
കഴിഞ്ഞ ആഴ്ച ബിഗ് ബോസില്‍ എലിമിനേഷനിലേക്ക് രഞ്ജിനിയും ശ്വേതയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലവരും പറഞ്ഞ ഒരു കാര്യമുണ്ട്, ഒരാള്‍ പുറത്തുപോവുന്നുണ്ടെങ്കില്‍ അത് ശ്വേത മേനോന്‍ തന്നെയായിരിക്കുമെന്ന്. ബിഗ് ബോസ് പിന്തുടരുന്ന എല്ലാവര്‍ക്കും അതിന്‍റെ കാരണങ്ങളറിയാം.
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ എതിര്‍ വോട്ടുകള്‍ ലഭിച്ചത് ശ്വേതക്കാണ്. ബിഗ് ബോസിലെ മക്കളുടെ ‘അമ്മ’ എന്നായിരുന്നു ശ്വേതയുടെ വിളിപ്പേര്. പെട്ടെന്ന് തന്നെ സംഭവം മാറിമറിഞ്ഞു. നല്ലപേരില്‍ നിന്ന് ‘കപട കഥാപാത്രം’ എന്ന പേരിലേക്ക് ശ്വേത വഴുതി വീണതാണ് പന്നീട് നമ്മള്‍ കണ്ടത്.
ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണെന്നത് മറന്നതായിരുന്നു ശ്വേതയ്ക്ക് പിണഞ്ഞ ആദ്യ അമലി. സിനിമയിലെ മുതിര്‍ന്ന ഒരു താരമെന്ന നിലയില്‍ പലപ്പോഴും ശ്വേത പെരുമാറുകയും ചെയ്തു. ശ്വേതയുടെ പെരുമാറ്റത്തെ കുറിച്ച് ബഷീറടക്കമുള്ള മറ്റ് മത്സരാര്‍ഥികള്‍ നിരന്തരം പരാതി ഉന്നയിക്കുകയും ചെയ്തു.മറ്റ് മത്സരാര്‍ത്ഥികളെ രണ്ടാം തരക്കാരായി കാണുന്നെന്നും ശ്വേതക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
അനുഭവസമ്പത്ത് കണക്കിലെടുത്ത് ശ്വേതയെ ആയിരുന്നു ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഈ പരിഗണന മത്സരത്തിലും തനിക്ക് ലഭിക്കുമെന്ന ധാരണ ശ്വേതയ്ക്കുണ്ടായിരുന്നു എന്നായിരുന്നു പലപ്പോഴായുള്ള പെരുമാറ്റത്തില്‍ ശ്വേത വെളിപ്പെടുത്തിയത്.
പേളിയും അരിസ്റ്റോ സുരേഷും അടക്കമുള്ള മത്സരാര്‍ഥികളോട് തനിക്ക് പ്രത്യേക പരിഗണനയുണ്ടെന്ന തരത്തിലുള്ള ശ്വേതയുടെ പെരുമാറ്റമാണ് ഒന്നാമത് ശ്വേതയ്ക്ക് വിനയായത്. പ്രായം കുറഞ്ഞ മത്സരാര്‍ഥികളോട് ശ്വേത കാണിച്ച വേര്‍തിരിവാിയിരുന്നു മറ്റൊരു പ്രധാന കാരണം. ഇതിനിടെ ശ്വേതയുടെ അപ്രമാദിത്തം ഇല്ലാതാക്കുന്ന മറ്റൊരു സംഭവവും ബിഗ് ഹൗസില്‍ അരങ്ങേറി.ശ്വേതയുടെ കള്ളി പൊളിച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. എലിമിനേഷന്‍ പ്രക്രിയയ്ക്കിടെയായിരുന്നു ശ്വേത കള്ളം പറയുന്ന വീഡിയോ മോഹന്‍ലാല്‍ പരസ്യമാക്കി.
അനൂപ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് ബിഗ് ബോസിനോട് ശ്വേത പരാതിപ്പെട്ട സംഭവമുണ്ടായിരുന്നു. അന്ന് കരഞ്ഞുകൊണ്ട് കണ്‍ഫെഷന്‍ റൂമിലെത്തിയ ശ്വേതയെ ബിഗ് ബോസ് ആശ്വസിപ്പിച്ച് മടക്കി അയച്ചിരുന്നു. എന്നാല്‍ തന്നെ അനൂപ് മോശക്കാരിയാക്കി, കുറ്റം പറഞ്ഞ് കുറ്റം പറയുന്ന ദൃശ്യങ്ങള്‍ ബിഗ് ബോസ് തന്നെ കാണിച്ചെന്ന് പറഞ്ഞ് അനൂപിനെ മോശക്കാരനാക്കാന്‍ ശ്വേത ശ്രമിച്ചത് കയ്യോടെ പൊളിച്ചുകൊടുത്തു.
തന്നോട് മോശമായി ചിത്രീകരിച്ച അനൂപിന് താന്‍ മാപ്പ് കൊടുത്തത് കൊണ്ട് മാത്രമാണ് ബിഗ് ഹൗസില്‍ തുടരുന്നത് എന്നുമായിരുന്നു ശ്വേത കള്ളം പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ സഹിതം ഇത് കെട്ടുകഥയാണെന്ന് മോഹന്‍ലാല്‍ എല്ലാവര്‍ക്കു മുന്നിലും തുറന്നു കാണിച്ചു. ഇതായിരുന്നു ശ്വേതയുടെ മത്സരരംഗത്തു നിന്നുള്ള ഇറക്കം തുടങ്ങുന്നത്. ശക്തയായ മത്സരാര്‍ഥി പതിയെ കപട കഥാപാത്രമായി മാറുകയായിരുന്നു. അതിജീവനത്തിനായാണ് താന്‍ കള്ളം പറഞ്ഞതെന്നായിരുന്ന ശ്വേത ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് നിരന്തരം ശ്വേതയ്ക്ക് പണി കൊടുത്തുകൊണ്ടിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്വേത ചേരിതിരിഞ്ഞ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മത്സരാര്‍ഥികള്‍ക്കിടയില്‍ ഈ സംഭവം നിരന്തരം ചര്‍ച്ചയാവുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി നിരന്തരം ശ്വേത പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. രഞ്ജിനിയോട് മാത്രമുള്ള അടുപ്പവും വീട്ടില്‍ യഥാര്‍ഥമായി ഇരിക്കാതെ അഭിനയിക്കുന്നതും ശ്വേതയ്ക്ക് തിരിച്ചടിയായി. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വോട്ടുകളും ലഭിച്ചത്. ബിഗ് ബോസിലെ നല്ലൊരു മത്സരാര്‍ഥിയായ രഞ്ജിനി മറുവശത്ത് വോട്ട് തേടിയതും ശ്വേതയെ ചതിച്ചു.