
ആരാണ് നായകന്‍? ആരാണ് വില്ലന്‍? പ്രേക്ഷകര്‍ കുറച്ചുനാളായി കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി. ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത മോഹന്‍ലാല്‍ നായകനായി എത്തിയ വില്ലന്‍ ആ ചോദ്യത്തിന് ഉത്തരം തേടുന്ന ചിത്രം തന്നെയാണ്. ചടുലവേഗതയുള്ള ക്രൈം ത്രില്ലര്‍ എന്നതിലുപരി ഒരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് വില്ലന്‍ എത്തിയിരിക്കുന്നത്. നായകകഥാപാത്രമായി എത്തിയ മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ നട്ടെല്ലുമാകുന്നു.
ഒരു ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ കൃത്യമായ സൂചനകള്‍ നല്‍കി നഗരത്തില്‍ നടക്കുന്ന ഒരു കൂട്ടക്കൊലപാതകത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. പിന്നീട് പതിഞ്ഞ താളത്തില്‍ മുന്നേറുന്ന രംഗങ്ങളിലേക്ക് മോഹന്‍ലാലിന്റെ മാത്യു മാഞ്ഞൂരാന്‍ എത്തുന്നു. വ്യക്തിപരമായ ഒരു ദുരന്തത്തില്‍ പെട്ട് അവധിയിലായിരുന്ന മാത്യു മാഞ്ഞൂരാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നു. വളണ്ടറി റിട്ടേയര്‍മെന്റ് എടുക്കാനിരിക്കുന്ന മാത്യു മാഞ്ഞൂരാന്റെ സര്‍വീസിലെ അവസാന ദിവസവുമാണ് അന്ന്. ജോലി വിട്ട് ഒരു യാത്ര പോകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ കൊലപാതക കേസ് അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആ അന്വേഷണം വില്ലനിലേക്കും നായകനിലേക്കും എത്തുന്ന കഥയാണ് സിനിമ പറയുന്നത്.
തുടക്കത്തില്‍ പറഞ്ഞതുപോലെ ചടുലവേഗതയിലുള്ള ക്രൈം ത്രില്ലര്‍ ആയിട്ടല്ല ബി ഉണ്ണികൃഷ്‍ണന്‍ വില്ലന്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരത്തിനാണ് സിനിമയില്‍ മുന്‍തൂക്കം. അന്വേഷണവും വ്യക്തിജീവിതവും ഇഴചേര്‍ത്ത് അവതരിപ്പിക്കുന്നു. ആര് കൊന്നു എങ്ങനെ കൊന്നു എന്നല്ല എന്തിനു വേണ്ടി കൊന്നു എന്നതാണ് ചോദ്യം. കൊലപാതകത്തോളം അസ്വഭാവികമായതായി യാതൊന്നും ജീവിതത്തിലില്ല എന്ന് നായകന്‍ പറയുമ്പോള്‍ തന്നെ എന്താണ് നീതി എന്ന ചോദ്യം കൂടി ഉയരുന്നു.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് വില്ലനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുക. കുടുംബം തകര്‍ന്ന വ്യക്തിയായും ബുദ്ധിമാനായ അന്വേഷണ ഉദ്യോഗസ്ഥനായും മോഹന്‍ലാല്‍ കഥാപാത്രമായിത്തന്നെ മാറുന്നു. പരസ്യവാചകങ്ങളിലും ട്രെയിലറുകളിലുമൊക്കെ സൂചിപ്പിച്ചതുപോലെ നായകനും വില്ലനും ഒരാളില്‍ ചേരുമ്പോഴുള്ള ഭാവപ്പകര്‍ച്ചകളും മോഹന്‍ലാല്‍ ഗംഭീരമാക്കുന്നു. കീഴുദ്യോഗസ്ഥനായ ചെമ്പന്‍ വിനോദും പ്രകടനത്തില്‍ മികവ് കാട്ടുന്നു. രൂപത്തിലും ഭാവത്തിലും വേറിട്ട ലുക്കിലെത്തിയ വിശാല്‍ മോശമാക്കിയില്ല. കുറച്ചുഭാഗങ്ങളില്‍ മാത്രമേ ഉള്ളൂവെങ്കിലും മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ജോഡിയായിത്തന്നെ മാറുന്നുണ്ട്. മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രമായ ഹന്‍സികയ്‍ക്ക് പക്ഷേ വിശാലിന്റെ കഥാപാത്രത്തിന് ഒപ്പം നില്‍ക്കേണ്ട ആവശ്യമേ ഉള്ളൂ.
സാങ്കേതികത്തികവാണ് വില്ലന്റേതായി എടുത്തുപറയേണ്ട മേന്‍മ. ഓരോ ഫ്രെയിമും ഷോട്ടും വില്ലന്റെ മികവ് കൂട്ടുന്നു. ശബ്‍ദമിശ്രണവും പശ്ചാത്തലസംഗീതവുമൊക്കെ അതിന് കൂട്ടായിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ