കട്ടപ്പ ബാഹുബലിയെ കൊന്നിട്ടില്ലെ? ട്രെയിലര്‍ നല്‍കുന്ന സൂചന

By Web DeskFirst Published Mar 16, 2017, 6:51 PM IST
Highlights

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ചരിത്രത്തില്‍ തന്നെ തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡ് സൃഷ്ടിച്ച് ബാഹുബലി 2 ട്രെയിലര്‍. വെറും ഏഴുമണിക്കൂറുകൾകൊണ്ട് ബാഹുബലി 2 ട്രെയിലർ കണ്ടത് ഒരുകോടി ആളുകൾ. 14 മണിക്കൂര്‍ പിന്നിടുമ്പോള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞത് 1കോടി 60 ലക്ഷം പേര്‍. ഇത് വര്‍ദ്ധിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറാണ് ഒരുകോടി കടന്നത്. 

ബാഹുബലി മലയാളം ട്രെയിലർ ഇതിനകം 314,188 ആളുകൾ കണ്ടുകഴിഞ്ഞു. ഹിന്ദി, തമിഴ് ട്രെയിലറുകള്‍ കൂട്ടിയാല്‍ എസ്എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 2 കോടി കവിയും. അതിനിടയില്‍ എല്ലാവരും കാത്തിരിക്കുന്ന സസ്പെന്‍സ് എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്നതിന്‍റെ സൂചനകള്‍ ട്രെയിലറിലുണ്ട് എന്നാണ് ചില ചലച്ചിത്ര നിരീക്ഷകരുടെ വാദം.

ട്രെയിലറിലെ ഒരു രംഗത്തില്‍ ബാഹുബലിയുടെ ഡയലോഗ് ആണ് ഇതില്‍ പ്രധാനമായും നിരീക്ഷകര്‍ മുന്നോട്ട് വയ്ക്കുന്നത് "മാമന്‍ എന്‍റെ കൂടെയുള്ളപ്പോള്‍, എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നവന്‍ ജനിക്കുക പോലും ഇല്ലെന്ന് പറയുന്നു" ഇതിന് ഒപ്പം തന്നെ ട്രെയിലറിന്‍റെ അവസാനം ബാഹുബലിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന കട്ടപ്പയുടെ റോളും കാണാം. നിരീക്ഷകരുടെ അഭിപ്രായ പ്രകാരം ബാഹുബലിയെ കട്ടപ്പ കുത്തിയിരിക്കാം എന്നാല്‍ അത് മരണകാരണമല്ലെന്ന് പറയുന്നു. ബാഹുബലിയുടെ സസ്പെന്‍സ് നിലനിര്‍ത്താനുള്ള സംവിധായകന്‍റെ ശ്രമം എന്നാണ് ദ ഫിനാഷ്യല്‍ എക്സ്പ്രസിലെ ലേഖനം ഈ വാദം മുന്നോട്ട് വച്ച് പറയുന്നത്.

എങ്കിലും ട്രെയിലറില്‍ പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ദൃശ്യവിസ്മയം തീർക്കുന്നു. അനുഷ്കയുടെ സാനിധ്യമാണ് മറ്റൊരു പ്രത്യേകത.

നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്. 

click me!