മാസ്ക് ധരിക്കേണ്ട രീതി രോഗിക്കും അല്ലാത്തവര്‍ക്കും വ്യത്യസ്തമാണോ? വസ്തുത ഇതാണ്

By Web TeamFirst Published Feb 4, 2020, 12:28 PM IST
Highlights

മാസ്ക് ധരിക്കാന്‍ അങ്ങനെ വ്യത്യസ്ത രീതികളുണ്ടോ? മാസ്ക് ധരിക്കേണ്ട ശരിയായ രീതി സന്ദേശങ്ങളില്‍ പറയുന്നത് പോലെയാണോ? 

അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, രോഗാണുക്കള്‍ ശരീരത്തില്‍ കടക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം തുടങ്ങി നൂറുകണക്കിന് സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലും ഗ്രൂപ്പുകളിലും പ്രചരിക്കുക. എന്നാല്‍ ഇത്തരം സന്ദേശങ്ങളുടെ ശാസ്ത്രീയ വശമെന്താണെന്ന് പോലും ചിന്തിക്കാതെയാവും ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുക. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ ആതുര ശ്രുശൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ടെന്നതാണ് ഖേദകരമായ വസ്തുത. കൊറോണ ജാഗ്രത നിര്‍ദേശം നല്‍കിയപ്പോള്‍ ഇത്തരത്തില്‍ പടര്‍ന്ന ഒരു സന്ദേശമാണ് രോഗികളും അല്ലാത്തവരും സുരക്ഷാ മാസ്ക് ധരിക്കേണ്ട രീതി വ്യക്തമാക്കുന്ന സന്ദേശം. 

മാസ്ക് ധരിക്കാന്‍ അങ്ങനെ വ്യത്യസ്ത രീതികളുണ്ടോ? മാസ്ക് ധരിക്കേണ്ട ശരിയായ രീതി സന്ദേശങ്ങളില്‍ പറയുന്നത് പോലെയാണോ? മാസ്ക് ധരിക്കുന്നവർ രോഗിയാണെങ്കിൽ രോഗാണുക്കൾ പുറത്തേക്ക് പോകാതിരിക്കാൻ നിറമുള്ള വശം പുറത്തും, രോഗി അല്ലെങ്കിൽ രോഗാണുക്കൾ ഉള്ളിലേക്ക് കടക്കാതിരിക്കാൻ മങ്ങിയ വശം പുറത്തും ആയി ധരിക്കണമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്നാണ് ബൂംലൈവ് കണ്ടെത്തിയിരിക്കുന്നത്. 

 

വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുകയെന്നതാണ് പ്രധാനം. മാസ്ക് ധരിക്കാന്‍ രോഗികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു രീതി മാത്രമാണുള്ളത്. നിറമുള്ള വശം പുറത്ത് വരുന്ന രീതിയിലാവണം മാസ്ക് ധരിക്കേണ്ടത്. തിരിച്ചും മറിച്ചുമുള്ള രീതിയില്‍ മാസ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വിദഗ്ധര്‍ ബൂംലൈവിനോട് വ്യക്തമാക്കി. മാസ്കിന്റെ പുറത്തെ ആവരണം ബാഷ്പം കടക്കാത്തതും, അകത്തെ ആവരണം ബാഷ്പത്തെ ആഗിരണം ചെയ്യുവാനും ഉള്ളതാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.  എന്‍ 95 മാസ്കുകള്‍ ആയിരിക്കും മറ്റ് മാസ്കുകളേക്കാള്‍ ഉചിതമെന്നും വിദ്ഗധര്‍ വ്യക്തമാക്കിയതായി ബൂംലൈവ് വിശദമാക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ കൊറോണ വൈറസ് ബാധയും കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 362 പേരാണ് ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിട്ടുള്ളത്. 

click me!