
ചുരുങ്ങിയ കാലം കൊണ്ട് മമിത ബൈജുവിനെപ്പോലെ കരിയര്‍ ഗ്രോത്ത് നേടിയ അഭിനേതാക്കള്‍ ഏത് ഭാഷയിലും കുറവായിരിക്കും. പ്രേമലുവിലൂടെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും എത്തിയ മമിതയുടേതായി നിരവധി ശ്രദ്ധേയ തമിഴ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. വിജയ്‍യുടെ അവസാന ചിത്രമായ ജന നായകന്‍ ഉള്‍പ്പെടെ ആ ലിസ്റ്റില്‍ ഉണ്ട്. അതിലൊന്ന് സൂര്യയെ നായകനാക്കി ലക്കി ഭാസ്കര്‍ സംവിധായകന്‍ വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ധിപ്പിക്കുകയാണ്.
സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവായ നാഗ സംശിയാണ് സൂര്യ 46 നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പ്ലോട്ടിനെക്കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയായി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ വംശി ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരു അസാധാരണ പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് അദ്ദേഹം പറയുന്നു. 45 വയസുള്ള ഒരു കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. മമിതയുടെ നായികാ കഥാപാത്രത്തിന്‍റെ പ്രായമാവട്ടെ 20 വയസും. സൂര്യയുടെ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായ ഗജിനിയിലെ അദ്ദേഹത്തിന്‍റെ കഥാപാത്രമായ സഞ്ജയ് രാമസാമിയുടെ ചില പ്രതിധ്വനികള്‍ ഈ ചിത്രത്തിലെ കഥാപാത്രത്തിന് ഉണ്ടായിരിക്കുമെന്നും നാഗ വംശി പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരില്‍ വലിയ രീതിയില്‍ ഹൈപ്പ് ഉയര്‍ത്തുന്ന വെളിപ്പെടുത്തല്‍ ആണിത്. വലിയ പ്രായവ്യത്യാസമുള്ള രണ്ട് പേര്‍ക്കിടയിലെ ബന്ധത്തിന്‍റെ ബലതന്ത്രങ്ങളും സൗന്ദര്യവുമൊക്കെയാവും വെങ്കി അട്ലൂരി ചിത്രത്തിലൂടെ ആവിഷ്കരിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്രയും പ്രായ വ്യത്യാസമുള്ള രണ്ട് പേര്‍ക്കിടയില്‍ പ്രണയം സാധ്യമാണോ എന്നും ചിത്രം അന്വേഷിക്കും.
അതേസമയം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് നേരത്തേ വിറ്റുപോയിരുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തിയറ്റര്‍ റിലീസിന് 35- 40 ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിങ്ങനെ ചിത്രത്തിലെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധായകനും. നവീന്‍ നൂലിയാണ് എഡിറ്റര്‍. 2026 വേനല്‍ക്കാലത്തേക്ക് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രമാണ് ഇത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ