ഇറാനിയൻ റെവല്യൂഷനറി ഗാർഡ് യുഎസ് സൈനികരെ പിടികൂടി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാപകമാണ്. എന്നാൽ ഈ ചിത്രങ്ങൾ വ്യാജവും ഗൂഗിളിന്റെ ജെമിനി എഐ ഉപയോഗിച്ച് നിർമ്മിച്ചവയുമാണെന്ന് വസ്തുതാ പരിശോധനയിൽ വ്യക്തമായി. ചിത്രങ്ങളിലെ എഐ വാട്ടർമാർക്കും മറ്റ് പിഴവുകളും ഇത് സ്ഥിരീകരിക്കുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ സോഷ്യല്‍ മീഡിയ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കമുള്ള പ്രചാരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമേരിക്കന്‍ സൈനികരെ ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടികൂടി എന്ന തരത്തിലുള്ള മൂന്ന് ചിത്രങ്ങളാണ് ഇത്തരത്തിലൊരു തെറ്റായ പ്രചാരണം. ഇതിന്‍റെ വിശദമായ റിപ്പോര്‍ട്ട് വായിക്കാം.

പ്രചാരണം

ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്‍റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ് എന്ന കുറിപ്പോടെയാണ് മൂന്ന് ചിത്രങ്ങള്‍ എക്‌സും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്‌ക്കപ്പെടുന്നത്. ഇംഗ്ലീഷിലും മറ്റനേകം ഭാഷകളിലും കുറിപ്പുകള്‍ സഹിതം ഇത്തരം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വസ്‌തുതാ പരിശോധന

ഈ മൂന്ന് ചിത്രങ്ങളെയും കുറിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി ഫാക്‌ട് ചെക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം സൂക്ഷ്‌മമായി പരിശോധിച്ചപ്പോള്‍, എല്ലാ ഫോട്ടോകളുടെയും വലതുവശത്ത് താഴെയായി ജെമിനി എഐയുടെ വാട്ടര്‍മാര്‍ക്ക് ദൃശ്യമായി. ഗൂഗിളിന്‍റെ എഐ ടൂളാണ് ജെമിനി. മാത്രമല്ല, ഈ ചിത്രങ്ങള്‍ എഐ നിര്‍മ്മിതം തന്നെയെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലും വ്യക്തമായി. ഗൂഗിളിന്‍റെ എഐ ടൂളുകള്‍ ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഫയലുകളില്‍ അദൃശ്യമായിരിക്കുന്ന അടയാളമായ സിന്ത്‌ഐഡിയും ഈ പരിശോധനയില്‍ കണ്ടെത്താനായി. എഐ നിര്‍മ്മിത ചിത്രങ്ങളില്‍ പൊതുവേ കാണാറുള്ള വിരലുകളുടെ അപൂര്‍ണത, മുഖങ്ങളിലെ വൈരുദ്ധ്യം തുടങ്ങിയ പിഴവുകള്‍ ഈ ഫോട്ടോകളിലും കാണാം.

നിഗമനം

യുഎസ് ഡെല്‍റ്റ ഫോഴ്‌സ് സൈനികരെ ഇറാന്‍റെ റെവല്യൂഷനറി ഗാര്‍ഡ് പിടികൂടിയതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മൂന്ന് ചിത്രങ്ങളും വ്യാജവും എഐ നിര്‍മ്മിതവുമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming