
അഹമ്മദാബാദ്: കൊവിഡ് 19 മഹാമാരിയെ തുടർന്ന് ലോക്ക് ഡൌണിലാണ് രാജ്യം. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുമ്പോള്‍ ഭൂമിയുടെ അവകാശികള്‍ കൂടിയായ തങ്ങള്‍ക്ക് വീണുകിട്ടിയ അവസരം ആഘോഷിക്കുകയാണോ പക്ഷിമൃഗാദികള്‍. റോഡുകള്‍ കയ്യടക്കിയ മാനുകളും നാട് ചുറ്റുന്ന കിളികളുമെല്ലാം ദൃശ്യങ്ങളും ചിത്രങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുകയാണ്.
ഇത്തരത്തിലുള്ള ദൃശ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഒരു പക്ഷിക്കൂട്ടവും ഇടംപിടിച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ നദിക്കരയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നൂറുകണക്കിന് പക്ഷികള്‍ കൂട്ടമായെത്തി വാനില്‍ സംഗീതനൃത്തം തീർക്കുകയാണ് ദൃശ്യത്തില്‍. അടുക്കുംചിട്ടയോടെ പ്രത്യേക ആകൃതിയിലുള്ള ഇവരുടെ സംഘനൃത്തം ഏവരുടെയും മനംകവർന്നു.
'കൊറോണക്കാലത്ത് മനുഷ്യസാന്നിധ്യമില്ലാത്ത സമാധാനാന്തരീക്ഷത്തില്‍ പരിസ്ഥിതി എങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന് കാണുക'. ഇത്തരം തലക്കെട്ടുകളോടെയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. എന്നാല്‍, ഒട്ടേറെപ്പേർ ആഘോഷിക്കുന്ന ഈ വീഡിയോയില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?.
ലോക്ക് ഡൌണിന് മുന്‍പും പക്ഷികളുടെ കൂട്ടപ്പറക്കല്‍ നാം പലയിടത്തും കണ്ടിട്ടുണ്ട്. അതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പല മാധ്യമങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂംലൈവ് ആരാഞ്ഞപ്പോള്‍ ഇതൊരു സാധാരണ സംഭവമാണ് ഇവിടെ, എല്ലാ വർഷവും നടക്കാറുണ്ട് എന്നായിരുന്നു ഗാന്ധിനഗറിലെ വനംവകുപ്പ് അധികൃതരുടെ പ്രതികരണം.
മാത്രമല്ല, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ട് എന്നും തെളിഞ്ഞു. അതായത്, രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള ദൃശ്യമാണ് ഇപ്പോഴത്തേത് എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്. മാർച്ച് 23നാണ് രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഫെബ്രുവരി 13ന് പക്ഷിക്കൂട്ടത്തിന്‍റെ ഇതേ ദൃശ്യം യൂടൂബില്‍ പങ്കുവെച്ചിരുന്നു.
Read more: ബേക്കറി ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുമോ? വസ്തുത ഇതാണ്
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായല്ല ഇത്തരം വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത്. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ഊട്ടി- കോയമ്പത്തൂര്‍ പാത മാനുകള്‍ കയ്യടക്കിയെന്ന് ചിത്രങ്ങള്‍ സഹിതം നിരവധി പേർ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണവും വസ്തുതാ വിരുദ്ധമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.
Read more: ഊട്ടി കോയമ്പത്തൂര്‍ പാത മാനുകള്‍ കയ്യേറിയോ? പ്രചാരണത്തിലെ സത്യം ഇതാണ്
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക