ട്രക്ക് റോഡില്‍ മറിഞ്ഞുകിടക്കുന്നതും അതിലെ പണം വാരാന്‍ ആളുകള്‍ മത്സരിക്കുന്നതുമാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. വീഡിയോ യാഥാര്‍ഥ്യം ഫാക്‌ട് ചെക്കിലൂടെ അറിയാം.
ലഖ്‌നൗ: പണം നിറച്ച ഒരു ട്രക്ക് മറിഞ്ഞതും അതിലെ പണം മുഴുവന്‍ ആളുകള്‍ കൈക്കലാക്കുന്നതുമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലാണ് ഈ സംഭവം എന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അവകാശവാദം. മറിഞ്ഞ ട്രക്കിലെ പണം വാരിക്കൂട്ടാന്‍ ഏകദേശം 500 പേരെങ്കിലും എത്തിയതായും പ്രചാരണമുണ്ട്. എന്താണ് ഈ വീഡിയോയുടെ വസ്‌തുത എന്ന് വിശദമായി പരിശോധിക്കാം.
പ്രചാരണം
നിറയെ പണവുമായെത്തിയ ഒരു ട്രക്ക്. ആ ട്രക്ക് റോഡില്‍ മറിഞ്ഞുകിടക്കുന്നതും അതിലെ പണം വാരാന്‍ ആളുകള്‍ മത്സരിക്കുന്നതുമാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. 'ഉത്തര്‍പ്രദേശിലെ ഒരു ഹൈവേയില്‍ ട്രക്ക് മറിഞ്ഞതോടെ നോട്ടുകള്‍ പാറിപ്പറന്നു. പണം കൈക്കലാക്കാന്‍ അഞ്ഞൂറോളം പേര്‍ അവിടെ തടിച്ചുകൂടി'- എന്നുമുള്ള തലക്കെട്ടിലാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുതാ പരിശോധന
യുപിയില്‍ എവിടെയെങ്കിലും നടന്ന ട്രക്ക് അപകടത്തില്‍ ഇത്തരമൊരു സംഭവമുണ്ടായോ എന്ന് കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും ആധികാരികമായ വാര്‍ത്തകളൊന്നും ലഭ്യമായില്ല. ആളുകളുടെ കൈകള്‍ക്കും മുഖത്തിനും ചില അസ്വാഭാവികതകള്‍ വീഡിയോയില്‍ കാണാം. ഇതോടെ വീഡിയോ എഐ നിര്‍മ്മിതമാണോ എന്ന സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍, വീഡിയോയുടെ യഥാര്‍ഥ രൂപം arshad_arsh_edits എന്നൊരു വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കണ്ടെത്താനായി. ഇത് എഐ നിര്‍മ്മിത വീഡിയോയാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 മില്യണിലധികം പേരാണ് ഇന്‍സ്റ്റയില്‍ ഈ വീഡിയോ ഇതുവരെ കണ്ടത്.

നിഗമനം
മറിഞ്ഞ ട്രക്കില്‍ നിന്നുള്ള പണം കൈക്കലാക്കാന്‍ ആളുകള്‍ തടിച്ചുകൂടിയതായുള്ള വീഡിയോ യഥാര്‍ഥമല്ല, എഐ ജനറേറ്റഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.



