കൊവിഡ് 19നെ തുരത്താന്‍ ഇസ്രയേല്‍ വാക്‌സിന്‍ കണ്ടെത്തിയോ; നടക്കുന്ന പ്രചാരണങ്ങള്‍ കള്ളം

By Web TeamFirst Published Mar 10, 2020, 1:11 PM IST
Highlights

ഇസ്രയേലി ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത് എന്ന് ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നു

പാരിസ്: കൊവിഡ് 19(കൊറോണ വൈറസ്) ലോകത്ത് വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കൊവിഡ് 19നെ തുരത്താന്‍ മരുന്നോ വാക്‌സിനോ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യരംഗം. എന്നാല്‍ ഇതിനിടെ കൊവിഡിനെ നേരിടാനുള്ള വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞു എന്ന പ്രചാരണങ്ങള്‍ തകൃതിയാണ്. ഇതിന് പിന്നിലെ വസ്‌തുത പരിശോധിക്കാം. 

കൊവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. ഫേസ്‌ബുക്കിലാണ് ഏറിയ പ്രചാരണങ്ങളും പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയും ശ്രീലങ്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഈ പ്രചാരണം സജീവമായി നടക്കുന്നുണ്ട്. വിശ്വാസ്യത കൂട്ടാന്‍ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന മരുന്ന് കുപ്പിയില്‍ കൊറോണ വാക്‌സിന്‍ എന്നെഴുതിയിട്ടുണ്ട്. ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന സിംഹള ഭാഷയിലുള്ള കുറിപ്പിലാണ് ഇത് കണ്ടെത്തിയത് ഇസ്രയേലാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 

എന്നാല്‍ ഇസ്രായേലിലെ മിഗാല്‍(MIGAL) ഗവേഷക കേന്ദ്രം ഫെബ്രുവരിയില്‍ തന്നെ ഈ വാദം തള്ളിയിരുന്നു. കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. എട്ട് മുതല്‍ 10 ആഴ്‌ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് മാര്‍ച്ച് 27ന് മിഗാല്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ(WHO) വെബ്‌സൈറ്റും വ്യക്തമാക്കിയിട്ടുണ്ട്. 

വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് വിഭാഗമാണ് കൊവിഡ് 19 വാക്‌സിന്‍ സംബന്ധിച്ച വസ്‌തുതാ പഠനം നടത്തിയത്. കൊവിഡ് 19ന് മരുന്ന് കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരം ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. 

click me!