അയണ്‍മാന്‍, ഹള്‍ക്, ക്യാപ്റ്റന്‍ അമേരിക്ക.. ആരാണ് നിങ്ങളുടെ സൂപ്പര്‍ഹീറോ?'ഇന്‍ഫിനിറ്റി വാര്‍' കഥാപാത്രങ്ങളെ പരിചയപ്പെടാം

By Web DeskFirst Published Apr 29, 2018, 4:41 PM IST
Highlights
  • ആരാണ് അവഞ്ചേഴ്‌സ് ? സൂപ്പര്‍ ഹീറോകളെ പരിചയപ്പെടാം

മാർവെൽ കോമിക്സ് പത്തു കൊല്ലമായി പല സിനിമകളിലൂടെ അവതരിപ്പിച്ച സൂപ്പർ ഹീറോകളാണ് അവഞ്ചേഴ്‌സ്. മാര്‍വെല്‍ കോമിക്സ് കഥാപാത്രങ്ങള്‍ തിരശീലയില്‍ എത്തിയപ്പോള്‍ ഓരോ തവണയും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാര്‍വെല്‍ സൂപ്പര്‍ ഹീറോസിനും അവര്‍ ഒന്നിച്ചെത്തുന്ന അവഞ്ചേഴ്‌സിനെയുമെല്ലാം പ്രേക്ഷകര്‍ പെട്ടന്ന് തന്നെയാണ് നെഞ്ചോട് ചേര്‍ത്തത്. സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും അവഞ്ചേഴ്‌സ് താരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ ചിലര്‍ക്കെങ്ങിലും നേരിട്ടിരിക്കും. ശരിക്കും ആരാണ് അവഞ്ചേഴ്‌സ്?

തോര്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ ഓഫ് അമേരിക്ക, അയണ്‍ മാന്‍, നടാഷ റോമാനോഫ്, ലോക്കി, എറിക്ക് സെല്‍വിഗ്, മരിയ ഹില്‍, ഫില്‍ കോള്‍സണ്‍, ക്ലിന്റ് ബാര്‍ട്ടന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസ് ഒന്നിച്ച് വരുന്ന ഹോളിവുഡ് ചിത്രമാണ് അവഞ്ചേഴ്‌സ്. വേറിട്ട് നിന്നിരുന്ന സൂപ്പര്‍ ഹീറോസിനെ ഒന്നിച്ച് ചേര്‍ത്ത് അവന്‍ജേഴ്സ് ഒരുമിച്ചുള്ള ആദ്യ ചിത്രം ഇറങ്ങുന്നത് 2012 ലാണ്.

കഥാപാത്രങ്ങളെക്കുറിച്ച്


ടോണി സ്റ്റാര്‍ക്ക്: ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏറെ താല്‍പര്യമുള്ള സമ്പന്നനാണ് ടോണി സ്റ്റാര്‍ക്ക്. താന്‍ നിര്‍മിച്ച കവചം തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ നെഞ്ചിന് പരിക്കേല്‍ക്കുന്നതോടെ ടോണി പുതിയ ഒരു കവചം നിര്‍മിക്കുന്നു. ആ കവചമുപയോഗിച്ച് സൈന്യത്തേയും പൊതുജനങ്ങളേയും അയണ്‍മാന്‍ എന്ന പേരില്‍ സഹായിക്കുകയാണ് ടോണി സ്റ്റാര്‍ക്ക്. അവഞ്ചേഴ്‌സ് എന്ന പേരില്‍ സൂപ്പര്‍ ഹീറോകളുടെ സംഘം നിര്‍മിക്കുന്നതില്‍ നിര്‍ണായകമാവുന്നത് ടോണി സ്റ്റാര്‍ക്കിന്റെ അയണ്‍മാന്‍ ആണ്. റോബര്‍ട്ട് ടൗണി ജൂനിയറാണ് അയണ്‍മാനെ അവതരിപ്പിക്കുന്നത്.

തോര്‍: വടക്കന്‍ ജര്‍മന്‍ ഐതീഹ്യങ്ങളിലെ ഇടിമിന്നലിന്റെ ദേവനാണ് തോര്‍. മറ്റാര്‍ക്കും ഉയര്‍ത്താന്‍ സാധിക്കാത്ത ചുറ്റികയാണ് തോറിന്റെ ആയുധം. മാനുഷിക മൂല്യങ്ങള്‍ പഠിക്കാനായാണ് ഭൂമിയിലേക്ക് തോര്‍ എത്തുന്നത്. ഐതീഹ്യമനുസരിച്ച് അസ്ഗാര്‍ഡാണ് തോറിന്റെ രാജ്യം. മനുഷ്യരാശിയ്ക്ക് നേരെ വരുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ തോര്‍ സഹായിക്കുന്നു.   ക്രിസ് ഹെംസ്വര്‍ത്ത് എന്ന നടനാണ് തോറിനെ തിരശീലയില്‍ എത്തിക്കുന്നത്. 

ക്യാപ്റ്റന്‍ ഓഫ് അമേരിക്ക: രണ്ടാം ലോക മഹായുദ്ധകാലത്ത് ചില പ്രത്യേക മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമായതിനെ തുടര്‍ന്ന് അമാനുഷികനാവുന്ന കഥാപാത്രമാണ് ക്യാപ്റ്റന്‍ ഓഫ് അമേരിക്ക. തകര്‍ക്കാന്‍ കഴിയാത്ത കവചമുപയോഗിച്ചും അപാരമായ വേഗത കൊണ്ടും എതിരാളികളെ തകര്‍ക്കുന്ന സൈനികനാണ് സ്റ്റീവ് റോജേഴ്സ് എന്ന ക്യാപ്റ്റന്‍ ഓഫ് അമേരിക്ക. ക്രിസ് ഇവാനാണ് ക്യാപ്റ്റന്‍ ഓഫ് അമേരിക്കയെ അവതരിപ്പിക്കുന്നത്.

ഹള്‍ക്ക്: അതിമാനുഷരായ സൈനികരെ നിര്‍മിക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായി ഡിഎന്‍എ പരിഷ്കരിച്ചതിന് ശേഷമാണ് ശാസ്ത്രജ്ഞനായ പിതാവിന്‍റെ മകനായി ഹള്‍ക്ക് ജനിക്കുന്നത്. പ്രകോപിതനായാല്‍ പച്ച നിറത്തിള്ള ഭീകര രൂപിയാവുകയും ചെയ്യുന്ന കഥാപാത്രമാണ് ബ്രൂസ് ബാനര്‍ എന്ന ഹള്‍ക്ക്. നാനോ ടെക്നോളജിയില്‍ ശാസ്ത്രജ്ഞനായ ഹള്‍ക്ക് അമേരിക്കന്‍ സേനയെ സഹായിക്കുന്നു. പ്രകോപിതനായി ഭീമാകാര രൂപം പ്രാപിക്കുന്നതോടെ കണ്ണില്‍ കിട്ടിയതെല്ലാം ഹള്‍ക്ക് തല്ലി തകര്‍ക്കും. സാധാരണ രൂപത്തില്‍ ബ്രൂസ് ബാനര്‍ എന്ന പേരിലാണ് ഹള്‍ക്ക് അറിയപ്പെടുന്നത്. മാര്‍ക്ക് റുഫല്ലോ എന്ന നടനാണ് ഹള്‍ക്കിനെ അവതരിപ്പിക്കുന്നത്.

നടാഷ റോമാനോഫ്: റഷ്യന്‍ ചാരപ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനം നേടുകയും കാലാന്തരത്തില്‍ അമേരിക്കന്‍ ചാരപ്രവര്‍ത്തകയാവുകയും ചെയ്യുന്ന മാര്‍വെലിന്റെ ബ്ലാക് വിഡോ എന്ന കഥാപാത്രമാണ് നടാഷ. നിലവില്‍ ഷീല്‍ഡ് എന്ന ചാരസംഘടനയിലെ അംഗമാണ് നടാഷ റോമാനോഫ്. അമാനുഷിക ശക്തിയില്ലെങ്കിലും അസാധാരാണ പോരാട്ട വൈദഗ്ദ്യമുള്ള കഥാപാത്രമാണ് നടാഷ. അമേരിക്കയ്ക്കും ഭൂമിയ്ക്കും എതിരെ വരുന്ന ആക്രമണങ്ങളില്‍ അവന‍ജേഴ്സിനൊപ്പം മികച്ച പോരാട്ടമാണ് നടാഷ കാഴ്ച വയ്ക്കുന്നത്. സ്കാര്‍ലെറ്റ് ജോണ്‍സനാണ് നടാഷയെ അവതരിപ്പിക്കുന്നത്. 

ക്ലിന്റ് ബാര്‍ട്ടന്‍: ഷീല്‍ഡ് എന്ന ചാരസംഘടനയിലെ മികച്ച അസ്ത്ര വിദഗ്ദനാണ് ക്ലിന്റ് ബാര്‍ട്ടന്‍. വിവിധ രീതിയില്‍ സാങ്കേതിക വിദ്യയുടെ സഹായം ഉള്‍ക്കൊണ്ട് അസ്ത്രങ്ങള്‍ ക്ലിന്റ് പരിഷ്കരിച്ച് കൊണ്ടേയിരിക്കുന്നു. അസാധാരണ മെയ്‍വഴക്കമുള്ള വിദഗ്ദ പോരാളിയാണെങ്കിലും ക്ലിന്റ് അമാനുഷികനല്ല. ജെറമി റെന്നറാണ് ക്ലിന്റ് ബാര്‍ട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ലോക്കി: തോറിന്റെ വഴി തെറ്റിപ്പോയ സഹോദരനാണ് ലോക്കി. ഭൂമിയെയും പ്രപഞ്ചത്തെയും തന്റെ വരുതിയ്ക്ക് വരുത്താന്‍ ലോക്കി ചെയ്യുന്ന ശ്രമങ്ങള്‍ ഏവര്‍ക്കും അപകടം വരുത്തുന്നതാണ്. കാലക്രമേണ തന്റെ തെറ്റുകള്‍ ലോക്കി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് അവന്‍ജേഴ്സിനൊപ്പം കൈകോര്‍ക്കുന്നു. തോമസ് വില്യം ഹിഡില്‍സ്റ്റനാണ് ലോക്കിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

 താനോസ്: വിചാരിക്കുന്ന ഏത് കാര്യവും സാധ്യമാക്കാന്‍ ഇന്‍ഫിനിറ്റി സ്റ്റോണ്‍ സ്വന്തമാക്കാന്‍ നടക്കുന്ന താനോസ് അവന്‍ജേഴ്സിന്റെ എതിരാളിയാണ്. പ്രപഞ്ചത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നത് തന്റെ രാജ്യത്തിന് അപകടമെന്ന് വിശ്വസിക്കുന്ന താനോസ് മനുഷ്യനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ സജീവമാണ്. ജോഷ് ബ്രോലിന്‍ ആണ് താനോസിന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

 

2008 ൽ അയൺ മാനിലൂടെയാണ് സൂപ്പർ ഹീറോ ചിത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത്. ഇൻക്രെഡിബിൾ ഹൾക്ക് ആയിരുന്നു പരമ്പരയിലെ അടുത്ത ചിത്രം. ഇടിമിന്നല്‍ ദേവനായ തോറിന്റെ കഥ ചിത്രമാകുന്നത് 2011ലാണ്.  2012 ലാണ് സൂപ്പര്‍ ഹീറോകളെല്ലാം ഒന്നിക്കുന്ന അവഞ്ചേഴ്‌സിന്റെ ആദ്യ ചിത്രമെത്തുന്നത്. കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചതോടെ അവഞ്ചേഴ്സ് സംഘത്തിലെ അംഗബലവും കൂടി. 2015ല്‍ അവന്‍ജേഴ്സിന്റെ രണ്ടാം ഭാഗമെത്തി. അവഞ്ചേഴ്സിന്റെ മൂന്നാം ഭാഗമായ ഇൻഫിനിറ്റി വാറിൽ ഇരുപതോളം സൂപ്പർ ഹീറോകളാണ് ഒന്നിച്ചിരിക്കുന്നത്. മാര്‍വല്‍ കോമിക്ക് ലോകത്തെ ഏറ്റവും ശക്തനായ വില്ലന്‍ താനോസിനെതിരെയാണ് ഈ സൂപ്പർ ഹീറോകൾ പോരാടുന്നത്. 

click me!