'ആമേനി'ലെ പള്ളി തീര്‍ഥാടന കേന്ദ്രമോ? ചിത്രത്തിന്‍റെ കലാസംവിധായകന് പറയാനുള്ളത്

By Web TeamFirst Published May 27, 2020, 10:29 PM IST
Highlights

ആമേന്‍ സിനിമയ്ക്കുവേണ്ടി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് വര്‍ഷങ്ങള്‍ക്കിപ്പുറവും പൊളിച്ചിട്ടില്ലെന്നും നിലവില്‍ ഇതൊരു തീര്‍ഥാടന കേന്ദ്രമായി തുടരുകയാണെന്നുമാണ് പ്രചാരണം. 

തിരുവനന്തപുരം: 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ചിത്രീകരണാര്‍ഥം കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റ് തകര്‍ക്കപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്‍റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സിനിമാസംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ അക്രമത്തെ സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ചവരും ഉണ്ടായിരുന്നു. അതിനവര്‍ ഉദാഹരിച്ചത് 2013ല്‍ പുറത്തിറങ്ങിയ മറ്റൊരു മലയാളസിനിമയ്ക്കുവേണ്ടി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ ഉളവയ്പ്പ് എന്ന ഗ്രാമത്തില്‍ തയ്യാറാക്കിയ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ്. 

പ്രചാരണം ഇങ്ങനെ

ആമേന്‍ സിനിമയ്ക്കുവേണ്ടി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് വര്‍ഷങ്ങള്‍ക്കിപ്പുറവും പൊളിച്ചിട്ടില്ലെന്നും നിലവില്‍ ഇതൊരു തീര്‍ഥാടന കേന്ദ്രമായി തുടരുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഈ പ്രചാരണത്തിനൊപ്പം അക്കാലത്ത് (2013ല്‍ ആമേന്‍ സിനിമയുടെ റിലീസിന് ശേഷം) ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട, ഈ പള്ളിയെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പലരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാസ്‍തവം എന്ത്?

ആമേന്‍ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി ചേര്‍ത്തല താലൂക്കിലെ ഉളവയ്പ്പ് ഗ്രാമത്തില്‍ നിര്‍മ്മിക്കപ്പെട്ട സെറ്റ് ഇപ്പോഴും പൊളിച്ചിട്ടില്ലെന്നും നിലവില്‍ അതൊരു തീര്‍ഥാടന കേന്ദ്രമാണെന്നുമുള്ള പ്രചരണം വസ്തുതാവിരുദ്ധമാണ്. ചിത്രീകരണത്തിന് ശേഷം ഉടനടി ഈ സെറ്റ് പൊളിക്കപ്പെട്ടിരുന്നില്ലെന്നും പരമാവധി ഒന്‍പത് മാസമാണ് അത് അവിടെ നിലനിന്നിരുന്നതെന്നും ചിത്രത്തിന്‍റെ കലാസംവിധായകനായ എം ബാവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സിനിമ പുറത്തിറങ്ങിയതിനു ശേഷം പള്ളിയുടെ സെറ്റ് കാണാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നുവെന്നും മേല്‍നോട്ടക്കാന്‍ തിരക്കൊഴിവാക്കാനായി ചെറിയ തുക പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

വസ്തുതാ പരിശോധനാ രീതി

ആമേന്‍ സിനിമയ്ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ചും പിന്നീട് സംഭവിച്ചതിനെക്കുറിച്ചും ചിത്രത്തിന്‍റെ കലാസംവിധായകനായ എം ബാവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് ഇപ്രകാരം-

"ഷൂട്ടിംഗ് കഴിഞ്ഞ് കുറച്ചുകാലം ആ സെറ്റ് അവിടെ ഉണ്ടായിരുന്നു. എഡിറ്റിംഗ് ഒക്കെ കഴിഞ്ഞിട്ട് പൊളിക്കാം എന്നാണ് കരുതിയത്. പക്ഷേ അപ്പോഴേക്കും മഴക്കാലമായി. അങ്ങോട്ടേക്ക് പോകാന്‍ പറ്റാതെയായി. പിന്നെ ഒരിക്കല്‍ ഞാനവിടെ പോയപ്പോള്‍ 15-20 രൂപയൊക്കെ വാങ്ങി ആളുകളെ പള്ളിയിലേക്ക് കയറ്റുന്നതു കണ്ടു. അതു സത്യമാണ്. ഒരു തീര്‍ഥാടനസ്ഥലം ഒക്കെപ്പോലെ.  പക്ഷേ അത് അത്തരത്തില്‍ ബോധപൂര്‍വ്വം ചെയ്തതല്ല. ആളുകളുടെ തള്ളിക്കയറ്റം കുറയ്ക്കാന്‍ വേണ്ടിയാണ് ആ സ്ഥലത്തിന്‍റെ മേല്‍നോട്ടക്കാര്‍ പൈസ വാങ്ങിയത്. അപ്പോഴേത്ത് സിനിമ റിലീസ് ആയിരുന്നു. ആ സ്ഥലം ജനത്തിന് പരിചിതമായി. അക്കാലത്ത് കോട്ടയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ വരുമായിരുന്നു. ഞാനും പോയിരുന്നു ഇത് കാണാന്‍ വേണ്ടി. അപ്പോഴേക്ക് ആറ് മാസം കഴിഞ്ഞിരുന്നു. അത് പൊളിയാനും തുടങ്ങി. സ്ഥലമുടമ അപ്പോള്‍ എന്നോട് ചോദിച്ചു, ഇത് പൊളിക്കുന്നില്ലേ എന്ന്. നിര്‍മ്മാതാവിനോട് ചോദിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. നിര്‍മ്മാതാവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പൊളിക്കാന്‍ വേണ്ടിവരുന്ന ചിലവിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. നമ്മള്‍ പൊളിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നാട്ടുകാര്‍ പൊളിച്ചോളുമെന്നും ഞാന്‍ പറഞ്ഞു. സ്ഥലമുടമയെ വിളിച്ച് ഞാന്‍ ഇക്കാര്യം പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് ഈ സ്ഥലത്ത് ഞാന്‍ വീണ്ടും പോയി. അപ്പോള്‍ അവിടെ ഒന്നുമുണ്ടായിരുന്നില്ല. 

 

ഒരു തുരുത്തിനോട് ചേര്‍ന്നായിരുന്നു ആ സെറ്റ് ഇട്ടത്. ചെമ്മീന്‍ കെട്ടിലേക്കും പുഴയിലേക്കുമൊക്കെ ഒരു പ്ലാറ്റ്ഫോം ഒക്കെ പണിഞ്ഞാണ് സെറ്റ് പൂര്‍ത്തിയാക്കിയത്. വെള്ളത്തിന്‍റെ മുകളിലെ പ്ലൈവുഡ് ഒന്നും അങ്ങനെ ദീര്‍ഘകാലം നില്‍ക്കില്ല. പരമാവധി ഒന്‍പത് മാസമാണ് അത് അവിടെ നിലനിന്നത്. അവിടെയുള്ളവര്‍ അതിനെ കാത്തുസൂക്ഷിച്ചു എന്നതാണ് വേറൊരു സത്യം. നാട്ടുകാര്‍ വലിയ സഹകരണമായിരുന്നു. അതുകൊണ്ടാണ് അത് അത്രയും നാള്‍ നിലനിന്നത്."

നിഗമനം

ആമേന്‍ സിനിമയ്ക്കു വേണ്ടി 2013ല്‍ സൃഷ്ടിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളി ഇപ്പോഴും അതേസ്ഥലത്ത് പൊളിക്കാതെ ഉണ്ടെന്നും നിലവില്‍ അതൊരു തീര്‍ഥാടന കേന്ദ്രമാണെന്നുമുള്ള പ്രചരണം വ്യാജമാണ്. കഴിഞ്ഞ ദിവസം കാലടി മണപ്പുറത്തെ 'മിന്നല്‍ മുരളി' സെറ്റിനുനേരെ ഉണ്ടായ അക്രമത്തെ ന്യായീകരിക്കുമ്പോള്‍ തങ്ങളുടെ ഭാഗത്തിന് പിന്‍ബലമേകാന്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കെട്ടിച്ചമച്ചതാണ് ഈ വാസ്തവവിരുദ്ധമായ കാര്യം. 


 

click me!