വിനായകന്റെ ജയം; സോഷ്യല്‍ മീഡിയയുടെയും

By Web DeskFirst Published Mar 7, 2017, 12:36 AM IST
Highlights

തിരുവനന്തപുരം: ഇതു സോഷ്യല്‍ മീഡിയയുടെ വിജയമാണ്. സോഷ്യല്‍ മീഡിയാ ഇടമാണ് വിനായകനെന്ന അതുല്യ നടനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ താരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. കാലങ്ങളായി സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകളെ നിര്‍ണയിക്കുന്ന അനേകം ഘടകങ്ങളുണ്ട്. അതിലൊന്നും പെടാത്ത, അടുത്ത കാലത്തുമാത്രം നിര്‍ണായകമായ ഒരു ഘടകമാണ് സോഷ്യല്‍ മീഡിയ. ആ ഘടകം മുഖ്യധാരയില്‍ എത്ര സവിശേഷമായ സ്വാധീനം ചെലുത്തി എന്ന് തെളിയിക്കുന്ന പുരസ്‌കാരം കൂടിയാണ് ഇത്തവണത്തേത്.

ഇയടുത്ത് നടന്ന കൂറ്റനാട് നേര്‍ച്ച, കാലം മാറുന്നതിന്റെ സവിശേഷമായ സൂചനയായിരുന്നു. ഉല്‍സവ എഴുന്നള്ളത്തിനായി ഉയര്‍ത്തിയ തിടമ്പുകളുടെ കൂട്ടത്തില്‍ വിനായകന്‍ എന്ന നടനും ഇടം കിട്ടിയ സവിശേഷ മുഹൂര്‍ത്തമായിരുന്നു അത്. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം, ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിദല്‍ കാസ്‌ട്രോ എന്നിവര്‍ക്കൊപ്പമാണ്, കൊമ്പനാനപ്പുറത്ത്, വിനായകന്റെ രൂപവും ഉയര്‍ന്നത്. മുഖധാരാ മലയാള സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കു പുറത്തുള്ള ഒരാള്‍ ഇത്തരമൊരിടത്ത് കടന്നുവരുന്ന അസാധാരണമായ സാഹചര്യം ആയിരുന്നു അത്. അതിനാല്‍, തന്നെ അത് വാര്‍ത്തയുമായി.

കമ്മട്ടിപ്പാടം എന്ന സിനിമയാണ് വിനായകനെ സോഷ്യല്‍ മീഡിയയിലെ പ്രിയ താരമാക്കി മാറ്റിയത്. കമ്മട്ടിപ്പാടത്ത് പിറന്നു വളര്‍ന്ന വിനായകന്‍, അത്തരമൊരു ജീവിതം ജീവിച്ചുപോയ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഒട്ടും സാധാരണമല്ലാത്ത വിധത്തിലായിരുന്നു. ഉള്ളറിഞ്ഞുള്ള ആ അഭിനയമാണ് സിനിമ തീരുമ്പോള്‍, ഗംഗയെ പ്രേക്ഷകരുടെ ഉള്ളിലേക്ക് എന്നേക്കുമായി കൊത്തിവെച്ചത്. അതിന്റെ അനുരണനമായിരുന്നു സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നത്. ഇതാണ്, മലയാള സിനിമ കാത്തിരുന്ന നടനെന്ന നിലയില്‍, പൊതുവേദികളില്‍ ഒരിക്കലും സജീവ സാന്നിധ്യമല്ലാതിരുന്ന വിനായകന്‍ എന്ന നടനെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് അതുമുതല്‍ക്കാണ്.

മലയാളികള്‍ ഏറ്റവുമധികം വിലമതിക്കുന്ന ഒരു ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് തൊട്ടുമുമ്പായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഒന്ന് ഇത്തവണത്തെ അവാര്‍ഡിന് വിനായകന്‍ പരിഗണിക്കപ്പെടുമോ എന്നതായിരുന്നു. വിനായകന് അവാര്‍ഡില്‍ ഇടം കിട്ടിയില്ല എന്ന വാര്‍ത്ത വന്നതോടെ, അവാര്‍ഡ് നിശയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇതിന്റെ റിസല്‍റ്റ് കൂടിയാവണം, തൊട്ടു പിന്നാലെ മറ്റൊരു മാധ്യമ സ്ഥാപനം നടത്തിയ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ വിനായകന്‍ ഇടം കണ്ടെത്തി. പുരസ്‌കാരവുമായി നില്‍ക്കുന്ന വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ച കവര്‍ ചിത്രം എന്നാല്‍, സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയായി. കറുത്ത വിനായകനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സവര്‍ണ്ണ സൗന്ദര്യബോധമായി ഈ സംഭവം വിമര്‍ശിക്കപ്പെട്ടു.

ഇതിനിടെ, സിനിമാ പാരഡീസോ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പ് നടത്തിയ അവാര്‍ഡ് നിശയില്‍ മികച്ച നടനായി വിനായകനെ തെരഞ്ഞെടുത്തത് വമ്പിച്ച ആഘോഷങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. പുരസ്‌കാരവുമായി നില്‍ക്കുന്ന വിനായകന്റെ മുഖം ആയിരക്കണക്കിന് ഷെയര്‍ ചെയ്യപ്പെട്ടു. അവാര്‍ഡ് വാങ്ങിയ ശേഷം ഉടലിളക്കി, ആഹ്ലാദം പങ്കിടുന്ന വിനായകന്റെ വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതിനു പിന്നാലെയാണ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ഒരുക്കങ്ങള്‍ വരുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രധാന ചര്‍ച്ചാ വിഷയം വിനായകന്‍ തന്നെയായിരുന്നു. ഇത്തവണ വിനായകന് അവാര്‍ഡ് നല്‍കുമോ? അവാര്‍ഡ് വിവരങ്ങളുടെ ആദ്യ സൂചനകള്‍ അതു വിനായകന് തന്നെ എന്നതായിരുന്നു. അത് വാര്‍ത്തയാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളുകയായിരുന്നു. എന്നാല്‍, പണ്ട് കലാഭവന്‍ മണിക്ക് സംഭവിച്ചത് പോലെ അപ്രതീക്ഷിത അട്ടിമറി ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും പലരും നല്‍കി. എല്ലാറ്റിനുമൊടുവിലാണ് പുരസ്‌കാരം വിനായകനിലേക്ക് എത്തിയത്.

അവാര്‍ഡ് നിര്‍ണയത്തെ, സോഷ്യല്‍ മീഡിയാ മനസ്സ് സ്വാധീനിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പുരസ്‌കാരം. താരവ്യവസ്ഥ പലപ്പോഴും നിയന്ത്രിച്ച അവാര്‍ഡ് നിര്‍ണയത്തിന്റെ ചീത്തപ്പേര് മാറുകയാണെന്നതിന്റെ സൂചന കൂടിയാണിത്. എല്ലാറ്റിലുമുപരി, ഗംഗ എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ വിനായകനെ പോലൊരു അതുല്യ നടന് അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കാനും ജനമനസ്സ് വായിക്കാനും കഴിഞ്ഞു എന്ന രീതിയിലാവും, ഈ അവാര്‍ഡ് നിര്‍ണയ സമിതി സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തപ്പെടുക. 

click me!