കേരളത്തിൽ പത്മാവതി റിലീസ് ചെയ്താൽ തിയറ്റർ ഉണ്ടാകില്ല: കർണി സേന തലവൻ

By Web DeskFirst Published Nov 20, 2017, 7:48 AM IST
Highlights

തൃശൂർ: സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതി റിലീസ് ചെയ്താൽ കേരളത്തിലും പ്രതിഷേധം നടത്തുമെന്ന് കർണി സേന തലവൻ സുഗ്ദേവ് സിംഗ് ഗോഗമേഡിയുടെ മുന്നറിയിപ്പ്. രജപുത് റാണി പത്മാവതിയെ അപമാനിക്കാൻ അനുവദിക്കില്ലെന്നും റിലീസ് ചെയ്താൽ തിയറ്ററുകൾ കത്തിക്കുമെന്നും സിനിമയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുന്ന കർണി സേന തലവൻ  പറഞ്ഞു. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

സിനിമയിലെ ഡാൻസിൽ വസ്ത്രം മോശമായാണ് കാണിക്കുന്നത്. പത്മാവതിയുടെ അഭിമാനത്തിന് കോട്ടം വരുത്താൻ സമ്മതിക്കില്ലെന്നും കർണി സേന തലവൻ പറയുന്നു. രജപുത്ര റാണി പത്മാവതിക്ക് സുൽത്താൻ അലാവുദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്ന കഥ സിനിമയിൽ പരാമർശിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ചിത്രം റിലീസ് ചെയ്താൽ കേരളത്തിലും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കർണി സേനാ ദേശീയ പ്രസിഡന്‍റ് സുഖ്ദേവ് സിങ് ഗോഗമേഡി പറഞ്ഞു.

പത്മാവതിയായി ചിത്രത്തിലെത്തുന്ന ദീപിക പദുക്കോൺ മോശം രീതിയിലുള്ള വസ്ത്രം ധരിച്ച് രജപുത്ര റാണിമാരെ അപമാനിക്കുകയാണെന്നും സുഖ്ദേവ് സിങ് ആരോപിച്ചു. രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രം ഏതു വിധേനയും തടയുമെന്നും അദ്ദേഹം തൃശൂരിൽ വ്യക്തമാക്കി. എന്നാൽ റിലീസ് തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. നായിക ദീപിക പദുക്കോണിനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും സിനിമയുടെ പേരിൽ വധ ഭീഷണി നേരിട്ടിരുന്നു.

click me!