വിശ്വരൂപം 2: നിരാശപ്പെടുത്താത്ത ത്രില്ലര്‍

By Nirmal SudhakaranFirst Published Aug 10, 2018, 8:25 PM IST
Highlights

ആദ്യഭാഗത്തിന്‍റെ യഥാതഥ തുടര്‍ച്ച തന്നെ രണ്ടാംഭാഗവും. അഫ്‍ഗാനിസ്ഥാനിലേക്കും പിന്നീട് യുഎസിലേക്കും നീളുന്ന, വിസാം അഹമ്മദ് കശ്‍മീരിയുടെ മിഷനുകളായിരുന്നു ആദ്യ ഭാഗത്തിലെങ്കില്‍ രണ്ടാംഭാഗത്തില്‍ മിഷന്‍ യുകെയിലേക്കാണ്. 

റിലീസിന് മുന്‍പ് വിശ്വരൂപം 2 നേടിയെടുത്ത പ്രേക്ഷകശ്രദ്ധയ്ക്ക് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. തമിഴ്‍നാട്ടിലെ മുസ്‍ലിം സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പുള്‍പ്പെടെ, റിലീസ് സമയത്ത് വാര്‍ത്തകളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട, എന്നാല്‍ മികച്ച അഭിപ്രായം നേടിയ ഒരു സിനിമയുടെ സീക്വല്‍ എന്നതായിരുന്നു അതില്‍ പ്രധാനം. തന്‍റെ സിനിമാജീവിതം അവസാനഘട്ടത്തിലെന്ന് പ്രഖ്യാപിച്ച കമല്‍ഹാസന്‍, മക്കള്‍ നീതി മയ്യമെന്ന തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും. തമിഴില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ 22 കട്ടുകളും ഹിന്ദി പതിപ്പിന് 14 കട്ടുകളുമായെത്തുന്ന വിശ്വരൂപം 2 സ്ക്രീനില്‍ തെളിയുന്നതിന് മുന്‍പ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്ന കമലാണ് പ്രത്യക്ഷപ്പെടുക. 2013ല്‍ വിശ്വരൂപം പ്രതിഷേധം നേരിട്ട സമയത്ത് വീടിന്‍റെ ടെറസില്‍ നിന്ന് ആരാധകരോട് അദ്ദേഹം നടത്തിയ വികാരപരമായ പ്രസംഗവും പിന്നീട് മക്കള്‍ നീതി മയ്യത്തിന്‍റെ അഞ്ച് മിനിറ്റോളം നീളുന്ന കമല്‍ ഉള്‍പ്പെടുന്ന യഥാര്‍ഥ ഫൂട്ടേജുകളുമാണ് സിനിമയ്ക്ക് മുന്‍പ്. കാണുന്നത് സിനിമ തന്നെയോ എന്ന് കാണി അമ്പരപ്പിലാവുമ്പോഴേ വിശ്വരൂപം 2ന്‍റെ ടൈറ്റില്‍ ആരംഭിക്കൂ.

പ്രധാന കഥാപാത്രങ്ങളെല്ലാം ആദ്യ ഭാഗത്തിലേത് തന്നെ. കമലിന്‍റെ വിസാം അഹമ്മദ് കശ്മീരിക്കൊപ്പം പൂജ കുമാറിന്‍റെ നിരുപമയും ആന്‍ഡ്രിയ ജെറമിയയുടെ അസ്‍മിതയും രാഹുല്‍ ബോസിന്‍റെ ഒമര്‍ ഖുറേഷിയുമൊക്കെ എത്തുന്ന, ആദ്യഭാഗത്തിന്‍റെ യഥാതഥ തുടര്‍ച്ച തന്നെ രണ്ടാംഭാഗവും. അഫ്‍ഗാനിസ്ഥാനിലേക്കും പിന്നീട് യുഎസിലേക്കും നീളുന്ന, വിസാം അഹമ്മദ് കശ്‍മീരിയുടെ മിഷനുകളായിരുന്നു ആദ്യ ഭാഗത്തിലെങ്കില്‍ രണ്ടാംഭാഗത്തില്‍ മിഷന്‍ യുകെയിലേക്കാണ്. ആദ്യഭാഗത്തിന്‍റെ വിട്ടുപോയ കണ്ണികള്‍ പൂരിപ്പിച്ചെടുക്കാനുള്ള ശ്രമം പോലെയുള്ള രണ്ടാംഭാഗം ലീനിയര്‍ നരേറ്റീവില്‍ അല്ല. മിഷനുകളില്‍ ഒപ്പമുള്ള ഓഫീസര്‍ അസ്‍മിതയ്ക്കും ഭാര്യ നിരുപമയ്ക്കുമൊപ്പം വിമാനയാത്ര നടത്തുന്ന വിസാമിന്‍റെ ഓര്‍മ്മകളില്‍ തുടങ്ങി, രണ്ട് മണിക്കൂര്‍ 21 മിനിറ്റില്‍ മുന്നിലേക്കും പിന്നിലേക്കുമുള്ള നിരവധി കട്ടുകളിലാണ് വിശ്വരൂപം 2 യഥാര്‍ഥ രൂപം പ്രാപിച്ചിരിക്കുന്നത്. ഒരു മികച്ച എഡിറ്റര്‍ ഇല്ലായിരുന്നുവെങ്കില്‍ അമ്പേ തകര്‍ന്നുവീഴാവുന്ന നരേഷനാണ് ചിത്രത്തിന്‍റേത് (മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്). 

ഒരു സ്പൈ-ത്രില്ലര്‍ ചിത്രത്തിന്‍റെ മൂഡ് ആദ്യാവസാനം നിലനിര്‍ത്തുന്നുണ്ട് വിശ്വരൂപം 2. അത് പക്ഷേ നരേഷനില്‍, പ്രേക്ഷകര്‍ക്ക് ഇടവേള നല്‍കാതെയെത്തുന്ന അപ്രതീക്ഷിത സംഭവങ്ങളില്‍ ഊന്നിയല്ല. മറിച്ച് വിസാം അഹമ്മദിന്‍റെയും ഒപ്പമുള്ള മറ്റ് പ്രധാന കഥാപാത്രങ്ങളുടെയും രണ്ടാംവരവിന്‍റെ കാര്യകാരണങ്ങള്‍ പതുക്കെ അവതരിപ്പിച്ചെടുത്ത്, ഒപ്പം നായകന് മുന്നിലെത്തുന്ന പുതിയ വെല്ലുവിളികളും ആക്ഷന്‍ സീക്വന്‍സുകളുമൊക്കെ കാണിക്ക് മുന്നിലെത്തിക്കുകയാണ് ചിത്രം. പേസിംഗ് താരതമ്യേന വേഗം കുറഞ്ഞതെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയെ വിടാതെ കൂടെക്കൂട്ടാനാവുന്നുണ്ട് കമല്‍ഹാസന്. ആദ്യഭാഗത്തിന്‍റെ വിട്ടുപോയ കണ്ണികള്‍ പൂരിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും അത് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയല്ലാതെ, ദൃശ്യങ്ങളിലൂടെയാക്കാന്‍ കമല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക് രുചിക്കുന്ന ദൃശ്യാനുഭവമെങ്കിലും ആദ്യഭാഗം കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ക്ക് സിനിമ ദുര്‍ഗ്രാഹ്യമാവാനും സാധ്യതയുണ്ട്.

ആക്ഷന്‍ സിനിമകളോട് തനിക്കുള്ള പ്രിയം എപ്പോഴും പറയുന്നയാളാണ് കമല്‍ഹാസന്‍. 'സിനിമാറ്റിക് എലമെന്‍റുകള്‍' പരമാവധി ഒഴിവാക്കി, raw ആയ രീതിയിലാണ് വിശ്വരൂപം 2ന്‍റെ ആക്ഷന്‍ സീക്വന്‍സുകളെ സംവിധായകനും നടനും എന്ന നിലയ്ക്ക് കമല്‍ സമീപിച്ചിരിക്കുന്നത്. പലപ്പോഴും സ്റ്റാറ്റിക് ഷോട്ടുകളില്‍ പോലും മുഖ്യകഥാപാത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങളുണ്ട്. ആക്ഷന്‍ സീക്വന്‍സുകളില്‍ മാത്രമല്ല സിനിമയുടെ മൊത്തത്തിലുള്ള ദൃശ്യപരിചരണത്തിലും ഈ rawness അനുഭവപ്പെടുന്നുണ്ട്. സിനിമാറ്റിക് പൂര്‍ണതയ്ക്ക് പകരം റിയല്‍ ലൈഫ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യപരിചരണമാണ് ചിത്രത്തിന്‍റേത്. എന്നാല്‍ വിഎഫ്എക്സ് ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്നു. സനു ജോണ്‍ വര്‍ഗീസും ഷാംദത്ത് സൈനുദ്ദീനും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

വിസാം അഹമ്മദ് കശ്മീരിയാണ് പ്ലോട്ടിന്‍റെ കേന്ദ്രമെങ്കിലും മറ്റ് കഥാപാത്രങ്ങളെയും പരിഗണിക്കുന്ന ചിത്രമാണ് വിശ്വരൂപം 2. പൂജ കുമാറിന്‍റെ നിരുപമയ്ക്കും ആന്‍ഡ്രിയയുടെ അസ്മിതയ്ക്കും ശേഖര്‍ കപൂറിന്‍റെ കേണല്‍ ജഗന്നാഥിനുമൊക്കെ കഥയുടെ മുന്നോട്ടുപോക്കില്‍ പങ്കുണ്ട്. ആദ്യഭാഗം കണ്ടവരൊന്നും മറക്കാത്ത, രാഹുല്‍ ബോസിന്‍റെ ഒമര്‍ ഖുറേഷിയുടെ പാത്രരൂപീകരണം പക്ഷേ നിരാശപ്പെടുത്തുന്നു. കമലിന്‍റെ നായകന് വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി അനുഭവപ്പെടുത്തുംവിധമല്ല ഒമര്‍ പ്രത്യക്ഷപ്പെടുന്നത്. റോ ഏജന്‍റായ വിസാം അഹമ്മദിനെ അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കുകയും മിഷനുകളില്‍ ഒപ്പം പൊരുതുകയും ചെയ്യുന്നത് പലപ്പോഴും യുഎസ് സൈനികാംഗങ്ങളാണ്. ഇസ്‍ലാമിക തീവ്രവാദത്തെ പുറമേയ്ക്ക് മാത്രം സമീപിച്ചുവെന്ന് വായിക്കപ്പെട്ട ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുമ്പോഴും അത് അങ്ങിനെതന്നെ. മനുഷ്യത്വവിരുദ്ധമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിച്ച, മുസ്‍ലിം വിരുദ്ധത സംശയമേതുമില്ലാതെ എപ്പോഴും പറയുന്ന ഒരു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ കാലത്തും ഒരു തമിഴ് സിനിമാനായകന്‍റെ രക്ഷകരാവുന്നവര്‍ യുഎസ് ആര്‍മി തന്നെ, ഹോളിവുഡ് മാതൃകയില്‍. സിനിമ എന്ന നിലയില്‍ ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ടിക്കറ്റെടുക്കാവുന്ന സിനിമയാണ് വിശ്വരൂപം 2.

click me!