മലയാളസിനിമയിൽ 'പ്രശസ്തിയുടെ അവകാശത്തെ' ചൊല്ലി തർക്കം; തിരക്കഥ ഹാജരാക്കണമെന്ന് കോടതി

Published : Sep 09, 2016, 03:14 AM ISTUpdated : Oct 05, 2018, 03:11 AM IST
മലയാളസിനിമയിൽ 'പ്രശസ്തിയുടെ അവകാശത്തെ' ചൊല്ലി തർക്കം; തിരക്കഥ ഹാജരാക്കണമെന്ന് കോടതി

Synopsis

കൊച്ചി: മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി പ്രശസ്തിയുടെ അവകാശം (right of pulicity) കോടതിയിൽ തർക്കവിഷയമാകുന്നു. ജൻമനാ ബധിരനും മൂകനുമായ, ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തൊടുപുഴ സ്വദേശി സജി തോമസ് വിമാനമുണ്ടാക്കിപ്പറത്തിയ സംഭവം സിനിമയാകുമ്പോഴാണ് പ്രശസ്തിയുടെ അവകാശം എന്ന അപൂര്‍വ്വ തര്‍ക്കത്തിന് സിനിമാ ലോകവും കോടതിയും സാക്ഷിയാകുന്നത്. സജിയുടെ ജീവിതത്തെ അധികരിച്ച് രണ്ട് സംവിധായകർ പൃഥ്വിരാജിനേയും വിനീത് ശ്രീനിവാസനേയും നായകരാക്കി രണ്ട് സിനിമകളുമായി ഒരേസമയം മുന്നോട്ടുപോകുന്നു എന്നൊരു അപൂർവ പ്രതിസന്ധിക്കും മലയാളസിനിമ സാക്ഷിയാകുന്നു. അതേസമയം സിനിമകളിലൊന്നിന്‍റെ തിരക്കഥ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എറണാകുളം മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.

സന്തോഷ് എച്ചിക്കാനം തിരക്കഥയെഴുതി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി, പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിമാനം എന്നീ സിനിമകള്‍ തമ്മിലാണ് തര്‍ക്കം. എബിയുടെ തിരക്കഥ തന്‍റെ ജീവിതമാണ് എന്ന് കാണിച്ചാണ് സജി തോമസ് കോടതിയെ സമീപിച്ചത്. പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിമാനം സജിയുടെ ജീവിതത്തിന്‍റെ സ്വതന്ത്ര്യാഖ്യാനമാണ്. എന്നാല്‍ സിനിമക്കായി സജി അനുമതിപത്രം ഒപ്പിട്ട് നൽകിയിരുന്നു.

ഓട്ടിസം ബാധിച്ച യുവാവ് വിമാനമുണ്ടാക്കി പറത്തുന്നതാണ് 'എബി'യുടെ പ്രമേയമെന്നും എബിയിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം താനാണെന്നും അവകാശപ്പെട്ടാണ് സജി എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചത്. എബിയുടെ ചിത്രീകരണം തടയണമെന്നും തിരക്കഥ കോടതിയിൽ ഹാജരാക്കണമെന്നും ഇത് ഒരു വിദഗ്ധസമിതി പരിശോധിച്ച് തീർപ്പാക്കണമെന്നും സജി ആവശ്യപ്പെട്ടു. ഹ‍ർജി സ്വീകരിച്ച കോടതി എബിയുടെ തിരക്കഥ ഈ മാസം 20ന് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടു.

ഇത്തരം സന്ദർഭങ്ങളിൽ സാധാരണ പകർപ്പവകാശം (copy right) അല്ലെങ്കിൽ അപകീർത്തി (defamation) ആണ് വ്യവഹാരവിഷയം ആകാറുള്ളത്. എന്നാൽ തന്‍റെ പ്രശസ്തി മറ്റൊരാൾ വാണിജ്യാവശ്യത്തിന് ദുരുപയോഗിക്കുന്നു എന്നാരോപിച്ചാണ് സജി കോടതിയെ സമീപിച്ചത്. പ്രശസ്തിയുടെ അവകാശം എന്തെന്ന് ഇന്ത്യൻ ഭരണഘടന കൃത്യമായി നിർവചിക്കുന്നില്ല. ഭരണഘടനയുടെ 21ആം അനുച്ഛേദത്തിലെ ജീവിക്കാനുള്ള അവകാശം (right to live) വിവിധ കോടതികൾ അന്തസ്സോടെ ജീവിക്കാനുളള അവകാശമായും, ജീവിതത്തിൻമേലുള്ള സ്വയം നിർണ്ണയാവകാശമായും ഒക്കെ വ്യാഖ്യാനിച്ചിട്ടുണ്ട്. വ്യക്തിത്വനിയമങ്ങൾ (personality rights) എന്നറിയപ്പെടുന്ന ഇവയിലെ പ്രശസ്തിയുടെ അവകാശത്തിന്‍റെ ലംഘനമാണ് തന്‍റെ കാര്യത്തിലുണ്ടായതെന്ന് സജി ഹർജിയിൽ പറയുന്നു. കഴിഞ്ഞവർഷം മേം ഹും രജനീകാന്ത് എന്ന പേരിൽ പുറത്തിറങ്ങാനിരുന്ന സിനിമക്കെതിരെ തന്‍റെ പ്രശസ്തിയിൽ തനിക്കുള്ള അവകാശം ലംഘിക്കുന്നു എന്നാരോപിച്ചാണ് സൂപ്പർതാരം രജനീകാന്ത് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി രജനീകാന്തിന് അനുകൂലമായി വിധിന്യായം പുറപ്പെടുവിച്ചിരുന്നു.

എബി എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്‍റെ ജീവിതം സിനിമയാക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംവിധായകൻ ശ്രീകാന്ത് മുരളിയും തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനവും തന്നെ സമീപിച്ചിരുന്നുവെന്ന് സജി പറയുന്നു. എന്നാൽ അതിനകം സജി തന്‍റെ ജീവിതം സിനിമയാക്കാനുളള അവകാശം പ്രദീപ് എം നായർക്ക് നൽകിയിരുന്നു. ഇതിന് ശേഷവും തന്‍റെ ജീവിതം സിനിമയാക്കുന്നുവെന്ന് ശ്രീകാന്ത് മുരളി പല മാധ്യമങ്ങൾക്കും വാർത്ത നൽകിയെന്ന് സജിയുടെ ഹർജിയിൽ പറയുന്നു.

ചുരുക്കത്തിൽ സജിയുടെ ജീവിതം പൃഥ്വിരാജിനേയും വിനീത് ശ്രീനിവാസനേയും നായകൻമാരാക്കി സിനിമയാക്കാൻ രണ്ട് സംവിധായകർ ഒരേ സമയം മുന്നോട്ടുവന്നു. കൊച്ചിയിൽ 'ഡാർവിന്‍റെ പരിണാമം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ചടങ്ങിൽ പൃഥ്വിരാജും സജിയും പ്രദീപ് നായരും ചേർന്ന് വിമാനം എന്നപേരിൽ സജിയുടെ ജീവിതം സിനിമയാകുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന വിമാനം വൻമുതൽമുടക്കുള്ള ബിഗ് ബജറ്റ് ചിത്രമാണ്. സിനിമയിൽ ഉപയോഗിക്കുന്ന രണ്ട് ചെറുവിമാനങ്ങൾ നിർമ്മിച്ചുനൽകുന്നതും സജിയാണ്. ഇതിനായുള്ള ആദ്യഘട്ട തുക പൃത്ഥ്വിരാജ് ചടങ്ങിൽ സജിക്ക് കൈമാറുകയും ചെയ്തു.

ബധിരനും മൂകനും ആയ സജി വിമാനമുണ്ടാക്കുന്നു എന്നുള്ളത് മാറ്റി ഓട്ടിസം ബാധിച്ച എബി വിമാനമുണ്ടാക്കുന്നു എന്നാക്കി ശ്രീകാന്ത് മുരളി തന്നെക്കുറിച്ചുള്ള സിനിമയുമായി മുന്നോട്ടുപോകുന്നു എന്നാണ് സജിയുടെ പരാതി. ഹർജിയിൽ സംവിധായകൻ പ്രദീപ് നായർ രണ്ടാം കക്ഷിയാണ്. അതേസമയം എബിക്ക് സജിയുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് ശ്രീകാന്ത് മുരളിയും തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനവും പറഞ്ഞു. എബിയുടെ ചിത്രീകരണം ഇടുക്കിയിൽ തുടങ്ങാനിരിക്കുകയാണ്. വിമാനത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി. സിനിമയിൽ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിർമ്മാണവും നടന്നുവരുന്നു. ഒക്ടോബറിൽ മംഗലാപുരത്ത് ആദ്യഘട്ട ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ പ്രദീപ് നായർ പറഞ്ഞു.

തർക്കം കോടതിയിലെത്തും മുമ്പ് പ്രദീപ് നായർ നൽകിയ പരാതിയിൽ ഫെഫ്ക ഇരുസംവിധായകരേയും നിർമ്മാതാക്കളേയും ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ചിരുന്നു. ചർച്ചയിൽ സമവായമാകാത്തതിനത്തുടർന്ന് എബി നിർമ്മിക്കാൻ ആദ്യം മുന്നോട്ടുവന്ന ഇറോസ് ഇന്‍റർനാഷണൽ പിൻമാറി. പിന്നീടാണ് കുഞ്ഞിരാമായണം നിർമ്മിച്ച സുബിൻ കെ വർക്കി എബിയുടെ നിർമ്മാണം ഏറ്റെടുത്തത്. തന്‍റെ പ്രശസ്തിയും പേരും ഉപയോഗപ്പെടുത്തി ജീവിതപരിസരങ്ങളിലും കഥാപാത്രസൃഷ്ടിയിലും നേരിയ മാറ്റങ്ങളോടെ സിനിമ നിർമ്മിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടുമെന്നാണ് സജിയുടെ നിലപാട്. വിവാദങ്ങളിൽ താൽപ്പര്യമില്ലെന്നും എബി സജിയല്ലെന്നും ശ്രീകാന്ത് മുരളിയും സന്തോഷ് എച്ചിക്കാനവും ആവർത്തിക്കുകയും ചെയ്യുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇക്കുറി ബോക്സ് ഓഫീസ് മിന്നിക്കുമോ നിവിന്‍? അഡ്വാന്‍സ് ബുക്കിംഗില്‍ പ്രതികരണം എങ്ങനെ? 'സര്‍വ്വം മായ' ഇതുവരെ നേടിയത്
'മകന് കോങ്കണ്ണ് ആണെന്നുള്ള കമന്‍റുകള്‍ വേദനിപ്പിച്ചു'; വിവേക്- വീണ ദമ്പതികള്‍