ഉണ്ണിമേനോന്‍റെ പാട്ടിന് യേശുദാസ് അവാര്‍ഡ് വാങ്ങിയോ?; സത്യം ഇതാണ്

By Web DeskFirst Published May 11, 2018, 7:40 PM IST
Highlights
  • അടുത്തിടെയായി യേശുദാസിനെതിരെ എന്ന നിലയില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഉണ്ട്. അതില്‍ 1984ല്‍ ഉണ്ണി മേനോന്‍ പാടിയ പാട്ടിന് ഗായകന്‍ യേശുദാസ് മികച്ച ഗായകനുള്ള പുരസ്കാരം വാങ്ങിയെന്നതാണ് പ്രധാന വിഷയം

കൊച്ചി: അടുത്തിടെയായി യേശുദാസിനെതിരെ എന്ന നിലയില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഉണ്ട്. അതില്‍ 1984ല്‍ ഉണ്ണി മേനോന്‍ പാടിയ പാട്ടിന് ഗായകന്‍ യേശുദാസ് മികച്ച ഗായകനുള്ള പുരസ്കാരം വാങ്ങിയെന്നതാണ് പ്രധാന വിഷയം. . കഴിഞ്ഞ ദിവസമുണ്ടായ ദേശീയ പുരസ്‌ക്കാര വിവാദവുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉയര്‍ന്നു വന്നതും. 

എന്നാല്‍, ഇതില്‍ ഗായകന്‍ ഉണ്ണി മേനോന്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫേസ്ബുക്കിലൂടെയാണ് ഉണ്ണിമേനോന്‍റെ പ്രതികരണം. 1984 ല്‍ താന്‍ പാടിയ പാട്ട് പുരസ്‌ക്കാരത്തിനായി പരിഗണിച്ചിട്ട് പോലുമില്ലെന്ന്  ‘താന്‍ പാടിയ പാട്ട് തൊഴുത് മടങ്ങും എന്ന് തുടങ്ങുന്ന പാട്ടാണ്. ആ പാട്ടിന് പുരസ്‌ക്കാര പരിഗണന പോലും ഉണ്ടായിട്ടിട്ടില്ല. അന്ന് പുരസ്‌കാരം നേടിയത് ഈ മരുഭൂവില്‍ എന്ന് തുടങ്ങുന്ന സ്വന്തം സാരികയിലെ പാട്ടിനാണ്. 

ഇപ്പോള്‍ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത് യേശുദാസിനെ അപമാനിക്കാനാണ്. താന്‍ കേട്ടുപഠിച്ച പാട്ടുകള്‍ യേശുദാസിന്‍റെയാണ് . എന്‍റെ ജീവിതത്തിലെ ഓരോ നിര്‍ണായകഘട്ടത്തിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1986ല്‍ എന്‍റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് യേശുദാസായിരുന്നു. എന്‍റെ 33 വര്‍ഷത്തെ പാട്ട് ജീവിതത്തിന് ആദരവായി സ്വരലയ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹമുണ്ടായിരുന്നു. 

ഞാന്‍ എപ്പോള്‍ വിളിച്ചാലും വരുന്ന വളരെ സ്‌നേഹത്തോടെ പെരുമാറുന്ന അദ്ദേഹം ഇനിയും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കൂടുതല്‍ പോസിറ്റിവിറ്റി പരത്താനാണ് ഉപയോഗിക്കേണ്ടത്’ – ഉണ്ണി മേനോന്‍ പറഞ്ഞു.

ഇത്രയും ബഹുമാനം അര്‍ഹിക്കുന്ന ഒരാളെ ഇത്രയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന് ചിലപ്പോള്‍ ഇങ്ങനെയൊരു സംഭവമെ അറിയില്ലായിരിക്കും. ഞാന്‍ ചെറുപ്പത്തില്‍ കേട്ടുപഠിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണെന്നും ഉണ്ണി മേനോന്‍ പറയുന്നു

click me!