ബാലഭാസ്കര്‍: വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം മുതല്‍ വിരലുകളില്‍ ഇന്ദ്രജാലം തീര്‍ത്ത മാന്ത്രികന്‍ വരെ

Published : Oct 02, 2018, 06:27 AM ISTUpdated : Oct 02, 2018, 10:16 AM IST
ബാലഭാസ്കര്‍: വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം മുതല്‍ വിരലുകളില്‍ ഇന്ദ്രജാലം തീര്‍ത്ത മാന്ത്രികന്‍ വരെ

Synopsis

വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ പിന്നെ ആസ്വാദകർ എല്ലാം മറക്കും.

തിരുവനന്തപുരം: വയലിനിൽ മായാജാലം തീര്‍ ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ പിന്നെ ആസ്വാദകർ എല്ലാം മറക്കും.

വിരലുകൾ കൊണ്ടുള്ള ഇന്ദ്രജാലം. അതിലലിഞ്ഞ് മറ്റൊരു ലോകത്തെത്തുന്ന സദസ്. പ്രിയപ്പെട്ടവരുടെ സ്വന്തം ബാലുവിന് വയലിൻ കളിപ്പാട്ടം പോലെ ആണ്. മൂന്നാം വയസിൽ കയ്യിൽ കിട്ടിയതാണ്. പിന്നീട് ഊണും ഉറക്കവുമെല്ലാം അതിനൊപ്പമായിരുന്നു.

തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ സികെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്കറിന് വഴികാട്ടിയായത് അമ്മാവൻ ബി ശശികുമാറായിരുന്നു. പന്ത്രണ്ടാം വയസ്സിൽ ആദ്യകച്ചേരി.പിന്നീട് കലാമേളകളിൽ മിന്നുംതാരമായ കൗമാരക്കാരനെ തേടി മംഗല്യപ്പല്ലക്ക് എന്ന സിനിമയിൽ പാട്ടുകളൊരുക്കാൻ ക്ഷണം എത്തുമ്പോൾ വയസ് വെറും 17. 

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ. ഈസ്റ്റ് കോസ്റ്റുമായി കൈകോർത്ത് ഹിറ്റ് റൊമാൻറിക് ആൽബങ്ങൾ. വെള്ളിത്തിരയിൽ നല്ല തുടക്കം കിട്ടിയെങ്കിലും സിനിമയുടെ ഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്കറിൻറെ യാത്ര. 

വയലിനിലെ അനന്തസാധ്യതകളെ കുറിച്ചായിരുന്നു എന്നും ചിന്ത. കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന് ബാൻഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിർത്തിയായിരുന്നു പരീക്ഷണം.

ഗാനഗന്ധർവ്വൻ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങിയ പ്രമുഖർക്കൊപ്പം കലാവിരുന്ന്. ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ. ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് അപ്രതീക്ഷിത ദുരന്തം. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾ തേജസ്വിക്ക് പിന്നാലെ ബാലുവും മടങ്ങുകയാണ്. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി