
കൊറോണ വൈറസ് എങ്ങനെയെല്ലാം പടരുമെന്ന സംശയം ഇനിയും അവസാനിക്കുന്നില്ല. കറന്‍സി നോട്ടുകളിലൂടെ വൈറസ് വ്യാപിക്കുമോയെന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിക്കുന്ന സംശയങ്ങളില്‍ ഏറെയും. നേരത്തെ പല പ്രതലങ്ങളില്‍ വൈറസിന് തങ്ങാന്‍ സാധിക്കുന്ന സമയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ കറന്‍സി നോട്ടുകളിലൂടെയും വൈറസ് വ്യാപനം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. നിലവില്‍ കൊറോണ വൈറസ് കറന്‍സിയിലൂടെ വ്യാപിക്കുമെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ കറന്‍സി നോട്ടുകളിലൂടെ വ്യാപിക്കുമെന്നോ ഇല്ലെന്നോ പറയാൻ നിലവിൽ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. രോഗബാധയുള്ളവരുടെ സ്രവത്തിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധയുള്ളവരുടെ സ്രവം പ്രതലങ്ങളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ വൈറസ് നോട്ടുകളില്‍ കണ്ടേക്കും. ഇടവിട്ട് കൈകള്‍ കഴുകുന്നത് വൈറസിന്‍റെ വ്യാപനം തടയാന്‍ സഹായിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
പലയിടങ്ങളിലും ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുന്നതോടെ നിരവധിപ്പേരാണ് കൊറോണ വൈറസും കറന്‍സി നോട്ടുമായുള്ള ബന്ധത്തിന്‍റെ വസ്തുത തിരക്കി ലോകാരോഗ്യ സംഘടനയെ സമീപിക്കുന്നത്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.