കടലില്‍ ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് മൂന്ന് പേര്‍ ഐഫോണുകള്‍ വള്ളത്തില്‍ ശേഖരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലാണ് ഈ വീഡിയോ. 

കടലില്‍ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടുന്നയാളുകള്‍. ഇങ്ങനെയൊരു വീഡിയോ എക്‌സും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. പുത്തന്‍ ഐഫോണുകളുടേത് എന്ന് തോന്നിക്കുന്ന കവറുകളുടെ കൂട്ടമാണ് കണ്ടെയ്‌നറിന്‍റെ വിടവിലൂടെ രണ്ട് പേര്‍ ശേഖരിക്കുന്നത്. വീഡിയോയില്‍ മൂന്നാമതൊരാളെ കൂടി കാണാം. എന്താണ് ഈ വീഡിയോയുടെ വസ്‌തുത? 

പ്രചാരണം

കടലില്‍ ഒഴുകിനടക്കുന്ന ഒരു കണ്ടെയ്‌നര്‍. അതിന് സമീപത്തായി വള്ളത്തില്‍ മൂന്ന് പേര്‍. കണ്ടെയ്‌നറില്‍ വീണ ഒരു തുളയിലൂടെ ഐഫോണുകള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിരവധി ഐഫോണുകളാണ് ഇത്തരത്തില്‍ ഇവര്‍ സ്വന്തമാക്കുന്നത്. ലഭിച്ച നിരവധി ഐഫോണുകള്‍ വള്ളത്തില്‍ കാണാം. ശേഖരിക്കാനുള്ള ശ്രമത്തിനിടെ ചില ഫോണുകള്‍ വെള്ളത്തില്‍ വീഴുന്നുമുണ്ട്. വീഡിയോയിലെ മൂന്നാമത്തെയാളുടെ മുഖം വ്യക്തമല്ല. ഇത്രയുമാണ് വീഡിയോയിലുള്ളത്.

വസ്‌തുതാ പരിശോധന

വീഡിയോയില്‍ കാണുന്നത് പോലെ, ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് നിരവധി ഐഫോണുകള്‍ ആര്‍ക്കെങ്കിലും ലഭിച്ച ഒരു സംഭവമമുണ്ടോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും ആധികാരികമായ വാര്‍ത്തകളൊന്നും ലഭ്യമായില്ല. വീഡിയോ സൂക്‌മമായി നിരീക്ഷിച്ചപ്പോള്‍ ഏറെ പാകപ്പിഴകള്‍ കണ്ടെത്താനായി. വീഡിയോയില്‍ കാണുന്ന ഐഫോണ്‍ ബോക്സുകള്‍ പലതിന്‍റെയും വലിപ്പം വ്യത്യസ്തമാണ്, ചിലവയില്‍ ആപ്പിള്‍ ലോഗോ മാത്രമേയുള്ളൂ, ഫോണിന്‍റെ ചിത്രമില്ല. ചില ബോക്‌സുകളില്‍ ഏത് ഐഫോണ്‍ മോഡലാണെന്ന ചിത്രവും കാണാം. വീഡിയോയിലെ ആളുകളുടെ ചലനവും അസ്വാഭാവികമാണ്. വീഡിയോയിലെ മൂന്നാമന്‍റെ മുഖവും വ്യക്തമല്ല. ഇതെല്ലാം സാധാരണയായി എഐ നിര്‍മ്മിത വീഡിയോകളില്‍ പൊതുവില്‍ കാണാറുള്ള പാകപ്പിഴകളാണ്. ഇതിനാല്‍, ദൃശ്യങ്ങള്‍ എഐ സൃഷ്‌ടിയാണോ എന്നറിയാന്‍ എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു.

ഈ വീഡിയോ എഐ നിര്‍മ്മിതമാണ് എന്നാണ് എഐ വീഡിയോ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെളിഞ്ഞത്. മാത്രമല്ല, വീഡിയോയുടെ ഒറിജനല്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടെത്താനുമായി. 112 മില്യണ്‍ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. ഈ ഇന്‍സ്റ്റ അക്കൗണ്ടിലെ വീഡിയോകള്‍ എഐ നിര്‍മ്മിതാണ് എന്ന് ബയോയില്‍ ചേര്‍ത്തിരിക്കുന്നതായി കാണാം. ദൃശ്യങ്ങളുടെ വസ്‌തുത ഈ തെളിവുകളില്‍ നിന്ന് വ്യക്തമാണ്.

നിഗമനം

കടലില്‍ ഒഴുകിനടക്കുന്ന ഒരു കണ്ടെയ്‌നറില്‍ നിന്ന് നിരവധി ഐഫോണുകള്‍ ലഭിച്ചതായുള്ള വീഡിയോ പ്രചാരണം സത്യമല്ല. എഐ നിര്‍മ്മിത വീഡിയോയാണ് വൈറലായിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്