
കേരളത്തെ ദുരിതത്തില്‍ മുക്കിയ പ്രളയത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ അപൂര്‍വ്വം സിനിമാതാരങ്ങളില്‍ ഒരാളായിരുന്നു ടൊവീനോ തോമസ്. താരഭാരമെല്ലാം മാറ്റിവച്ച് ഏറ്റവും ആവശ്യമുള്ള സമയത്ത് നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം ദുരന്തമുഖത്തെത്തിയ ടൊവീനോ രക്ഷാപ്രവര്‍ത്തന ചിത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. അപ്രതീക്ഷിതമായെത്തിയ ആ പ്രളയദിനങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ടൊവീനോ. ദുരിതാശ്വാസപ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതും അപ്രതീക്ഷിതമായാണെന്ന് പറയുന്നു മലയാളികളുടെ പ്രിയതാരം.
'ഓഗസ്റ്റ് 15നാണ് എല്ലാത്തിന്റെയും തുടക്കം. ഒരു ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു ഡോക്ടറും സുഹൃത്തും എന്നെ വിളിച്ചു. ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് എന്നെ കാണണമെന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. അന്നത്തെ മഴ കണ്ടപ്പോള്‍ എനിക്കെന്തോ അസാധാരണത്വം തോന്നിയിരുന്നു. കോഴിക്കോട് നഗരത്തിലാണ് ഡോക്ടറുടെ വീട്. ഞാനെത്തുമ്പോഴേക്ക് അവിടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ആശങ്കയോടെയാണ് തിരികെ വീട്ടിലെത്തിയത്.'
തന്റെ വീട് നില്‍ക്കുന്ന സ്ഥലത്തെ പ്രളയം ബാധിച്ചില്ലെങ്കിലും ചുറ്റുപാടും സംഭവിക്കുന്നതിന്റെ വിവരങ്ങള്‍ ഭയപ്പെടുത്തിയെന്നും പറയുന്നു ടൊവീനോ. 'നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണമെന്നൊന്നും ചിന്തയില്ലായിരുന്നു അപ്പോള്‍. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. പിന്നീടെല്ലാം സംഭവിക്കുകയായിരുന്നു.'
പ്രളയത്തിന്റെ തീവ്രത അറിയാതിരുന്നതിനാല്‍ ആദ്യദിനങ്ങളില്‍ പലരും തന്നെക്കണ്ട് സെല്‍ഫി എടുക്കുമായിരുന്നെന്ന് പറയുന്നു ടൊവീനോ. 'പലരും വീടുവിട്ട് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. അതിനായി പലരോടും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നിട്ടുണ്ട്. ഭീഷണിയുടെ സ്വരം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.' രണ്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംഭാഷണത്തില്‍ നിന്ന രൂപംകൊണ്ട കൂട്ടായ്മയുടെ വലുപ്പം പിന്നീട് വര്‍ധിച്ചുവന്നെന്നും പറയുന്നു ടൊവീനോ. 'പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു. ചാലക്കുടിക്കാരായ കുറച്ചുപേരേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.'
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറയുന്നു ടൊവീനോ. 'ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായിരുന്നു. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീര്‍ന്നു. വലിയ പ്രതിസന്ധിയായിരുന്നു അത്. കച്ചവടക്കാരോട് സഹായം ചോദിച്ചു. ഇടുക്കിയിലെ ഒരു മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.' ആവശ്യസമയത്ത് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യാപാരികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു ടൊവീനോ. ഈ ദിനങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. 'മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്', ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രളയകാല അനുഭവങ്ങളെക്കുറിച്ച് ടൊവീനോ പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ