
പോയ വര്‍ഷം മമ്മൂട്ടിയുടേതായി പറഞ്ഞുകേട്ട പ്രധാന പ്രോജക്ടുകളില്‍ ഒന്നായിരുന്നു 'മാമാങ്കം'. പതിനേഴാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന, വലിയ മുതല്‍മുടക്ക് പ്രതീക്ഷിക്കപ്പെട്ട സിനിമയുടെ ചില ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലും എറണാകുളത്തുമൊക്കെ ചിത്രീകരണം നടന്നിരുന്നു. എന്നാല്‍ അവസാനത്തെ എറണാകുളം ഷെഡ്യൂളിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ കാവ്യ ഫിലിംസ്. പുതുവത്സരാശംസകള്‍ക്കൊപ്പമാണ് 'മാമാങ്കം' നീണ്ടുപോകാനുണ്ടായ സാഹചര്യവും വിശദീകരിച്ചിരിക്കുന്നത്.
മാമാങ്കം എന്തുകൊണ്ട് വൈകുന്നു? വിശദീകരണം
ഏവര്‍ക്കും കാവ്യ ഫിലിംസിന്റെ പുതുവത്സരാശംസകള്‍. ഒരു പിരീഡ് മൂവി അതര്‍ഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയും കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് ഏവര്‍ക്കും അറിയും പോലെ ശ്രമകരമായ ഒരു ദൗത്യമാണ്. വന്‍ തയ്യാറെടുപ്പുകള്‍ നടത്തി, 300 വര്‍ഷം മുന്‍പുള്ള ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചുകൊണ്ട് മാമാങ്കം പോലുള്ള ഒരു ചരിത്ര സംഭവം പ്രതിപാദിക്കുന്ന വലിയ പ്രോജക്റ്റുമായി മുന്നോട്ടു പോകുമ്പോള്‍ സ്വഭാവികമായും അഭിമുഖീകരിക്കേണ്ടതായുള്ള പ്രശ്‌നങ്ങളും, തരണം ചെയ്യേണ്ടതായുള്ള ദുര്‍ഘടവഴികളും അനവധിയാണ്.
മികച്ചതിനു വേണ്ടിയുള്ള ഏത് യാത്രയിലും പ്രശ്‌നങ്ങള്‍ സ്വഭാവികമാണ്. ഇവയെല്ലാം തരണം ചെയ്ത് പരിഹരിച്ചു തന്നെയാണ് നമ്മുടെ യാത്ര. അത്തരം കാര്യങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ഇതുപോലൊരു വലിയ ഉദ്യമം ഏറ്റെടുത്തതും അതിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ യത്‌നിക്കുന്നതും. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെന്ന മഹാനടന്‍ മാമാങ്കത്തിലെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നതിന് വേണ്ടി മാറ്റി വച്ച വലിയ സമയവും ആര്‍ജ്ജിച്ച മെയ് വഴക്കവും അതിനായി നടത്തിയ പരിശ്രമങ്ങളും ഈയവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു, അത് ഞങ്ങളെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു കൊണ്ട് ഊര്‍ജ്ജ്വസ്വലരാക്കുന്നു..
ഇനി സമയമില്ല, 2019-ല്‍ തന്നെ റിലീസ് കണക്കാക്കിക്കൊണ്ട് ത്വരിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ഈ മാസം പകുതിയോടെ ഷൂട്ടിംഗ് തുടങ്ങുന്ന ഞങ്ങള്‍ മനസ്സില്‍ കാണുന്നത് നിങ്ങളെയാണ്, നിങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന മാമാങ്കക്കാലം.. ഏറ്റവും മികച്ചത് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന നിങ്ങളുടെ മുഖങ്ങളില്‍ ആവേശം നിറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും. ചിത്രത്തിന്റെ പ്രമോഷന്‍ വൈകുന്നുവെന്ന നിങ്ങളുടെ പരിഭവം കണക്കിലെടുക്കാഞ്ഞിട്ടല്ല, നമുക്ക് മുന്നില്‍ ഇനിയുമുണ്ട് ഷെഡ്യൂളുകള്‍.. എങ്കിലും എല്ലാവിധ പ്രമോഷന്‍ വര്‍ക്കുകളും ഉടന്‍ തന്നെ തുടങ്ങുകയാണ്.
മലയാളം വേദിയാകാന്‍ പോകുന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ്, കുടിപ്പകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനാണ്. വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കം.. പെറ്റമ്മയേക്കാള്‍ ജന്മ നാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കം.. മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായി വരികയാണ് നമ്മുടെ സ്വന്തം മാമാങ്കം...
മണ്‍മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്നതിനായുള്ള അവസാനവട്ട മിനുക്കുപണികള്‍ക്കിടയില്‍ നിന്നുകൊണ്ട്, ആവേശത്തോടെ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, സിനിമാസ്‌നേഹികള്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും മാമാങ്കം ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ