
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അമ്പലത്തിന് സമീപം മുസ്ലീംകള്‍ മാംസം വിതറിയെന്ന് വ്യാജ പ്രചാരണം. 31 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെയായിരുന്നു പ്രചാരണങ്ങള്‍. നവ്‌നീദ് ഗൗതം എന്നയാള്‍ ഷെയര്‍ ചെയ്‌ത ഒരു വീഡിയോ ഉദാഹരണം. ഈ വീഡിയോ 36,000ത്തിലേറെ പേര്‍ കാണുകയും 2,700 റീ-ട്വീറ്റുകളുമുണ്ടായി. ഇതേ അവകാശവാദത്തോടെ ഫേസ്‌ബുക്കിലും നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിരുന്നു.
ഇത്തരമൊരു സംഭവം നടന്നതായി മാധ്യമ വാര്‍ത്തകളൊന്നും ലഭ്യമല്ല. എന്നാല്‍, 'അമ്പലത്തിന് സമീപം ഇറച്ചിക്കഷണങ്ങള്‍ കണ്ടെത്തിയതില്‍ ജനം രോഷാകുലര്‍' എന്ന തലക്കെട്ടില്‍ ദൈനിക് ജാകരണ്‍ ഫെബ്രുവരി 14ന് ഒരു വാര്‍ത്ത നല്‍കിയിരുന്നു.
പ്രചാരണങ്ങളുടെ വസ്തുത ദ് ക്വിന്‍റ് ആണ് പുറത്തുകൊണ്ടുവന്നത്. നിലത്ത് ചിതറിക്കിടക്കുന്നത് ഇറച്ചിക്കഷണങ്ങള്‍ അല്ലെന്നും കോഴി വേസ്റ്റാണ് എന്നും ഹത്രാസ് പൊലീസ് കണ്ടെത്തിയതായാണ് വാര്‍ത്ത. കടയുടമ ചവറ്റുവീപ്പയിലേക്ക് എറിഞ്ഞതാണ് ഇത് എന്നും വാര്‍ത്തയില്‍ പറയുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് കാട്ടി ഹത്രാസ് പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചവറ്റുവീപ്പയില്‍ നിന്നു തെരുവുനായ്‌ക്കള്‍ കോഴി വേസ്റ്റ് വലിച്ചുപുറത്തിടുകയായിരുന്നു എന്ന് ട്വീറ്റില്‍ പറയുന്നു.
സമീപത്തുള്ള മാലിന്യക്കുമ്പാരം വൈറല്‍ വിഡിയോയില്‍ വ്യക്തമാണ്. കോഴി വേസ്റ്റാണ് നിലത്തുകിടക്കുന്നത് എന്ന് സൂം ചെയ്യുമ്പോള്‍ വ്യക്തമാകുന്നുമുണ്ട്. ഇതുപോലും ശ്രദ്ധിക്കാതെയാണ് തെറ്റായ അവകാശവാദങ്ങളോടെയുള്ള വീഡിയോ പലരും പ്രചരിപ്പിച്ചത്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.