
വാഷിംഗ്‌ടണ്‍: കൊവിഡുകാലത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ഒരു നുണപ്രചാരണം കൂടി പൊളിഞ്ഞു. കൊവിഡ് 19 പരിശോധനയില്‍ അമേരിക്ക വലിയ നേട്ടം സ്വന്തമാക്കി എന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം.
ട്രംപിന്‍റെ അവകാശവാദങ്ങള്‍
ഏപ്രില്‍ 30നാണ് ട്രംപ് ഒരു അവകാശവാദം നടത്തിയത്. ലോകത്ത് മറ്റെല്ലാ രാജ്യങ്ങളെക്കാള്‍ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട് അമേരിക്ക. മറ്റ് രാജ്യങ്ങളെയെല്ലാം ചേര്‍ത്താലും അമേരിക്കയുടെ അത്ര ടെസ്റ്റ് വരില്ല. ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.
ട്രംപിന്‍റേത് പെരുംനുണകളെന്ന് കണക്കുകള്‍
ട്രംപിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ ഇതുവരെ ആറ് മില്യണിലധികം കൊവിഡ് 19 പരിശോധനകളാണ് നടത്തിയത്. ജര്‍മനി 2.5 മില്യണിലധികവും ഇറ്റലിയും സ്‌പെയിനും 1.3 മില്യണ്‍ വീതവും തുര്‍ക്കി ഒരു മില്യണില്‍ അധികവും ബ്രിട്ടന്‍ ഏഴ് ലക്ഷത്തിലധികം പേരിലും ടെസ്റ്റ് നടത്തി. ഈ അഞ്ച് രാജ്യങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്താല്‍ അമേരിക്കയുടെ കണക്കിനെ മറികടക്കും. ദക്ഷിണ കൊറിയ, ഫ്രാന്‍സ്, റഷ്യ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളും കൊവിഡ് 19 പരിശോധന തകൃതിയായി നടത്തുന്നുണ്ട്.
അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അമേരിക്കയിലാണ്. 1,212,955 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 69,925 പേര്‍ മരണപ്പെട്ടു. കൊവിഡ് മഹാമാരിയില്‍ ലോകത്താകമാനം 3,646,468 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ആകെ മരണം രണ്ടര ലക്ഷം കടന്നു.
Read more: ഇറ്റലിയിലെ നഴ്സുമാരെന്ന പേരില്‍ പ്രചരിക്കുന്നത് ബാഴ്‍സലോണ വിമാനത്താവളത്തിലെ ചിത്രം
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.