനഞ്ച് മിനിറ്റ് വരെ ആ ഒരു തോന്നല്‍ നിലനിര്‍ത്തി. എന്നാല്‍ സിനിമയുടെ യഥാര്‍ഥ കഥയ്ക്ക് മുമ്പുള്ള ഉപകഥ മാത്രമായിരുന്നു ആ സസ്‌പെന്‍സ് നിറക്കല്‍. സിനിമ തുടങ്ങാനിരിക്കുന്നതേയുള്ളു, കൊലപാതക കൃത്യത്തെ തുടര്‍ന്ന് കോട്ടയത്ത് സബ് ജയിലിലടക്കപ്പെടുന്ന ജേക്കബിന്റെയും (ആന്റണി വര്‍ഗീസ്), അതേ സെല്ലില്‍ കഴിയുന്ന ഒരുകൂട്ടം കുറ്റവാളികളുടെയും ജയില്‍ ചടാനുള്ള പദ്ധതി ആവിഷ്‌കരണവും ജയില്‍ ചാട്ടവുമാണ് നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമ. ദിലീപ് കുര്യനാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം ആന്റണി വര്‍ഗീസിസ് നായകനായെത്തുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ലിജോ ജോസ്, ബി. ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ സഹകരിക്കുന്നു. അങ്കമാലി ഡയറീസ്, ഈ മ യൗ തുടങ്ങിയ സിനിമകളില്‍ ലിജോ പെല്ലിശേരിയുടെ സഹായിയായി പ്രവര്‍ത്തിച്ച ടിനു സംവിധായകുന്നു... പ്രതീക്ഷകള്‍ ഏറെയായിരുന്നു ചിത്രത്തെ കുറിച്ച്. ഉദ്വേഗം നിറയ്ക്കുന്ന ട്രെയ്‌ലര്‍ കൂടെ പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിച്ചു.

സിനിമയുടെ ത്രില്ലര്‍ മൂഡിന് കയറ്റിറക്കങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ടെക്‌നിക്കല്‍ വിഭാഗം ഇക്കാര്യം വ്യക്തമായി മറയ്ക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരന്റെ ക്യാമറയാണ് എടുത്തു പറയേണ്ടത്. ഗപ്പി, അങ്കമാലി ഡയറീസ് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്റെ ക്യാമറ കണ്ണുകള്‍ സിനിമയെ മനോഹരമാക്കി. ഇതിലേക്ക് ദീപക് അലക്‌സാണ്ടറുടെ പശ്ചാത്തല സംഗീതം കൂടി ചേര്‍ന്നപ്പോഴാണ് ഇഴഞ്ഞ് നീങ്ങുന്ന സിനിമയുടെ മുഷിപ്പില്‍ നിന്ന് അല്‍പമെങ്കിലും മോചനം ലഭിക്കുക. സുപ്രീം സുന്ദറിന്റെ സംഘട്ടന രംഗങ്ങള്‍ വേറിട്ടതലമാണ് സിനിമയ്ക്ക് നല്‍കുന്നത്. 

എന്നാല്‍ കഥാംശമാണ് സിനിമയെ പിന്നോട്ടടപ്പിക്കുന്നത്. 1979ല്‍ റിലീസ് ചെയ്ത എസ്‌കേപ്പ് ഫ്രം അല്‍കട്രാസ്, 1994ല്‍ റിലീസ് ചെയ്ത ദ ഷ്വാഷാങ്ക് റെഡെംപ്ഷന്‍ എന്നീ സിനിമകളോട് സ്വാതന്ത്ര്യം അര്‍ധരാത്രിയോട് ചെറുതല്ലാത്ത സാമ്യമുണ്ട്. ഒരുപക്ഷേ ഈ സിനിമ രണ്ടും കണ്ടവര്‍ക്ക് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആവര്‍ത്തന വിരസമായി തോന്നിയേക്കാം. മികച്ച പശ്ചാത്തലമൊരുങ്ങിയെങ്കിലും അതിനോട് നീതി പുലര്‍ത്തുന്ന കഥാ പരിസരം ഉണ്ടായില്ലെന്ന് വേണം പറയാന്‍. എന്നാല്‍ ടിനു പാപ്പച്ചന്റെ പേര് മലയാള സിനിമരംഗം ഓര്‍ത്തു വെയ്‌ക്കേണ്ടിയിരിക്കുന്നു.

ആര്‍ക്കും കൂടുതല്‍ അഭിനയിച്ച് ഫലിപ്പിക്കാനില്ലാത്ത സിനിമ തന്നെയാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. സിനിമയുടെ 80 ശതമാനം സംഭവവികാസങ്ങളും ജയിലാണ് നടക്കുന്നത്. ഇതിനിടെ സിനിമയുടെ ഗതി നിയന്ത്രിക്കുന്ന ഇടപെടലുമായി ചില കഥാപാത്രങ്ങള്‍ കയറി വരുന്നു. ചിത്രത്തിലെ നായക കഥാപാത്രമായ ജേക്കബ് ആന്റണി വര്‍ഗീസില്‍ ഭദ്രം. കൂടുതല്‍ ആക്ഷന്‍ രംഗങ്ങളുണ്ടെന്ന് ഒഴിച്ച് നിര്‍ത്തിയാല്‍ പെപ്പെയില്‍ നിന്ന് കൂടുതലൊന്നും ജേക്കബിന് ചെയ്യാനില്ലെന്നാണ് വാസ്തവം. സെല്ലില്‍ സൈമണ്‍ എന്ന മറ്റൊരു കുറ്റവാളിയെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ഗൗരവക്കാരനായ പ്രകൃതം. കലിയിലെ ജോണേട്ടനില്‍ നിന്നും കമ്മട്ടിപ്പാടത്തിലെ ഗംഗയില്‍ നിന്നും അധികം ദൂരമില്ല വിനായകന്റെ സൈമണിലേക്ക്. നായിക പ്രാധാന്യമില്ലാത്ത സിനിമയില്‍ പുതുമുഖതാരം അശ്വതി മനോഹറാണ് ജേക്കബിന്റെ നായിക. തനിക്ക് കിട്ടിയ ബെറ്റിയെന്ന കഥാപാത്രത്തെ അശ്വതിയും ഭദ്രമാക്കിയിട്ടുണ്ട്.

ചെമ്പന്‍ വിനോദ് അവതരിപ്പിച്ച കള്ളന്‍ ദേവസ്യയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. അല്‍പം വൈകിയെത്തിയെങ്കിലും ദേവസ്യ നിരാശപ്പെടുത്തിയില്ല. ഇവരേക്കാളേറെ ഞെട്ടിച്ചത് രാജേഷ് ശര്‍മയുടെ ജയിലറുടെ വേഷമായിരുന്നു. പ്രഭുവെന്ന ജയിലറായി അതിഭാവുകത്വമില്ലാതെ രാജേഷ് സിനിമയുടെ ആദ്യാവസാനം നിറഞ്ഞാടി. അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജന്‍ (ടിറ്റോ) സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെത്തിയപ്പോള്‍ ഉദയനായി. മികച്ച ഇന്‍ട്രോയാണ് ടിറ്റോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്‍ട്രോയിലൂടെ ടിറ്റോയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചെങ്കിലും പിന്നീടങ്ങോട്ട് നായകന് സ്‌പേസ് നല്‍കുന്ന രീതിയില്‍ ഒതുക്കി കളഞ്ഞു. ട്രെയ്‌ലര്‍ നല്‍കുന്ന ആകാംക്ഷ പക്ഷെ സിനിമയുടെ തുടര്‍ച്ചയിലുണ്ടാക്കാനായില്ല എന്നത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് വന്ന പാളിച്ച.
 

click me!