വിജയ് ചിത്രം മെര്‍സലിന് ആവേശകരമായ വരവേല്‍പ്പ്

By Web DeskFirst Published Oct 18, 2017, 10:18 AM IST
Highlights

തിരുവനന്തപുരം: വിജയ്‌യുടെ ആക്ഷൻ ത്രില്ലർ മെർസലിന് ആവേശകരമായ സ്വീകരണം. തന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്.  തമിഴ്നാട്ടിൽ 25 ശതമാനം നികുതി കൂടിയതും, ഇതിനെതിരെ ഒരു വിഭാഗം തിയ്യേറ്റർ ഉടമകളുടെ സമരം തുടരുന്നതും ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.

വിസ്മയിപ്പിക്കുന്നത് എന്നാണ് മെർസൽ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം. മൂന്ന് ഗെറ്റപ്പുകളിലെത്തിയ ഇളയ ദളപതി അക്ഷരാർത്ഥത്തിൽ ആരാധകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു.  തലസ്ഥാനത്ത് എട്ടിടങ്ങളിലാണ് പ്രദർശനമുള്ളത്. ആരാധകർക്കൊരുക്കിയ പ്രത്യേക പ്രദർശനം കാണാൻ പുലർച്ചെ മൂന്നു മണി മുതൽ കാത്തു നിന്ന കട്ട വിജയ് രസികർ.

അർദ്ധരാത്രി മുതൽ തുടങ്ങിയ ചെന്നെയിലെ ഫാൻസ് ഷോകൾക്കും തിരക്ക് ഏറെ. ആദ്യവാസാനം ആർപ്പുവിളികളുമായി തിയ്യേറ്റർ നിറഞ്ഞ ആരാധകരെ ചിത്രം നിരാശപ്പെടുത്തിയില്ല.

ലോകോത്തര ജാലവിദ്യക്കാർക്കു കീഴിൽ അഭ്യസിച്ചാണ് ചിത്രത്തിലെ വിജയ്‌യുടെ മാന്ത്രിക പ്രകടനങ്ങൾ. നിർമാണ ചിലവ് 130 കോടി. ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് മെർസൽ തിയ്യേറ്ററുകളിലെത്തുന്നത്. ആറ്റ്‌ലിയുടെ സംവിധാനം. എ. ആർ റഹ്മാന്റെ സംഗീതം. സാമന്തയും കാജൽ അഗർവാളും, നിത്യാ മേനോനും നായികമാർ.

മസാല ചേരുവകൾക്കപ്പുറം, ജെല്ലിക്കെട്ടും തമിഴ് സംസ്കാരവും ഒക്കെ ഇഴചേരുന്ന ചിത്രം തന്റെ രാഷ്ട്രീയപ്രവേശന ചോദ്യങ്ങൾക്കുള്ള മറുപടി പറയുമെന്നായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. എന്തായാലും ചിത്രത്തോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനമെന്ന വിഷയത്തിലെ ആരാധകരുടെ ആകാംഷ കൂടിയിട്ടുണ്ട്. പുറത്തിറങ്ങി നിമിഷങ്ങൾ കൊണ്ട് തരംഗമായ ടീസർ പോലെ ചിത്രവും ആരാധകരുടെ മനസ്സ് കീഴടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറ പ്രവർത്തകർ. ജിഎസ്‌ടിക്കു പുറമേ പ്രാദേശിക നികുതിയും കൂടി ചുമത്തിയതും, ഇതിനെതിരെ മൾട്ടി പ്ലക്സ് ഉടമകൾ സമരം തുടരുന്നതും ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയും അണിയറ പ്രവർത്തകർക്കുണ്ട്.

click me!