
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഉത്തര്‍പ്രദേശ് പൊലീസ് തല്ലിച്ചതയ്‌ക്കുന്നു എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഉന്നാവില്‍ നിന്നുള്ള 2019 നവംബറിലെ വീഡിയോയാണ് സിഎഎ പ്രതിഷേധങ്ങളുമായി ബന്ധമുള്ളത് എന്ന വാദത്തോടെ പ്രചരിപ്പിക്കുന്നത്.
ട്വിറ്റര്‍ അക്കൗണ്ടുകളിലെ പ്രചാരണിങ്ങനെ
'ഹിന്ദുത്വ പൊലീസിന്‍റെ യഥാര്‍ത്ഥ മുഖം കാണുക. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്‌ക്കുന്നു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ഒരാള്‍ ബോധംകെട്ടു. ബോധരഹിതനായിട്ടും പ്രതിഷേധക്കാരനെ മര്‍ദിക്കുന്നത് തുടരുകയാണ് പൊലീസ്'- എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. നിരവധി പേര്‍ ഇത് ട്വീറ്റ് ചെയ്യുകയും റീ-ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്‍ പാസാകും മുന്‍പുള്ള വീഡിയോ!
എന്നാല്‍ ഈ ദൃശ്യം 2019 നവംബറിലേതാണ് എന്നാണ് 'ഫാക്‌ട് ചെക്ക്' വെബ്‌സൈറ്റായ ബൂംലൈവ് കണ്ടെത്തിയിരിക്കുന്നത്. അതായത് പൗരത്വ ഭേദഗതി ബില്‍ പാസാകുന്നതിനും രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുന്നതിനും മുന്‍പുള്ളത്.
കര്‍ഷകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ ഉന്നാവ് പൊലീസ് ഒരു കര്‍ഷകനെ ബോധരഹിതനാകും വരെ മര്‍ദിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ നവംബറില്‍ ഇതേ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയാണ് സിഎഎ പ്രതിഷേധക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കര്‍ഷകന്‍ ബോധരഹിതനായിട്ടില്ല എന്ന് വ്യക്തമാക്കാന്‍ ഉന്നാവ് പൊലീസ് നവംബര്‍ 19ന് മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. മര്‍ദനമേറ്റ കര്‍ഷകന്‍ എഴുന്നേറ്റ് ഓടുന്നത് ഈ വീഡിയോയില്‍ വ്യക്തമാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.