'ഡബ്ല്യുസിസിക്ക് പ്രസക്തിയുണ്ട്'; തമിഴിലും വേണമെന്ന് വിജയ് സേതുപതി

By Web TeamFirst Published Feb 4, 2019, 5:59 PM IST
Highlights

മലയാള സിനിമയിലെ നടിമാരും മറ്റ് വനിതാ പ്ര‌വർത്തകരും ചേർന്ന് രൂപം നൽകിയ വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയെക്കുറിച്ചും വിജയ് തന്റെ നിലപാട് വ്യക്തമാക്കി.  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് തുറന്നടിച്ചത്. 

ചെന്നൈ: ലൈംഗീകാതിക്രമത്തിനെതിരെ പോരാടുന്നതിന് ലോകത്താകമാനം വ്യാപിച്ച മീ ടു ക്യാമ്പയിനില്‍ പ്രതികരിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ലൈംഗീകാതിക്രമങ്ങൾ അതിജീവിച്ചവർക്ക് നീതി ലഭിക്കണമെന്ന് വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമയിലെ നടിമാരും മറ്റ് വനിതാ പ്ര‌വർത്തകരും ചേർന്ന് രൂപം നൽകിയ വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയെക്കുറിച്ചും വിജയ് തന്റെ നിലപാട് വ്യക്തമാക്കി.  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് തുറന്നടിച്ചത്. 

ഇതൊരു പോസിറ്റീവായ മാറ്റമാണ്. ഇത്തരം ക്യാമ്പയിനുകൾ അതിജീവിച്ചവർക്ക് അവർ അനുഭവിച്ച പീഡനത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. കുറ്റവാളികൾ ഇപ്പോൾ പേടിയോടുകൂടിയാണ് കഴിയുന്നത്. കാരണം കുറ്റകൃത്യം ചെയ്ത് 10 വർഷം കഴിഞ്ഞാലും ആളുകൾ ആ കുറ്റകൃത്യത്തെക്കുറിച്ച് സംസാരിക്കും. 

ഏത് മേഖലയിലായാലും ലൈംഗീകാതിക്രമം തെറ്റാണ്. അത്തരം ലൈംഗീകാതിക്രമങ്ങൾ അതിജീവിച്ചവർക്ക് നീതി ലഭിക്കണം. നിങ്ങൾക്ക് മനസ്സിലാകാത്ത പ്രായത്തിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ, നിങ്ങൾ പ്രായപൂർത്തിയാകുമ്പോൾ അതിനെക്കുറിച്ച് പരാതിപ്പെടണമെന്നും വിജയ് സേതുപതി പറഞ്ഞു. ഇവിടെയാണ് സിനിമാ മേഖലയിൽ ഡബ്ല്യുസിസി പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി വെളിവാകുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലും ഇത്തരം സംഘടനകൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

click me!