
വത്തിക്കാന്‍: കൊവിഡ് 19 മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇറ്റലി. കൊച്ചുരാജ്യമായ വത്തിക്കാന്‍ സിറ്റിയും കടുത്ത നിയന്ത്രണങ്ങളിലാണ്. ഏകനായി കുർബാന അർപ്പിക്കുന്ന മാർപ്പാപ്പയുടെ ചിത്രം അടുത്തിടെ വലിയ ചർച്ചയായിരുന്നു. മാർപ്പാപ്പ കറുത്ത വർഗക്കാരുടെ കാല്‍പാദങ്ങള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ജോസഫ് ഒർലാണ്ടോ പങ്കുവെച്ച വീഡിയോ
'ആരംഭകാലം മുതൽ കറുത്തവർഗക്കാരോട് ചെയ്ത എല്ലാ ദുഷ്ടതകൾക്കും മാപ്പ് ചോദിച്ച് മാർപ്പാപ്പ അവരുടെ കാലിൽ ചുംബിക്കുന്നു. കൊറോണ വൈറസ് ലോകത്തെയും കറുത്ത ജനതയോടുള്ള മനോഭാവത്തെയും മാറ്റുകയാണ്. ലോകം ഇനി പഴയരീതിയിലാവില്ല എന്ന് നാം മനസിലാക്കിയിരിക്കുന്നു. കറുത്തവർഗക്കാരാണ് ലോകത്തിലെ യഥാർത്ഥ അവകാശികള്‍, ഇപ്പോൾ നാമെല്ലാം ആ സത്യം മനസിലാക്കുന്നു'. ഈ കുറിപ്പോടെയാണ് ജോസഫ് ഒർലാണ്ടോ വീഡിയോ പങ്കുവെച്ചത്.
പ്രചരിക്കുന്ന വീഡിയോയുടെ പഴക്കം ഒരു വർഷം
എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് കൊവിഡുമായി ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ഒരു വർഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2019 ഏപ്രിലില്‍ വത്തിക്കാനില്‍ വച്ച് ദക്ഷിണ സുഡാന്‍ നേതാക്കളോട് പോപ്പ് സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയില്‍. എന്നാല്‍ ഇതറിയാതെ പലരും കൊവിഡുമായി ചേർത്ത് വീഡിയോ ഷെയർ ചെയ്യുകയായിരുന്നു.
Read more: ലോക്ക് ഡൌണ്‍ മെയ് നാല് വരെ നീട്ടിയെന്ന് വ്യാപക പ്രചാരണം; സത്യമറിയാം
പ്രോട്ടോക്കോള്‍ മറികടന്ന് പോപ്പ് ഫ്രാന്‍സിസ് ദക്ഷിണാ സുഡാന്‍ നേതാക്കളുടെ കാല്‍പാദം ചുംബിച്ചതായി സിഎന്‍എന്‍ കഴിഞ്ഞ വർഷം ഏപ്രില്‍ 12ന് റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരുള്‍പ്പെട്ട സംഘത്തിന്‍റെ കാല്‍പാദമാണ് മാർപ്പാപ്പ ചുംബിച്ചത്.. ബിബിസി അടക്കമുള്ള മാധ്യമങ്ങളും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.