ഷെഹ്‍ലയുടെ പാട്ട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ അറിയുക; ഗായികയായ പെണ്‍കുട്ടി പറയുന്നു

By Web TeamFirst Published Nov 23, 2019, 10:36 AM IST
Highlights

വയനാട്ടിലെ മുട്ടിൽ ഡബ്ല്യുഒ സ്കൂളിൽ പ്ലസ്‌വൺ  വിദ്യാർഥിനി ഷെഹ്ന ഷാനവാസാണ് ഈ ഗായിക.  വസ്തുതകൾ പരിശോധിക്കാതെ ഈ വിഡിയോ പങ്കുവയ്ക്കുന്നവരോട് അതിലെ യഥാർഥ പാട്ടുകാരി ഷെഹ്ന ഷാനവാസ് പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

ബത്തേരി: ഷെഹ്‍ല ഷെറിന്റെ പാട്ട് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ കഴിഞ്ഞ ചില ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ബത്തേരിയിലെ സ്കൂളിൽ പാമ്പു കടിയേറ്റു മരിച്ച ഷെഹ്‍ല ഷെറിന്‍റെ പാട്ട് എന്ന പേരിലാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പാട്ടുപാടുന്ന പെണ്‍കുട്ടിയും മരിച്ച ഷെഹ്‍ല ഷെറിനും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം.

വയനാട്ടിലെ മുട്ടിൽ ഡബ്ല്യുഒ സ്കൂളിൽ പ്ലസ്‌വൺ  വിദ്യാർഥിനി ഷെഹ്ന ഷാനവാസാണ് ഈ ഗായിക.  വസ്തുതകൾ പരിശോധിക്കാതെ ഈ വിഡിയോ പങ്കുവയ്ക്കുന്നവരോട് അതിലെ യഥാർഥ പാട്ടുകാരി ഷെഹ്ന ഷാനവാസ് പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 4 വർഷം മുൻപ് ചുണ്ടേൽ ആർസി സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ പാടിയ പാട്ട് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്. 

എന്‍റെയും ബത്തേരിയിൽ ക്ലാസ്മുറിയിൽ പാമ്പ് കടിച്ചു മരിച്ച ഷെഹ്‌ല ഷെറിന്‍റെയും പേരിലെ സാമ്യം കൊണ്ടാവാം, പഴയ വിഡിയോ എടുത്ത് ഇതു ഷെഹ്‌ല ഷെറിനാണ് എന്ന മട്ടിലാണു പ്രചാരണം. ഈ വീഡിയോയില്‍ ഉള്ളത് ഷെഹ്ലയല്ല.  തോന്നിയപോലെ തലക്കെട്ടിട്ട് ഇത്തരം വിഡിയോകൾ പ്രചരിക്കുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്കുണ്ടാകുന്ന മനോവിഷമം എത്രത്തോളമുണ്ടാകുമെന്ന് എല്ലാവരും ആലോചിക്കണ്ടേ എന്നും  ഷെഹ്ന ചോദിക്കുന്നു.

click me!