'ആന ചരിഞ്ഞ കേസിലെ പ്രതി'; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ ചിത്രം വ്യാജമായി പ്രചരിക്കുന്നു

By Web TeamFirst Published Jun 5, 2020, 8:17 PM IST
Highlights

'കൈതച്ചക്കയില്‍ പട്ടക്കംവച്ച് ആനയെ കൊന്നയാള്‍' എന്നാണ് മധുവിന്‍റെ ചിത്രം സഹിതമുള്ള പ്രചാരണം.

പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന പടക്കം കടിച്ച് ചരിഞ്ഞ സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയാണുണ്ടാക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് പുറമെ അനവധി നുണ പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഉടലെടുത്തു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് വിധേയനായി കൊല്ലപ്പെട്ട മധുവിന്‍റെ പേരിലും വ്യാജ പ്രചാരണമുണ്ടായി എന്നതാണ് വസ്‌തു. 

പ്രചാരണം ഇങ്ങനെ

 

'കൈതച്ചക്കയില്‍ പട്ടക്കംവച്ച് ആനയെ കൊന്നയാള്‍' എന്നാണ് മധുവിന്‍റെ ചിത്രം സഹിതമുള്ള പ്രചാരണം. കുറ്റത്തിന് പ്രതിക്ക് കഠിന ശിക്ഷ നല്‍കണം എന്നും ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. മധുവിന്‍റെ ചിത്രം ചേര്‍ത്തുള്ള നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 

വസ്‌തുത എന്ത്

 

പാലക്കാട് ദുരൂഹസാഹചര്യത്തില്‍ ആന ചരിഞ്ഞ സംഭവത്തിലെ പ്രതിയല്ല മധു എന്ന് മനസിലാകാന്‍ വലിയ തെളിവുകളുടെ ആവശ്യമില്ല. പ്രചരിക്കുന്ന ചിത്രത്തിലുള്ള മധു അട്ടപ്പാടിയില്‍ 2018ല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായി കൊല്ലപ്പെട്ടിരുന്നു. 

വസ്‌തുതാ പരിശോധനാ രീതി

അട്ടപ്പാടിയില്‍ മധു ദാരുണമായി കൊല്ലപ്പെട്ട സംഭവം നടന്ന ദിവസം മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പിന്തുടരുന്നുണ്ട്. മധു കൊല്ലപ്പെട്ടതായി അന്ന് നല്‍കിയ വാര്‍ത്തയുടെ ലിങ്ക് ചുവടെ.

അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട മര്‍ദനത്തിന് വിധേയനായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടി മര്‍ദിച്ച മധു പൊലീസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. പ്രദേശത്തെ പലചരക്കുകടയില്‍ നിന്ന് മോഷണം നടത്തി എന്നാരോപിച്ചാണ് മധുവിനെ ആക്രമിച്ചത്. 

നിഗമനം

 

ആന ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ആള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ചിത്രത്തിലുള്ള മധു 2018ല്‍ അട്ടപ്പാടിയില്‍ വച്ച് ആള്‍ക്കൂട്ട മര്‍ദനത്തിന് വിധേയനായി കൊല്ലപ്പെട്ടയാളാണ്. ആന ചരിഞ്ഞ കേസില്‍ ഒരാളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വിൽസൺ എന്നയാളെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

കൈതച്ചക്കയില്‍ പടക്കം നല്‍കിയാണ് ആനയെ കൊന്നത് എന്ന പ്രചാരണവും തെറ്റാണ്. പടക്കം നിറച്ച തേങ്ങ കഴിച്ചാണ് ആന ചരിഞ്ഞത് എന്നാണ് പുതിയെ കണ്ടെത്തല്‍. പിടിയിലായ ആള്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ വാര്‍ത്തയുടെ ലിങ്ക് ചുവടെ നല്‍കുന്നു. 

പാലക്കാട്ട് ആന ചരിഞ്ഞ സംഭവം; സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് പിടിയിലായ ആള്‍

ആന ചരിഞ്ഞ സംഭവം; നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല; രണ്ട് മുസ്ലീംകള്‍ അറസ്റ്റിലായെന്ന് ട്വീറ്റുകള്‍

click me!