ദയവ് ചെയ്ത് ഇനിയും പൊട്ടന്‍ കളിക്കരുത്- ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍

By Web DeskFirst Published Jul 5, 2017, 10:59 PM IST
Highlights

തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരമാര്‍ശങ്ങളുടെ പേരില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. മാധ്യമ പ്രവര്‍ത്തകരോട് ഇന്ന് ഇന്നസെന്റ് പറഞ്ഞ മറുപടി തരം താണതും കുറ്റകരവുമാണെന്നും അമ്മയുടെ പ്രസിഡന്റ് എന്നതിലുപരി ചാലക്കുടിയില്‍ നിന്ന് പാലമെന്റിലേക്കുള്ള  ജനപ്രതിനിധികൂടിയാണെന്ന് ഓര്‍ത്താല്‍ കൊള്ളാമെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ശ്രീമാന്‍ ഇന്നസെന്റേ ചേട്ടന്‍..... ഇത്രമാത്രം വിവരദോഷങ്ങളും സ്‌ത്രീ വിരുദ്ധ പ്രസ്താവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാന്‍ നിങ്ങള്‍ക്കിതെന്ത് പറ്റീ... സിനിമാ രംഗത്തേ വൃത്തികേടുകളും അപചയങ്ങളും തുറന്നു പറയാന്‍ തയ്യാറായ പെണ്‍കുട്ടികളെ താങ്കള്‍ ആവര്‍ത്തിച്ച് അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗല്‍ഭരായ നടിമാരില്‍ ഒരാളായ പാര്‍വ്വതി പറഞ്ഞ അഭിപ്രായത്തെപ്പറ്റി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ്. ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കില്‍ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്‌ത്രീ വിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മയുടെ പ്രസിഡന്‍് മാത്രമല്ല ചാലക്കുടിയിലെ പാലമെന്റിലേക്കുള്ള ജനപ്രതിനിധി കൂടിയാണ് എന്നോര്‍ത്താല്‍ കൊള്ളാം. 

അന്തരിച്ച മഹാനായ സാസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട് താങ്കളുടെ ഇന്നസെന്റെന്ന പേരിനെ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല. അത് താങ്കള്‍ അന്വര്‍ത്ഥമാക്കരുത്. ദയവു ചെയ്ത് ഇനിയും പൊട്ടന്‍ കളിക്കരുത്. ഒന്‍പതു വര്‍ഷമായി എനിക്കെതിരെ നടന്ന അപ്രഖ്യാപിത വിലക്കുകളെപ്പറ്റി പലപ്രാവശ്യം ഞാന്‍ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളങ്കനായി പറഞ്ഞ ഇന്നസെന്റ് ചേട്ടനെ ഞാനിപ്പോള്‍ ഓാര്‍ത്തുപോകുന്നു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഫൈന്‍ അടിക്കുന്നതു വരെ താങ്കള്‍ക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എന്റെ മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായ ഭാഷയില്‍ പറഞ്ഞെന്നേയുള്ളു. ഇതിന് ഇനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നെ വിരട്ടരുത്. അമ്മയെപ്പറ്റി അക്ഷരം മിണ്ടിയാല്‍ വീണ്ടും വിലക്കുമെന്ന് മൂകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറല്‍ ബോഡിയില്‍ പറഞ്ഞത്. ഇന്നസെന്റു ചേട്ടനെ കൂടുതല്‍ എഴുതി ഞാന്‍ വിഷമിപ്പിക്കുന്നില്ല. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാന്‍ കഴിയില്ല എന്നു താങ്കള്‍ ഓര്‍ക്കണം

click me!