
താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലമാണിത്. പ്രേക്ഷകരോട് ഇടനിലക്കാരില്ലാതെ സംവദിക്കാനും തങ്ങളുടെ സിനിമകളുടെ പ്രൊമോഷനും പൊതുവിഷയങ്ങളിലെ അഭിപ്രായപ്രകടനത്തിനുമൊക്കെ അവര്‍ ഫേസ്ബുക്കിനെയും ട്വിറ്ററിനെയുമൊക്കെ ആശ്രയിക്കുന്നു. എന്നാല്‍ അവിടെയും ഫേക്കുകള്‍ക്ക് ക്ഷാമമില്ല. പലരും ഏറെ അപകീര്‍ത്തികരമായ എന്തെങ്കിലും കമന്‍റുകള്‍ തങ്ങളുടെ പേരിലുള്ള ഫേക്ക് ഐഡികളില്‍ നിന്ന് വരുമ്പോള്‍ മാത്രമാണ് പ്രതികരിക്കാറുള്ളതെന്ന് മാത്രം. ഐഡികളെക്കൊണ്ടുള്ള പൊറുതിമുട്ടലില്‍ അവസാനമായി രംഗത്തെത്തിയിരിക്കുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ട്വിറ്ററില്‍ ഇതുവരെ സ്വന്തം അക്കൗണ്ട് ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. പക്ഷേ അവസാനം അവിടെ ഫേക്കുകളെക്കൊണ്ട് ഗത്യന്തരമില്ലാതെ സേതുപതിക്ക് സ്വന്തം അക്കൗണ്ട് സൃഷ്ടിക്കേണ്ടിവന്നു.
"ഞാന്‍ ട്വിറ്ററില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് അനേകം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ എന്‍റെ പേരില്‍ മറ്റുള്ളവര്‍ നടത്തുന്നതാണെന്ന് പറഞ്ഞുകൊള്ളട്ടെ..", വിജയ് സേതുപതി തന്‍റെ ട്വിറ്റര്‍ ഐഡി ആരാധകരുമായി പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ദിവസം പിന്നിടുംമുന്‍പേ പത്തൊന്‍പതിനായിരത്തിലേറെ ഫേളോവേഴ്സിനെയാണ് സേതുപതിക്ക് ലഭിച്ചത്.
ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ ആണ് മക്കള്‍ സെല്‍വന്‍റേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രം. പ്രേംകുമാറിന്‍റെ 96, ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡീലക്സ് എന്നിവയൊക്കെ വരാനിരിക്കുന്ന സിനിമകള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ